Friday, April 17, 2009

കര്‍ണ്ണകാണ്ഡം


മഹാഭാരതചരിതത്തിലെ അനേകം കഥാപാത്രങ്ങളില്‍ ഏറ്റവും നിന്ദിക്കപ്പെട്ടവനും,വെറുക്കപ്പെട്ടവനും,കളിയാക്കപ്പെട്ടവനും,ആയ ഒരു കഥാപാത്രമാണ് കര്‍ണ്ണന്‍ കുന്തീദേവിയുടെ കനിഷ്ഠപുത്രനായി ജനിക്കുകയും,സൂതപുത്രനായി വളര്‍ത്തപ്പെടുകയും ചെയ്തവനാണ് കര്‍ണ്ണന്‍. അവസാനം സ്വന്തം അനുജനാല്‍ യുദ്ധഭൂമിയില്‍ വെച്ച് കര്‍ണ്ണന്‍ കൊല്ലപ്പെടുന്നു. മഹാഭാരതം ഒന്നുകൊണ്ട് മാത്രം കര്‍ണ്ണനെകുറിച്ച് മനസ്സിലാക്കുവാനോ,പഠിക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല.
താഴെ പറയുന്ന നാല് പുസ്തകങ്ങള്‍ വായിച്ച ശേഷം എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.

ഒന്ന്. മഹാഭാരതം - തമ്പുരാന്‍
രണ്ട്. ഭാരതപര്യടനം - മാരാര്‍
മൂന്ന്. രണ്ടാമൂഴം - എം.ടി.
നാല്. ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണന്‍.

മഹാകവി വ്യാസന്‍ മഹാഭാരതം എഴുതുമ്പോള്‍ ഇട്ടിട്ടുപോയ ചില അര്‍ത്ഥഗര്‍ഭങ്ങളായ,ദീര്‍ഘ മൌനങ്ങളുണ്ട്. പിന്നീട് വായിക്കുന്നവര്‍ക്ക് പൂരിപ്പിക്കുവാന്‍ വേണ്ടി. ആ മൌനവ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം. മരണം വന്നു വാതില്‍ക്കല്‍ തട്ടിവിളിച്ച സന്ദര്‍ഭത്തില്‍പോലും,രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ താന്‍ മറഞ്ഞ നിന്നു എന്ന് എം.ടി. രണ്ടാമൂഴത്തിന്റെ അനുബന്ധത്തില്‍ പറയുന്നുണ്ട്. അത്രക്ക് മനോഹരമായ കാവ്യമാണ് രണ്ടാമൂഴം. മഹാഭാരതത്തിലെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ , പെരുവയറനും,ഊശാന്‍താടിക്കാരനുമായ,ഭീമനെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. എന്നാല്‍ എം.ടി.സ്വീകരിച്ചിരിക്കുന്ന് വീക്ഷണകോണ്‍ ഭീമന്റെയാണ്. വികാരങ്ങളും,വിചാരങ്ങളും,ഒരു പക്ഷേ പാണ്ഡവരില്‍ പ്രമുഖനും,മിടുക്കനുമായ രണ്ടാംപാണ്ഡവന്‍. ഈ ഒരു കാഴ്ചപ്പാടില്‍ കര്‍ണ്ണന്റെ ചിത്രം നേരത്തെ പറഞ്ഞ നിന്ദിക്കപ്പെട്ട,അപമാനിക്കപ്പെട്ട,നാണം കെടുത്തപ്പെട്ട,ഒന്നാണ്. ആദ്യം അഭ്യാസപ്രകടനത്തില്‍,പിന്നെ ദ്രൌപദീ സ്വയംവരത്തില്‍,പിന്നീട് ഗന്ധര്‍വനുമായുള്ള യുദ്ധത്തില്‍. എല്ലായിടത്തും കഥാകാരന്‍ ഭീമന്റെ മുന്നില്‍ കൊമ്പുകുത്തുന്ന ഒരു പോരാളിയായാണ് വരച്ചുകാട്ടുന്നത്. സ്വയംവരത്തില്‍ നാണം കെട്ടതിനുള്ള പ്രതികാരമായാണ് ചൂതില്‍ തോറ്റ്,പണയം വെയ്ക്കപ്പെട്ട പാഞ്ചാലിയെ അപമാനിക്കുവാന്‍ കര്‍ണ്ണന്‍ മുന്‍കൈയെടുക്കുന്നത് എന്ന് നമുക്ക് തോന്നാം. എന്നാല്‍ പി.കെ ബാലകൃഷ്ണന്റെ നോവലുമായി താരതമ്യം ചെയ്യുമ്പോള്‍ നാം എത്തിച്ചേരുന്നത് മറ്റൊരു തന്തുവിലാണ്. എല്ലാത്തിലും മുന്നിലായിരുന്ന പാണ്ഡവരുടെ തോല്‍വിയില്‍.തന്റെ ചിരശത്രുവായ അര്‍ജുനന്റെ നിസ്സഹായാവസ്ഥയില്‍ ഉണ്ടായ ഒരു ആനന്ദഹര്‍ഷമാണ് അവിടെ പ്രതിഫലിച്ചത് എന്നാണ് കര്‍ണ്ണന്‍ പറയുന്നത്. മഹാഭാരതത്തിലോ,മറ്റെവിടെയും കാണാത്ത ആ കര്‍ണ്ണ-കൃഷ്ണസംവാദം ശ്രദ്ധിക്കുക.(പതിനൊന്നാം അദ്ധ്യായം,എണ്‍പത്തി ഏഴു മുതലുള്ള പുറങ്ങള്‍. ). ആ ഒരു സംഭവത്തില്‍ ഞാന്‍ ആത്മനിന്ദയുള്ളവനാണ് എന്ന ഏറ്റുപറച്ചില്‍ ദ്രൌപദിയുടെ മനസ്സില്‍ ഒരു തീരാത്ത വേദനയായി മാറുന്നുണ്ട്. തന്റെ നാലു ഭര്‍ത്താക്കന്‍മാരുടെ ജീവന്‍ കര്‍ണ്ണന്റെ ദാനം ആണെന്നുള്ള തോന്നല്‍ അവളുടെ ഉറക്കം കെടുത്തുന്നു. കര്‍ണ്ണനെ ഒരു യോദ്ധാവായി തന്നെ എല്ലാ പുസ്തകങ്ങളിലും പറയുന്നുണ്ട് ,തര്‍ക്കമില്ല. പക്ഷെ,ഭാരതത്തിലെ ഏറ്റവും മഹാനായ പുരുഷന്‍ എന്നു
ചിത്രീകരിക്കുന്നത് ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലാണ്. ഈ നോവലില്‍ യുദ്ധത്തിനു മുന്‍പ് ,യഥാക്രമം,കൃഷ്ണനും,കുന്തിയും യുദ്ധത്തിനിടയില്‍ ഭീഷ്മരും, കര്‍ണ്ണനോട് അവന്‍ ആരാണെന്നുള്ള
സത്യം തുറന്നു പറയുന്നുണ്ട് . എങ്കില്‍ തന്നെയും,സമയം വളരെ വൈകിയെന്നാണ് കര്‍ണ്ണന്‍ അവരോട് പറയുന്നത്. കൃഷ്ണന്‍ ദ്രൌപദിയുടെ ഒന്നാമൂഴം ഉള്‍പ്പടെ ചക്രവര്‍ത്തീപദം തന്നെ നല്കാം എന്നു പറഞ്ഞിട്ടും,തന്നെ വിശ്വസിച്ച സുഹൃത്തിനെ കൈവെടിയാന്‍ കര്‍ണ്ണന്‍ കൂട്ടാക്കുന്നില്ല. മരണത്തിനുശേഷമുള്ള ലോകത്തില്‍ സന്ധിക്കാം എന്ന് കൃഷ്ണനോടും,അര്‍ജ്ജുനനെയൊഴിച്ച് മറ്റാരേയും കൊല്ലില്ല എന്നു പറഞ്ഞ് കുന്തിയേയും അവന്‍ തിരിച്ചയക്കുന്നു. പറഞ്ഞുപോയ വാക്കില്‍,കൊടുത്തുപോയ വാഗ്ദാനത്തില്‍ നിന്നിളകാതെ നില്‍ക്കാന്‍ കഴിഞ്ഞ ഒരൊറ്റ കഥാപാത്രമേ ഭാരതത്തിലുള്ളു,അത് കര്‍ണ്ണനാണ്. അനശ്വരമായ സുഹൃദ്ബന്ധത്തിന്റെ മനോഹരമായ ഒരു വാള്‍പേപ്പര്‍. വയറ്റാലിയെന്നും,വിഡ്ഡിയെന്നും കളിയാക്കിവിളിച്ച് ഭീമനെ യുദ്ധമുഖത്തു നിന്നും ഓടിക്കുന്ന ഒരു രംഗം ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലില്‍ ഉണ്ട്,യുദ്ധം നിനക്കു പറ്റിയതല്ല വീട്ടില്‍ പോകുന്നതും നിനക്കു നല്ലതാണ് എന്നു പറഞ്ഞ്,വില്ലു കൊണ്ട് വയ്യറ്റില്‍ കുത്തുന്ന കര്‍ണ്ണന്‍. ഭീമന്‍ വളരെയധികം ക്രൂദ്ധനായി അര്‍ജ്ജുനനോട് ഈ സംഭവം വിവരിച്ച് അന്നു തന്നെ കര്‍ണ്ണനെ കൊല്ലാന്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടാമൂഴത്തിലേക്ക് വരുമ്പോള്‍ അതേ സന്ദര്‍ഭത്തില്‍ കര്‍ണ്ണന്‍ നിസ്സഹായനായ അവസ്ഥയില്‍,അവനെ കൊല്ലാന്‍ ഭീമന്‍ അമ്പുകുലക്കുമ്പോള്‍ സാരഥി വിശോകന്‍ പറയുന്നുണ്ട് അരുതേ ,കൊല്ലരുതേ ... നിന്റെ ജ്യേഷ്ഠനാണ് കര്‍ണ്ണന്‍. കര്‍ണ്ണ കുന്തീ സംവാദം അറിയാതെ കേട്ടുപോയ വിശോകന്‍ ഭീമനോട് തന്റെ സത്യം വെളിവാക്കുന്നു. അതുകേട്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന ഭീമനെ കര്‍ണ്ണന്‍ കളിയാക്കി ഓടിച്ചു എന്നാണ് പറയുന്നത്. അതായത് കര്‍ണ്ണന്‍ തന്റെ ജ്യേഷ്ഠനാണ് എന്നുള്ള വിവരം ഭീമനുകൂടി അറിയാമായിരുന്നു. മുകളില്‍ പറഞ്ഞവയെല്ലാം ഓരോ കഥാകാരന്‍മാരുടെ ഭാവനയാണ്. അതായത് നേരത്തേ പ്രസ്താവിച്ചതുപോലെ,ഗംഭീരമൌനങ്ങള്‍ ലംഘിച്ചിച്ച മഹാന്‍മാരായ കാഥികര്‍. എന്നാല്‍ മഹാഭാരത യുദ്ധം ഒഴിവാക്കാന്‍ കഴിയാവുന്നതായി ഒരാളേയുണ്ടായിരുന്നുള്ളു. അത് കുന്തിയാണ്. ദുര്യോധനന്‍ കര്‍ണ്ണന്റെ ഒറ്റയൊരാളുടെ ബലത്തിലാണ് പാണ്ഡവരെ വെല്ലുവിളിക്കുന്നത്. എന്നാല്‍ അഭിമാനക്ഷതം മറച്ചുവെച്ച് കുന്തി ആ സത്യം നേരത്തെ ലോകത്തിനു വെളിപ്പെടുത്തിയിരുന്നെങ്കില്‍ മഹാഭാരതം തന്നെ വേറൊന്നായിരുന്നേനെ. യുധിഷ്ഠിരന്‍ പിന്നീട് പറയുന്നുണ്ട് തന്റെ അമ്മയെക്കുറിച്ച്, ആ നശിച്ച സ്ത്രീയാണ് എല്ലാറ്റിനും കാരണം (രണ്ടാമൂഴം). ഒന്നോര്‍ത്താല്‍ കുന്തിയ്ക്ക് ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നു പതിനെട്ട് അക്ഷൌഹിണികള്‍ പങ്കെടുത്ത ആ മഹായുദ്ധം. ഇത് കൃഷ്ണനോട് എല്ലാവരും ചോദിക്കുന്നുണ്ട് (ഇനി ഞാന്‍ ഉറങ്ങട്ടെ). കൃഷ്ണന്റെ മറുപടി.

നാം ഓരോരുത്തരും വിധിയുടെ കൈയ്യിലെ കളിപ്പാവകളാണ്,നീയും ഞാനും,എല്ലാം സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. എല്ലാവരും കാരണങ്ങളേ ആകുന്നുള്ളു നമുക്ക് ആവന്റെ ഇഷ്ടത്തിനനുസരിച്ച് ചലിക്കാനേ പറ്റുകയുള്ളു. സംഭവിച്ചതോര്‍ത്ത് ദുഖിച്ചിട്ട് കാര്യമില്ല,അത് വിധിഹിതമാണ് വിധിയെ തോല്പിക്കാന്‍ ദ്രൌപദി നിനക്കോ എനിക്കോ കഴിയുകയില്ല

2 comments:

Unknown said...

ശിവാജി സാവന്തിന്റെ കര്‍ണ്ണന്‍ ഞാന്‍ ഇപ്പോള്‍ വായിക്കുന്നുണ്ട് .

കര്‍ണ്ണന്‍ എന്ന പേര് തിരഞ്ഞപ്പോള്‍ ആണ് ഇവിടെ എത്തിയത് .

നല്ല ഒരു അവലോകനം .

ഭാരതപര്യടനം ഞാന്‍ ബുക്ക്‌ സ്ടാലുകളില്‍ തിരക്കിയിട്ടു കിട്ടിയില്ല .
ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന ബുക്ക്‌ അന്വേഷിച്ചു നോക്കട്ടെ ..കിട്ടും എന്നാണു പ്രതീക്ഷ

n

Sudeep said...

'ഇനി ഞാന്‍ ഉറങ്ങട്ടെ'യ്ക്ക് ശേഷമല്ലേ രണ്ടാമൂഴം ഉണ്ടായത്? ആ ക്രമത്തില്‍ത്തന്നെ ലിസ്റ്റ് ചെയ്യുന്നതായിരുന്നു നല്ലത്.. രണ്ടാമൂഴത്തിന് എം ടിയ്ക്ക് കിട്ടിയിട്ടുള്ള പ്രശംസകളില്‍ പലതും സത്യത്തില്‍ പി കെ ബാലകൃഷ്ണന് അവകാശപ്പെട്ടതാണ് :-)