Saturday, November 19, 2011

കുന്തിദേവിയുടെ ദീർഘമൗനങ്ങൾ

ആ സ്ത്രീയാണ് ഈ നാശങ്ങൾക്കെല്ലാം കാരണം - യുധിഷ്ഠിരൻ (രണ്ടാമൂഴം).

യുദ്ധാനന്തരം , മൂത്ത സഹോദരനായ കർണ്ണനു ബലിയി‌ടുമ്പോൾ ദുഖം സഹിക്കാനാവാതെ സ്വന്തം അമ്മയെക്കുറിച്ച് യുധിഷ്ഠിരൻ പറഞ്ഞ വാക്കുകളാണിവ. ഇതിൽ നിന്നും നമുക്കിറിയാം , കുന്തിയുടെ ഒരു ദീർഘമൗനത്തിനുണ്ടായ കാലത്തിന്റെ മറുപ‌ടിയാണ് യുധിഷ്ഠിരനിലൂടെ പുറത്തു വന്നത്. പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്ത , ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി ഒരാളെ ഉണ്ടായിരുന്നുള്ളു അത് കുന്തിയാണ് എന്ന് മഹാഭാരതത്തിലെ , കൃഷ്ണദൈ്വപായനൻ പൂരിപ്പിക്കാതെ വിട്ടുപോയ ചില മൗനങ്ങൾ നമ്മോട് പറയുന്നു.
മഹാഭാരതത്തിലെ ചില മൗനങ്ങൾ ആണ് പിന്നീട് പ്രശസ്തമായ ചില കൃതികളായി മാറിയത്. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം , ഭീമന്റെ വീക്ഷണകോണീലൂടെയുള്ള ഒരു നോക്കി കാണലായിരുന്നു അത്. പിന്നീട് വന്ന , ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെയും, ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ എന്ന നോവലുകളും പക്ഷെ കർണ്ണന്റെ വീക്ഷണകോണാണ് ഉപയോഗിച്ചത്. മൃത്യൂഞ്ജയ പക്ഷെ , ഒരു ആത്മകഥാ രൂപത്തിലാണ് എഴുതിവന്നത്. മരണശയ്യയ്യിലായ കർണ്ണൻ തന്റെ ജീവിതം ഓർത്തെടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. മഹാഭാരതവും , മറ്റു പിൻതുടർച്ചാ പഠനങ്ങളും , കൃതികളും മറ്റു വിട്ടു കളഞ്ഞ വൃഷാലി എന്ന കർണ്ണന്റെ പ്രിയസഖിയെക്കൂടി മൃത്യൂഞ്ജയ കഥാപാത്രങ്ങളാക്കുന്നു.
ഇതിൽ രണ്ടാമൂഴത്തിലൊഴികെ പാണ്ഡവരുടെ ജനനത്തെക്കുറിച്ച് ഭാരതം അങ്ങിനെ തന്നെ പകർത്തുകയാണ് മറ്റുള്ളവർ ചെയ്തത്. എന്നാൽ രണ്ടാമൂഴത്തിന്റെ അനുബന്ധത്തിൽ വ്യക്തമായി രേഖപ്പെടുത്തി വെക്കുന്നു , വിദുരരാണ് യുധിഷ്ഠിരന്റെ പിതാവ് എന്ന്. തന്റെ പിതാവ് ആരെന്ന ചോദ്യത്തിന് ശക്തനായ ഒരു മകനുവേണ്ടി കാട്ടിൽ നിന്നു കയറി വന്ന കൊടുങ്കാറ്റുപോലുള്ള ഒരു കാട്ടാളൻ എന്ന് കുന്തിദേവി ഭീമനു മറുപടി നൽകുന്നുണ്ട്. ഒരു വേള യുദ്ധാനന്തരം ഭീമൻ രാജാവകട്ടെ എന്ന തീരുമാനത്തിൽ നിന്നും ഇരുട്ടിവെളുക്കുമ്പോഴേക്കും യുധിഷ്ഠിരൻ തന്നെ ചെങ്കോലേന്തട്ടെ എന്നതിലേക്ക് എത്തിച്ചേരുന്നത് , ആ രാത്രിയിൽ വിദുരരുടെ സമ്മർദ്ദപ്രകാരം കുന്തിദേവി ഭീമനെ കണ്ട് നീ രാജാവാകാൻ യോഗ്യനല്ല എന്നും അത് യുധിഷ്ഠിരൻ തന്നെയാകണം എന്നും മറ്റും പറയുന്നുണ്ട്. കൊട്ടാരത്തിൽ ഒരു വിധേയനെപോല ജീവിച്ച വിദുരർക്ക് ഒടുവിൽ തന്റെ മകനെങ്കിലും രാജാവായി കാണണം എന്ന ആഗ്രത്തോടെ ആയിരുന്നു എന്നും രണ്ടാമൂഴം പറഞ്ഞുവെക്കുന്നു. രണ്ടാമൂഴത്തിലെ ഈ ചില സന്ദർഭങ്ങളൊഴിച്ചാൽ കുന്തീദേവിയോളം മൗനം ഭജിച്ച മറ്റു കഥാപാത്രങ്ങളില്ല തന്നെ.
ദുർവാസാവിൽ നിന്നും ലഭിച്ച ആ മന്ത്രത്താൽ സൂര്യഭഗവാനെ പ്രാർത്ഥിച്ച് കിട്ടിയ മകനാണ് കർണ്ണൻ എന്നാണ് ഭാരതവും , പിന്നീടുവന്ന പിൻതുടർച്ചകളും മലയാളിക്കു പറഞ്ഞുതന്നത്. എന്നാൽ കൃഷ്ണദൈ്വപാനൻ ഇതുപോലൊരു കഥ പറഞ്ഞുവെക്കുമോ എന്നേ സംശയമുള്ളു. വിവാഹശേഷം , ഒരു നായാട്ടിനിടക്ക് കാട്ടിലെ മുനിയിൽ നിന്നും ശാപം കിട്ടിയ പാണ്ഡു പിന്നീടങ്ങോട്ട് സ്ത്രീബന്ധം പാടില്ലാതെ ജീവിതം തുടർന്നു. ഇവിടെയും മക്കളുണ്ടാവാൻ കുന്തിദേവിക്ക് സഹായമായത് പഴയ ദുർവാസാവിന്റെ മന്ത്രം തന്നെയാണ്. മൂന്നു മക്കൾക്ക് ശേഷം ആ മന്ത്രം കുന്തിദേവി , മാദ്രിക്ക് കൈമാറുന്നതോടെ ദേവിക്ക് പിന്നീട് ആ മന്ത്രം ഉപയോഗിക്കാൻ കഴിയാതെ വരുന്നു. നകുലനും , സഹദേവനും പിന്നീട് ജനിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ അപമാനിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് അവരുടെ പിതൃത്വം. ഷണ്ഡൻ പാണ്ഡുവിനെങ്ങിനെ മക്കളുണ്ടായി. ഇത്തരം കുത്തുവാക്കുകളിൽ പെട്ട് പിടയുമ്പോഴും കുന്തിദേവിക്ക് മാനം കാക്കാൻ ഈ മന്ത്രം തുണക്കെത്തിയില്ല.
യുദ്ധത്തിനുമുമ്പ് , കൃഷ്ണനും , കുന്തീദേവി തന്നെയും കർണ്ണനോടു താനാരെന്ന സത്യം സ്വകാര്യമായി പറയുന്നുണ്ട്. യുദ്ധത്തിൽ നിന്നു പിൻമാറാനായി. കൃഷ്ണൻ ദ്രൗപദിയുടെ ആദ്യ ഊഴം തന്നെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നിരിക്കിലും കൊടുത്തുപോയ വാക്കിനുവേണ്ട് കർണ്ണൻ തന്റെ അമ്മയെപോലും നിരാശയാക്കി തിരിച്ചയക്കുന്നു. എന്നാൽ മാനാഭിമാനം മറന്ന് കുന്തി ഈ വാചകങ്ങൾ പാണ്ഡവരോട് പറഞ്ഞിരുന്നെങ്കിലോ ?. രാജ്യവും , സ്വത്തും ഒന്നും വേണ്ടാ എന്നു വെച്ച് തങ്ങളുടെ മൂത്ത സഹോദരനായി കർണ്ണനെ സ്വീകരിച്ചാനയിച്ചേനെ. ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി കുന്തി ദേവി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ സമൂഹത്തിലുള്ള അവരുടെ പേടി അതവരെക്കൊണ്ട് പറയിച്ചില്ല. ആ പേടിയും , പാണ്ഡവരുടെ ജനനത്തെക്കുറിച്ചുള്ള മറ്റൊരു ദീർഘമൗനമായി വായനക്കാർക്കുമുമ്പിൽ അവശേഷിക്കുകയാണ്.
കർണ്ണനും വേണമെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു. കാരണം , ദുര്യോധനൻ കുരുക്ഷേത്ര യുദ്ധത്തിനു പാണ്ഡവരെ വെല്ലുവിളിക്കുന്നത് , ദ്രോണരെയോ , ഭീഷ്മരെയോ കണ്ടല്ല മറിച്ച് കവചകുണ്ഡലങ്ങൾ സ്വന്തമായിരുന്ന , മഹാമേരു ആയ കർണ്ണന്റെ കരുത്തിൽ വിശ്വസിച്ചാണ്. ആ സൗഹൃദത്തെ മുറുക്കെപിടിക്കാൻ , കൊടുത്ത വാക്കുപാലിക്കാൻ രക്തബന്ധങ്ങളെപോലും കർണ്ണൻ പുല്ലുപോലെ വലിച്ചെറിയുന്നു. ചതിയിലൂടെ കവചകുണ്ഡലങ്ങൾ സ്വന്തമാക്കിയ ഇന്ദനോടുപോലും , കർണ്ണനു ദേഷ്യമില്ല. ശ്രീകൃഷ്ണഭഗവാനോടുപോലും അടുത്ത ജന്മത്തിൽ കാണാം എന്നു പറഞ്ഞു യാത്രയാക്കുന്നു. എന്നിരിക്കിലും , ഭർത്താവ് മരിച്ചശേഷം , കുട്ടികളെ വളർത്തിവലുതാക്കി നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിച്ച കുന്തിയുടെ ഒരു മനോഭാവം പ്രകീർത്തിക്കേണ്ടതു തന്നെയാണ്.

Saturday, October 22, 2011

സ്നേഹപൂർവ്വം ഊർമ്മിള ,

എത്ര വസന്തങ്ങൾ പോയ് മറഞ്ഞു ,
എന്റെ ചേലതുമ്പിൽ ഋതുക്കൾ കോറിയിട്ടു പോയതെന്തേ ,
വിഷാദത്തിന്റെയും , വിരഹത്തിന്റെയും നിഴൽ ചിത്രങ്ങളല്ലേ ,
രാമന്റെ അയനത്തിനായി നീയെന്നെ പിരിഞ്ഞു ,
മധുവിധു പോലും തീരും മുമ്പെ എന്നെ തനിച്ചാക്കി ,
എന്റെ കൺകോണിൽ നിന്നടർന്ന നീർതുള്ളികൾ കണ്ടുവോ സഖേ ,
നിന്റെ സാമീപ്യത്തിന്റെ കൊതി തീരും മുമ്പേ ,
വിധി കൊണ്ടുപോയ് എന്നരികിൽ നിന്നും നിന്നെ.
എന്റ യൌവ്വനം , എന്റ പോലും കുറ്റം കൊണ്ടല്ലാതെ
ഞാൻ ത്യജിക്കേണ്ടി വന്നു , മറക്കേണ്ടി വന്നു.
എന്റെ ജനാലക്കരികിലെ , നീർമാതളവും അതിലെ
പ്രാവിൻ പറ്റവും , എന്റെ സങ്കടങ്ങൾക്കറുതിയായില്ല ,
രാത്രിയിൽ പോയ് മറയുന്ന തിങ്കളും,
രാവിനെ മായ്ച്ചു വന്നെത്തുന്ന കതിരോനും ,
നിന്നോട് എന്റെ നൊമ്പരങ്ങൾ ചൊല്ലിയില്ലേ പ്രിയാ..
ബാക്കിവെച്ചില്ല നീ ഒരു നിശ്വാസം പോലും എനിക്കായ് ,
തന്നില്ല നീ നിന്റെ ബീജങ്ങൾ എന്നിലേക്കായ് , ഓമനിക്കാനായി.
ഭ്രാതൃസ്നേഹത്തിൽ നീയും മറന്നു നിന്റെ യൌവ്വനവും ,
നിന്റെ യൌവ്വനത്തിൽ ഒരു നിഴലായി വന്ന ഊർമ്മിയേയും ,
ഇല്ലേ , തനിച്ചാക്കി നീ പോയില്ലേ കാനനത്തിൽ
നിന്റെ നിശ്വാസം പോലെ വന്ന ഈ പാവം പെണ്ണിനെ..

Friday, October 21, 2011

നല്ല യുദ്ധം അഥവാ സുയോധനന്‍

മഹാഭാരതത്തില്‍ ഏറെ പഴി കേട്ട രണ്ട് വ്യക്തികളാണ് ദുര്യോധനനും , കര്‍ണ്ണനും. പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യവും , സ്വത്തും തിരിച്ചു നല്‍കാതെ യുദ്ധത്തിലേക്കു നയിച്ച രണ്ടുപേര്‍ ഇവരാണ്. എന്നാല്‍ മഹാഭാരതത്തില്‍ ദുര്യോധനനെ ഒരു നീചനും , ദുഷ്ഠനുമായല്ലാതെ എവിടെയും നോക്കി കാണുകയുണ്ടായിട്ടില്ല. ശേഷം നടന്ന പഠനങ്ങളിലോ , കാവ്യങ്ങളിലോപോലും ദുര്യോധനന്‍ ദുഷ്ടനായി തന്നെ തുടര്‍ന്നുപോന്നു. ധൃതരാഷ്ട്രര്‍ക്കു ശേഷം , രാജ്യം ഭരിച്ച ദുര്യോധനന്‍ എന്തെങ്കിലും തരത്തിലുള്ള ദ്രോഹം പ്രജകള്‍ക്ക് ചെയ്തതായി എവിടെയും പറയുന്നില്ല. പത്തു പതിനഞ്ച് കൊല്ലം രാജ്യം ഭരിച്ചതില്‍ പ്രജകള്‍ക്ക് യാതൊരു പീഢയും ചെയ്തതായി അറിവില്ല. ആ രാജ്യത്തുനിന്നും അഭയാര്‍ത്ഥിപ്രവാഹം ഉണ്ടായതായി കേട്ടിട്ടില്ല. ഇതു മാത്രമല്ല യുദ്ധമെല്ലാം കഴിഞ്ഞു വനവാസത്തിനു പുറപ്പെട്ട ധൃതരാഷ്ട്രരോട് കൌരവപ്രജകള്‍ പറഞ്ഞത്രെ.
അങ്ങയുടെ പുത്രന്‍ ദുര്യോധനരാജാവും ഞങ്ങളെ നന്നായി ഭരിച്ചു. യാതൊരും ദ്രോഹവും ചെയ്തിട്ടില്ല. അച്ഛന്റെ അടുക്കലെന്നപോലെ അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ സ്വസ്ഥരായി കഴിഞ്ഞുകൂടിയതെങ്ങിനെയെന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ . ഇത് ദുര്യോധനന്റെ ഭരണപാടവം തെളിയിക്കുന്നു.
മാത്രവുമല്ല , ഗുരുജനങ്ങളോടും , മുതിര്‍ന്നവരോടും അത്യധികം ഭയഭക്തി ബഹുമാനങ്ങളോടും കൂടിയ ആളുമായിരുന്നു ദുര്യോധനന്‍. പാണ്ഡവരോട് സന്ധിയാകുക എന്ന ഒരൊറ്റകാര്യത്തിലൊഴികെ ബാക്കി എല്ലാത്തിലും അയാള്‍ മുതിര്‍ന്നവരെ അനുസരിച്ചിട്ടുള്ളതായി നമുക്കു കാണാം. ഈ കാര്യത്തിലാകട്ടെ , തന്റെ അമ്മാവനായ ശകുനിയെപോലുംഅയാള്‍ ധിക്കരിച്ചു. എല്ലാറ്റിലും ഉപരിയായി ദുര്യോധനനുള്ള മാത്യഭക്തിയെ വളരെ മനോഹരമായി തന്നെ വ്യാസമുനി വരച്ചുവെച്ചിട്ടുണ്ട്. യുദ്ധം നടന്ന പതിനെട്ടു ദിവസവും മുടങ്ങാതെ അമ്മയെകണ്ട് അനുഗ്രഹം വാങ്ങിയാണ് ദുര്യോധനന്‍ പടക്കളത്തിലേക്ക് പുറപ്പെട്ടത്. ഈ പതിനെട്ടു ദിവസവും മകന് വിജയമാശംസിക്കുന്നതിനു പകരം ഗാന്ധാരി ധര്‍മ്മമുള്ളിടത്തേ വിജയം ഉണ്ടാകു എന്നു പറഞ്ഞാണ് മകനെ അയച്ചത്. അമ്മ തനിക്കു വിജയം ആശംസിക്കുന്നില്ല എന്നറിഞ്ഞിട്ടും മുടങ്ങാതെ പതിനെട്ടു ദിവസവും ആ കാല്‍ക്കീഴില്‍ ദുര്യോധനന്‍ വണങ്ങി. ഗാന്ധാരിയുടെമഹത്വത്തെയും , ഒട്ടു കുറയാതെ ദുര്യോധനന്റെ മാതാപിതാ ബഹുമാനത്തെയും ഈ ചിത്രം കാണിക്കുന്നു.
അങ്ങേയറ്റം ശത്രുപക്ഷപാതിയെന്നറിയപ്പെട്ടിരുന്ന ഭഗവാന്‍ കൃഷ്ണനോടുപോലും ദുര്യോധനന്‍ ഭക്തിബഹുമാനങ്ങളുണ്ടായിരുന്നു. ദൂതുമായി ചെന്ന കൃഷ്ണനെ ഏതിരേല്‍ക്കുന്ന സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ ഇങ്ങനെ പറയുന്നുണ്ട്.
സഹി പുജ്യമതോ ദേവ: കൃഷ്ണ: കമലാലോചന:
ത്രയാണാമപി ലോകാനാം വിദിഥം മമ സര്‍വഥാ
(കമലേഷണനനായി ആ കൃഷ്ണന്‍ മൂവുലകിലും പൂജ്യനത്രെ , എനിക്കു തികച്ചും അറിയാം , എന്ന് അര്‍ത്ഥം ). ക്ഷത്രിയധര്‍മ്മം ശരിയായി അനുഷ്ഠിക്കുന്നതില്‍ നിന്നും , കൃഷ്ണന്റെ പ്രഭാവം എന്നെ പിന്തിരിപ്പിച്ചില്ല.
എന്ന് പിന്നീട് ദുര്യോധനന്‍ പറയുന്നുണ്ട്. പിന്നീട് പടക്കളത്തില്‍ മരിക്കാന്‍ കിടക്കുമ്പോള്‍.
തന്റെ സഹോദരങ്ങളായ തൊണ്ണുറ്റി ഒമ്പതുപേരോടും , അദ്ദേഹത്തിനു അഗാധമായ സ്നേഹവും കരുതലും ഉണ്ടായിരുന്നു. ദുര്യോധനനെ എതിര്‍ത്തുകൊണ്ടിരുന്ന വികര്‍ണ്ണനോടുപോലും അയാള്‍ എന്തെങ്കിലും ദ്രോഹം ചെയ്തതായി അറിവില്ല. മാത്രവുമില്ല , ഈ തൊണ്ണൂറ്റിഒമ്പതുപേരും ദുര്യോധനനുവേണ്ടി ജീവത്യാഗം ചെയ്തു.ഇതില്‍ നിന്നും ദുര്യോധനനുള്ള സഹോദരസ്നേഹം എന്താണെന്നറിയാം.പാണ്ഡവര്‍ അയാളുടെ നേരെ സഹോദരരല്ല , മാത്രവുമില്ല അങ്ങിനെയിരിക്കെ വന്നുകയറിയതുമാണ്. ദുര്യോധനനു കിട്ടേണ്ട ഐശ്വര്യത്തിന്റെ അപഹര്‍ത്താക്കളെന്ന രീതിയില്‍ അവരെ നോക്കി കണ്ടതില്‍ ക്ഷത്രിയനീതിയല്ലാതെ ഒന്നുമില്ല. അവരെ ശത്രുവായി കണ്ടതിനെ അക്കാലത്തു നിലനിന്നിരുന്ന ദണ്ഡനീതിയുമായി ന്യായീകരിക്കാവുന്നതുമാണ്.
അവസാനം ഭീമനാല്‍ ചതിപ്രയോഗത്തില്‍ കാല്‍ചതച്ചുവീണ ദുര്യോധനന്റെ ശരീരത്തില്‍ ദേവകള്‍ നടത്തിയ പുഷ്പവൃഷ്ടിയും അദ്ദേഹത്തിന്റെ പ്രഭാവം പാണ്ഡവരേക്കാള്‍ മേലെയാണെന്ന് കാണിക്കുന്നു. ഇതുകണ്ട് മനസ്സുകെട്ട പാണ്ഡവരോട് ഭഗവാന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.
" ഗദയേന്തി തളര്‍ച്ചയേശാതെ നില്‍ക്കുന്ന ഈ ദുര്യോധനന്‍ ദണ്ഡപാണിയായ കാലനുപോലും ധര്‍മ്മവഴിക്കു കൊല്ലാവുന്നവനല്ല. ഈ വിജയം നിങ്ങളുടേതല്ല , ഇവരെയൊന്നും നിങ്ങള്‍ക്കു നേര്‍വഴിക്കു ജയിക്കാവുന്നവരല്ല , പിന്നെയോ നിങ്ങളുടെ ജയം ആണ് വിധിഹിതം എന്നതുകൊണ്ട് ഞാനാണ് ഇവരെയെല്ലാം നിങ്ങള്‍ക്കുവേണ്ടി കൊന്നത്. "

ഇതില്‍ നിന്നും , മഹാഭാരതത്തില്‍ ശത്രുതയുടെ പര്യായമായി കാണിച്ചുകൊണ്ടിരുന്ന , പഴികേട്ടിരുന്നദുര്യോധനന്‍ അത്രക്കൊന്നും മോശപ്പെട്ട ആളായിരുന്നില്ല എന്നു കാണാം. മാത്രവുമല്ല. വ്യക്തിപ്രഭാവത്തില്‍ മറ്റാരേക്കാളും മുന്നില്‍ നില്‍ക്കുന്നവനും. അയാളെക്കാള്‍ പ്രകാശമുള്ളവനായി ഒരാള്‍ മഹാഭാരതത്തിലുണ്ടെങ്കില്‍ അത് അയാളുടെ സുഹൃത്തായിരുന്ന കര്‍ണ്ണനാണ്.

കടപ്പാട് ഭാരതപര്യടനം

Tuesday, October 11, 2011

ആകാശകൊള്ളക്കാർ.

കടൽകൊള്ളക്കാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് , കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ തട്ടിയെടുത്ത് വിലപേശുന്നവർ. എന്നാൽ ഒരു പുതിയതരം കൊള്ളക്കാരാണ് ആകാശകൊള്ളക്കാർ. അതു സർക്കാർ സംവിധാനത്തിൽ കൊള്ളചെയ്യുന്നവർ. ഇവരെ എയർ ഇന്ത്യ എന്നു വിളിക്കാം. മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന മലയാളി , വേനൽമഴ പോലെ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരുവാനായി ടിക്കറ്റെടുക്കാൻ ചെല്ലുമ്പോഴാണ് കൊല്ലുന്ന ചിരിയുമായി ഈ കൊള്ളക്കാർ അവതരിക്കുന്നത്. ഇന്ത്യയുടെ ദേശീയ വിമാനഗതാഗത കമ്പനി ആണ് എയർ ഇന്ത്യ. തരാതരം പോലെ ആളുകളെ പിഴിയുന്ന ഒരു പുതിയ തരം തെമ്മാടികൾ. സൌദി അറേബ്യയിൽ നിന്നും ഈ ഹജ്ജ് കാലത്ത് കൊച്ചിയിലേക്കുള്ള രണ്ട് വിമാനകമ്പനികളുടെ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമായത് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒന്നാമത്തേത് എയർ ഇന്ത്യയുടേയും , രണ്ടാമത്തേത്ശ്രീലങ്കൻ എയർവേയ്സിന്റെയും.



രണ്ടും തമ്മിലുള്ള വ്യത്യാസം കാണുക. ഏതാണ്ട് 1100 റിയാലിന്റെ വ്യത്യാസം ( ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏതാണ്ട് 14000). രണ്ട് വിമാനവും പുറപ്പെടുന്നത് ഒരു സ്ഥലത്തു നിന്നും , എത്തിച്ചേരുന്നത് ഒരേ സ്ഥലത്തും. എയർ ലങ്ക , കൊളംബോ വഴി പോകുന്നു. കൊളംബോയിൽ വെച്ച് വിമാനം മാറികയറണം. ഈ ഒരു വ്യത്യാസം ഒഴിച്ചാൽ എയർഇന്ത്യ ഈടാക്കുന്നത് ഏതാണ്ട് 14000 ഇന്ത്യൻ രൂപ. ഈ ഒരു കൊള്ളത്തരത്തിന് എന്തെങ്കിലും മറുപടി ഉണ്ടോ ? എന്നിട്ടും ഈ തെമ്മാടികൾ പറയുന്നു , ഇത് വർഷാ വർഷം നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്ന്. കൈയ്യിട്ട് വാരി മുടിപ്പിക്കുന്ന കള്ളൻമാർ.

പീക്ക് സമയത്തുപോലും ഏതാണ്ട് 1500 സൌദി റിയാലിന് റിയാദ് - കൊച്ചി സെക്ടറിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന , സൌദിയുടെ ഒരു ബജറ്റ് എയർലൈൻ ഉണ്ടായിരുന്നു , ഫ്ലൈനാസ് എന്ന പേരിൽ. എയർ ഇന്ത്യ 2600 SAR സർവീസ് നടത്തുമ്പോൾ ഇവർ 1500 SAR അപ്പുറം ടിക്കറ്റ് വില പോകാറില്ലായിരുന്നു. യാത്രക്കാരെ അമ്പരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയ് മുതൽ ആ സർവീസ് നിർത്തലാക്കി. കാരണം , എന്താണെന്ന് ഊഹിക്കാമല്ലോ ? ഫ്ലൈനാസ് ഇപ്പോൾ റിയാദ്-കോഴിക്കോട് സെക്ടറിൽ മാത്രമേ പറക്കുന്നുള്ളു. ഹജ്ജ് സീസണിൽ എയർ ഇന്ത്യയുടേയും ഫ്ലൈനാസിന്റേയും ടിക്കറ്റ് നിരക്ക് നോക്കു.




ഏതാണ്ട് 700 റിയാലിന്റെ കുറവ് , ഫ്ലൈനാസിൽ. സാധാരണക്കാരായ പ്രവാസികളെ സർക്കാർ എങ്ങിനെ ദ്രോഹിക്കുന്നു എന്ന് ഇത് കണ്ടാൽ മനസ്സിലാകും. കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളുടെ പണം എന്ന് വാതോരാതെ പ്രസംഗിക്കുന്ന മന്ത്രിമാർ , പ്രവാസി മന്ത്രി തന്നെ മലയാളിയാണ്. എന്നിട്ടും ഈ ഞെക്കി പിഴിയലിനെതിരെ ആരും കണ്ണയക്കുന്നില്ലല്ലോ. ഓ പ്രവാസികളല്ലെ , അവൻമാർക്ക് നാട്ടിൽ വരണമെങ്കിൽ വിമാനം വേണമല്ലോ , എന്ന ചിന്താ ഗതിയായിരിക്കും ഈ കൊള്ളത്തലവൻമാർക്ക്. മാധ്യമങ്ങൾ ഇതിനെതിരെ ഒന്നു രണ്ടു ദിവസം വാർത്ത കാണിക്കും , പിന്നീട് റേറ്റിംഗ് കുറവായ വിഷയം ആയതിനാൽ അവരും പ്ലേഡൌൺ ചെയ്യും. അവസാനം നെടുവീർപ്പിടുന്നത് ഗൾഫ് മലയാളികളും. മലയാളികൾക്ക് നാട്ടിൽ പോകാതിരിക്കാനാവില്ല. കമ്പനിയുടെ നഷ്ടം നികത്താൻ , യാത്രക്കാരെ പിഴിയണോ ? വെള്ളാനകളെ കൊന്നാൽ മതിയില്ലേ. അല്ലെങ്കിൽ ഒരു ബജറ്റ് എയർലൈൻ എങ്കിലും ഈ പീക്ക് സമയത്ത് ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണം. ഇത് ഒരു സാധാരണ ഗൾഫ് മലയാളിയുടെ അപേക്ഷ ആണ് , ലക്ഷകണക്കിനു പ്രവാസികളെ പ്രതിനിധീകരിക്കുന്നവൻ.

Saturday, October 8, 2011

സഫലമീയാത്ര - കണ്ണീരിലെഴുതിയ ഒരു വിരഹഗാഥ

പ്രണയം ശരത്കാലമാണെങ്കിൽ , വിരഹം ഒരു കൊടും വേനലാണ്. ഇത് ആരെങ്കിലും എനിക്കു മുമ്പേ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പ്രണയം ഒരു നറും നിലാവ് പോലെ അനുഭവിച്ചറിയാത്തവർ ഉണ്ടാവില്ല , ഉലകിലൊരിടത്തും. പ്രണയത്തിലൂടെ ജീവിതത്തിനു ഒരു അർത്ഥം കൈ വരുമ്പോഴാണ് , ഞാനും നീയും രണ്ടല്ല ഒന്നാണെന്ന തിരിച്ചറിവുണ്ടാവുമ്പോൾ മാത്രമാണ് പ്രണയം അതിന്റെ ഔന്നത്യത്തിൽ എത്തിച്ചേരുന്നത്. ഇങ്ങനെയുള്ള ഒരു ബന്ധത്തിൽ നിന്നുമാത്രമാണ് വിരഹത്തിന്റെ പൊള്ളൽ നമുക്ക് തിരിച്ചറിയാൻ പറ്റുന്നത് , അല്ലെങ്കിൽ അനുഭവിക്കാൻ പറ്റുത്തത്. I think So , എന്നതിൽ നിന്നും I feel so എന്നതിലേക്കുള്ള ഒരു ചേക്കേറൽ. നാളെ വീണ്ടു കാണുമെങ്കിലും , ഇന്നത്തേക്ക് പിരിയുമ്പോൾ കടക്കണ്ണിലൂറുന്ന ഒരു തുള്ള ബാഷ്പം പോലും നമ്മളെ അസ്വസ്ഥരാക്കുമെങ്കിൽ , ഇനിയൊരിക്കലും കാണുകില്ല എന്ന തിരിച്ചറിവിൽ നിന്നും കണ്ണുനീരിനു പകരം വാക്കുകൾ , ഒരു കവിതയായി ഒഴുകുകയാണെങ്കിൾ അതിന്റെ പ്രവാഹം എത്ര ശക്തമായിരിക്കും.
സഫലമീയാത്ര എന്ന മലയാള കവിത , സഹൃദയമനസ്സിൽ ഇപ്പോഴും ഒരു വിങ്ങലായി നിൽക്കുന്നുവെങ്കിൽ അതിനു കാരണം മുകളിൽ പറഞ്ഞ ആ വിങ്ങൽ മാത്രമാണ്. ഒന്നിച്ചുള്ള യാത്രക്കായി മരണം പടിവാതിലിൽ കാത്തു നിൽക്കുന്നു എന്നു തിരിച്ചറിയുമ്പോഴും , പ്രിയതമയെ പിരിയേണ്ടിവരും എന്ന് മനസ്സിലാകുമ്പോഴും വരാൻപോകുന്ന ആതിരയെ ഒരുമിച്ച് കൈകൾ കോർത്ത് എതിരേൽക്കണം എന്നാണ് കവി പറഞ്ഞുവെയ്ക്കുന്നത്. അടുത്ത് കൊല്ലം ആരെന്നും എന്തെന്നും ആർക്കറിയാം എന്ന വരികളിലൂടെ സ്വന്തം ജീവിതത്തിന്റെ അവസാനം കൺമുന്നിൽ വ്യക്തമായ ചിത്രം പോലെ കാണുന്നു അയാൾ.
വ്രണിതമാം കണ്ഠത്തിലിന്നുനോവിത്തിരി കുറവുണ്ടു്…’എന്നു സ്വയം ആശ്വാസം കൊള്ളുന്ന നായകന്‍, ജനലരുകില്‍ നിന്നു് ‘വളരെനാള്‍ കൂടി’ നിലാവിന്റെ നീലിമയിലലിയുന്ന ഇരുളിനെ ഒട്ടൊരാശ്വാസത്തോടെ നോക്കിക്കാണുകയാണ്. ആ നിലാവിനെ ഞാൻ നോക്കി കാണുമ്പോൾ നീയെന്റെ അരികത്തു തന്നെ നിൽക്കു എന്നെഴുതിയിടത്ത് വിരഹത്തിന്റെ ആ പൊള്ളൽ നമ്മളെ നീറ്റുന്നു. പിരിയേണ്ടി വരും എന്ന യാഥാർത്ഥ്യം മനസ്സിലാകുകയും എന്നാൽ പ്രിയസഖിയോട് അതേപ്പറ്റി പറയാൻ കഴിയാത്തതുമായ ഒരു നിസ്സഹായാവസ്ഥ.
നെറുകയില്‍ ഇരുട്ട് പാറാവു നില്‍ക്കുന്ന തെരുവുവിളക്കുകള്‍’ പോലെ ഏതു നിമിഷവും കെട്ടുപോയേക്കാവുന്ന ജീവിതത്തിനെ കുറിച്ചുള്ള ആശങ്കള്‍ക്കിടയിലും കവി പഴയകാലജീവിതത്തിന്റെ സ്മരണകളിലേക്ക് മടങ്ങിപ്പോകുന്നു. ഓര്‍മകള്‍ ഉണ്ടായിരിക്കണം ഒക്കെയും വഴിയോരക്കാഴ്ചകളായ് പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം പാതിയിലേറെക്കടന്നുവല്ലോ വഴി! എന്ന് പറഞ്ഞ് ആസന്നമായ ആ തിരിച്ചുപോക്കിനെക്കുറിച്ച് കവി വരച്ചുവെക്കുന്നു. ദൂരെയങ്ങാണ്ടുയരുന്ന ഊഞ്ഞാൽ പാട്ടു കേട്ട കവി , പ്രിയസഖിയെ ആശ്വസിപ്പിക്കുന്ന വരികൾ കണ്ണുനീർ തുളുമ്പുന്നതാണ്. കാലം ഇനിയും ഉരുളും , എന്നു തുടങ്ങുന്ന വരികൾ സ്വയം ആശ്വസിപ്പിക്കുന്നതോടൊപ്പം , കൂട്ടുകാരിയുടെ കണ്ണുനീർ ഒപ്പിയെടുക്കാനും കവി ശ്രമിക്കുന്നു.
കവിയുടെ സഖി , ഈ കവിത വായിക്കുന്നത് പിറ്റേ ദിവസം മാത്രമാണ്. സാധാരണയിൽ കവിഞ്ഞ ഒരു കവിത എന്നതിലപ്പുറം ഒന്നും തോന്നിയിരുന്നില്ലെന്ന് അവർ പിന്നീട് പറയുകയുണ്ടായി. എന്തോ ഒരു രോഗം എന്നല്ലാതെ , കാൻസർ എന്ന മാരകരോഗം ആയിരുന്നു എന്നറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷമാണ് അറംപറ്റിയതുപോലെയുള്ള ആ വരികളിലെ വേദന മനസ്സിലായത്. അത് ഇപ്പോഴും ആ പുഞ്ചിരിയിലും , ഒരു ഗദ്ഗദമായി അവരിൽ പിടയുന്നു.
വിരഹം , ഒരു നിമിഷത്തേക്കാണെങ്കിലും അത് ചോര പൊടിയുന്നതാണ്. പോയി വരാം എന്നു പറയുന്നിടത്ത് വരും എന്ന പ്രതീക്ഷ നൽകിയാണ് വിടപറയുന്നത്. എന്നാൽ ഒരു തിരിച്ചു വരവ് ഇനിയില്ല എന്നറിയുന്നിടത്ത് ആശ്വാസവാക്കുകളും , സഹതാപങ്ങളും എല്ലാം ചുട്ടുപഴുത്ത ലോഹത്തിലെ മഞ്ഞുതുള്ളിപോലെ അപ്രത്യക്ഷമാകുന്നു.

ഈ കവിത ഇതുവരെ കേൾക്കാത്തവർക്ക് അത് ഇവിടെ നിന്നും ആസ്വദിക്കാം.

കവിയുടെ പ്രിയസഖിയുമായുള്ള അഭിമുഖം ഇവിടെ കേൾക്കാം.

Friday, October 7, 2011

നജീബിന്റെ വേദനകള്‍ .. ഞങ്ങളുടെയും…

കഴിഞ്ഞകൊല്ലത്തെ ഓണത്തിന്റെ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് ബെന്യാമിന്റെ ആടുജീവിതം എന്ന അനുഭവം വായിക്കാനിടയായത്. ഒരു നോവല്‍ മനസ്സിന്റെ വിങ്ങലായിതീരുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കുന്നത് പണ്ട് എം.ടിയുടെയും മറ്റും തീക്ഷ്ണപ്രഭാവുമള്ള കൃതികള്‍ വായിച്ചപ്പോഴാണ്. എന്നാല്‍ ആ കാലഘട്ടത്തിനുശേഷം , മരുഭൂമിയുടെ വേദനകളെ ഭംഗിയായി പകര്‍ത്തിയെഴുതിയ നോവലാണ് ആടുജീവിതം. നാം അനുഭവിക്കാത്ത ജീവിതം വെറും കെട്ടുകഥകളാകും എന്ന ആമുഖത്തോടെയാണ് കഥാകാരന്‍ ഈ ജീവിതാനുഭവം കോറിയിട്ടിരിക്കുന്നത്. നല്ലൊരു ഭാവി സ്വപ്നം കണ്ട് യുദ്ധാനാന്തര സൌദി അറേബ്യയില്‍ വന്നിറങ്ങുന്ന നജീബ് എന്ന നാട്ടിന്‍ പുറത്തുകാരന്റെ കഥയാണ് ആടുജീവിതത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളില്‍ മലയാളത്തിലറങ്ങിയ ഏറ്റവും നല്ല നോവലായി ആടുജീവിതത്തെ വിലയിരുത്താം.

മരുഭൂമിയുടെ കഥപറച്ചില്‍ അധികമൊന്നും നമ്മുടെ മലയാള സാഹിത്യത്തില്‍ വന്നിട്ടില്ല. ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ മനുഷ്യനും അധികാരത്തിന്റെ മാറുന്ന മുഖങ്ങളും ആവിഷ്കരിക്കാന്‍ മരുഭൂമിയെ രൂപകമാക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ ‘കറാബു’വിലും ബഷീറിന്റെ ‘ശബ്ദങ്ങ’ളിലും മറ്റു ചില കൃതികളിലും മരുഭൂമി പ്രത്യക്ഷപ്പെടുന്നു. ആടുജീവിതത്തെ സമ്പൂര്‍ണമായും മരുഭൂമി നോവല്‍ എന്നു വിശേഷിപ്പിക്കാം. സാധാരണ ഗള്‍ഫ് രചനകളിലേതുപോലെ ഗൃഹാതുരത ഇവിടെ പ്രതിപാദ്യ വിഷയമാവുന്നില്ല.മറിച്ച് മരുഭൂമിയുടെ ക്രൌര്യവും , ഭീകരതയും ആണ് ഇവിടെ രചിക്കപ്പെട്ടിരിക്കുന്നത്. ആകാശത്തിനു കീഴില്‍ മരുഭൂമിയും, ചക്രവാളത്തോളം നീളുന്ന മണല്‍പ്പരപ്പും. ആട്ടിന്‍പറ്റങ്ങളുടെ നീണ്ടനിരയും സദാസമയവും ദാക്ഷിണ്യമേതും കൂടാതെ നിരീക്ഷിക്കുന്ന അര്‍ബാബിന്റെ ക്രൂര നയനങ്ങളും മാത്രമാണ് നജീബിന്റെ ജീവിതത്തിനു കാവല്‍. പുലര്‍ച്ചെമുതല്‍ ആരംഭിക്കുന്ന പ്രയത്നത്തിന്റെ ദിനസരികള്‍. ആടിനെ കറക്കലും മേയ്ക്കലുമായി തനി ആടു ജന്മത്തിലേക്ക് മനുഷ്യജീവിതം പരിണമിക്കുന്നതിന്റെ ഭീതിജനകമായ അവസ്ഥ ബെന്യാമിന്‍ വിവരിക്കുന്നത് നിര്‍വികാരമായല്ല, കറുത്ത ഹാസ്യത്തിന്റെ അടിയൊഴുക്കോടെയാണ്.

ഗര്‍ഭിണിയായ ഭാര്യ പ്രസവിച്ചുവെന്ന ദൈവത്തിന്റെ അടയാളമായി ഒരാട് പെറ്റു. അതിന് അയാള്‍ നബീലെന്നു പേരിടുന്നു. മകനെപ്പോലെ താലോലിക്കുന്നു. മികച്ച കൊറ്റനാടുകളെ കണ്ടെത്തുന്നതില്‍ വിദഗ്ധനായ അര്‍ബാബ് ആ കുരുന്നിന്റെ പുരുഷത്വം കണ്ടിച്ചിടുന്ന നിമിഷത്തില്‍ സ്വയം ഷണ്ഡനായെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാവുന്നു. ഇത്തരത്തില്‍ ജീവന്റെ ഒരോ അണുവും നശിപ്പിക്കുന്നതിലും അടിമത്വത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ കണ്ടെത്തുന്നതിലും ഉത്സുകമായ മുതലാളിത്തത്തിന്റെ കുശാഗ്രതയെ അര്‍ബാബ് പലപ്പോഴും ഓര്‍മിപ്പിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളുടെ വശ്യതയ്ക്കും പള്ളിമിനാരങ്ങളുടെ നിഴല്‍ക്കറുപ്പിനുമപ്പുറം നിലനില്‍ക്കുന്ന അടിമത്തം ഒരനുഭവമായി ഒരോ വാക്കിലും നിറയുന്നു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള വിലാപങ്ങള്‍ വനരോദനമായി മാറുകയാണ്.

മരുപ്പറമ്പിലെന്നപോലെ ജലമാണ് ഈ സൃഷ്ടിയില്‍ ഏറ്റവും വിലപ്പെട്ടത്. മരുഭൂമിയിലെ മഴ വര്‍ണിക്കുന്നതാണ് ആടുജീവിതത്തിലെ ഏറ്റവും ചൈതന്യമാര്‍ന്ന ഭാഗം. “ഓരോ മഴത്തുള്ളി എന്റെ തലയില്‍ പതിക്കുമ്പോഴും ഓരോ രോമകൂപവും വേദനകൊണ്ടു വിറച്ചെഴുന്നേറ്റു. എന്റെ ദേഹം പൊള്ളുകയും നീറുകയും വിറയ്ക്കുകയും ചെയ്തു. ആദ്യ തുള്ളി വീണതും കഠാരക്കുത്തേറ്റപോലെ പിടഞ്ഞുപോയി”. തുടങ്ങിയ വിവരണങ്ങള്‍ എല്ലാ വാക്കുകള്‍ക്കും മൌനങ്ങള്‍ക്കും അതീതമായ മാനുഷികവികാരം പ്രതിഫലിപ്പിക്കുന്നു. ഇത്രയും പീഡനങ്ങള്‍ ആത്മാവ് ഏറ്റുവാങ്ങുമ്പോഴും ജീവനൊടുക്കണമെന്ന ചിന്ത ഒരിക്കല്‍പ്പോലും അയാളെ തീണ്ടുന്നില്ല. ഓരോ കുത്സിതപ്രവൃത്തിയും ജീവനില്‍ അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്. മൌനത്തെ അതിജീവിക്കാനാണ് അയാള്‍ എകാന്തഭാഷണത്തില്‍ അഭയം കണ്ടെത്തുന്നത്. ഭാഷകള്‍ക്കപ്പുറത്ത് മരുഭൂമിയുടെ ഭാഷ വികസിപ്പിക്കുന്നുമുണ്ട്.

മതിലുകളും തടവറകളും ഒരുതരത്തിലുള്ള സുരക്ഷിതത്വം പ്രദാനംചെയ്യുന്നുവെന്നും അയാള്‍ തിരിച്ചറിയുന്നു. മരുഭൂമിയിലെ മലര്‍ക്കൊത്തുകള്‍പോലെ മനഃസാക്ഷി നഷ്ടപ്പെടാത്ത മനുഷ്യരും നോവലിലുണ്ട്. കുഞ്ഞിക്ക, ഇസ്മായില്‍ ഖാദ്റി തുടങ്ങിയവര്‍. ഇവരാണ് നരകത്തില്‍നിന്നുള്ള അയാളുടെ പലായനം സാധ്യമാക്കുന്നത്. ഒപ്പം രക്ഷപ്പെട്ട ഹക്കീമാവട്ടെ ഉന്മാദം ബാധിച്ച് അനിവാര്യമായ വിധിക്കു കീഴടങ്ങുന്നു. സുനില്‍ എന്ന സുഹൃത്താണ് ബെന്യാമിനോട് നജീബ് എന്ന അത്ഭുതമനുഷ്യനെ കാണാന്‍ പറയുന്നത്; എഴുതാന്‍ നിര്‍ബന്ധിച്ചതും. നന്ദി സുനിലിനോടായിരിക്കണം… അല്ലെങ്കില്‍ അനുഭവങ്ങളുടെ, അനുഭൂതികളുടെ ഈ മരുഭൂമി നമുക്ക് അന്യമാവുമായിരുന്നു.

ദീപ്തമാം ഓര്‍മ്മകള്‍

ഇനിയുള്ള പ്രഭാതങ്ങളില്‍ ഞാന്‍ മാത്രം തനിച്ചാകുകയാണ്…
നിന്റെ കണ്ണുകളില്‍ ഇനി നക്ഷത്രപ്പൂക്കള്‍ വിരിയുകയില്ല ,
അവിടെ ഇനി , നീലസാഗരം ആര്‍ദ്രമായി വന്നുചേരുകയില്ല ,
നിന്റെ ശിരസ്സിനരുകില്‍ തിരിയിട്ട വിളക്കില്‍ എരിഞ്ഞു തീരുന്നു ,
നീയും ഞാനും മാത്രമായ , ആ സുന്ദര സ്വപ്നങ്ങള്‍…
നമ്മള്‍ നടന്ന വഴികളിലെ കാട്ടുചെമ്പകത്തോടും , നീ കളിയാക്കിയിരുന്ന
ചോലക്കുയിലിനോടും ഇനി ഞാന്‍ നിന്നെക്കുറിച്ചെന്തു പറയും.
നിന്റെ മുഖം കണ്ടു നാണിച്ചിരുന്ന , ആ പനിനീര്‍പൂവിനോട്
നീ ഇനി വരില്ല എന്നു ഞാന്‍ പറയണോ , പ്രിയ സഖി…
നിന്റെ കുഞ്ഞുങ്ങളെ കാണിക്കാനായി , താമരകുളത്തില്‍
നീ ഇട്ട വെള്ളാരം കല്ലുകള്‍ , ഇനി നമ്മുടെ മാത്രം രഹസ്യമായിരിക്കട്ടെ..
നീ എന്നും സ്നേഹിച്ചിരുന്ന അസ്തമയം വന്നു കഴിഞ്ഞു..
വിളക്കിലെ തിരികള്‍ കരിന്തിരികളായി മാറുംമുമ്പ് ,
നിന്റെ കണ്ണുകളിലെ പ്രകാശം , അഗ്നി വിഴുങ്ങുന്നതിനു മുമ്പ് ,
നിന്റെയും എന്റെയും സ്വപ്നങ്ങളെ ഒരിക്കള്‍ കൂടി
താലോലിച്ചുകൊണ്ട് ഇത്തിരി ഞാന്‍ തലചായ്ക്കട്ടെ..
നാളത്തെ പ്രഭാതത്തില്‍ നീ ഉണ്ടാവില്ല എന്നറിയാമെങ്കിലും ,
ആ സത്യത്തോട് പൊരുത്തപ്പെടാന്‍ ഞാന്‍ എന്റെ മനസ്സിനെ ഒരുക്കട്ടെ..
വിട , എന്റെ പ്രിയ സഖി….

Tuesday, April 19, 2011

എൻഡോസൾഫാൻ - നമുക്കിതു വേണ്ട !!!!

എന്താണ് എന്‍ഡോസള്‍ഫാന്‍ ??

വളരെയധികം കീടങ്ങള്‍ക്കും , പുഴുക്കള്‍ക്കുമെതിരേ പ്രയോഗിക്കപ്പെടുന്ന ഒരു മാരകമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. സൈക്ലോഡൈന്‍ സബ്ഗ്രൂപ്പില്‍ പെടുന്ന ക്ലോറിനേറ്റഡ് കീടനാശിനി ആണ് എന്‍ഡോസള്‍ഫാന്‍. തേയില , ഫലവര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍ എന്നിവയില്‍ രോഗാണുക്കള്‍ വരാതിരിക്കാനായി ഇവയില്‍ എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുന്നു. മരം ഉണക്കി സംരക്ഷിക്കുവാനുള്ള ഒരു രാസവസ്തു ആയും

ഇത് ഉപയോഗിക്കുന്നു.

വ്യാവസായിക നാമങ്ങള്‍

1. തിയോഡാന്‍ 2. എന്‍ഡോസൈഡ് 3. ബിയോസിറ്റ് 4. സൈക്ലോഡാന്‍ 5. മാലിക്സ് 6. തിമുല്‍ 7. തിഫോര്‍

ഘടന

രണ്ട് ഐസോമറുകളുടെ ഒരു മിശ്രിതമായാണ് എന്‍ഡോസള്‍ഫാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയെ ആല്‍ഫാ , ബീറ്റ മിശ്രിതങ്ങള്‍ എന്നറിയപ്പെടുന്നു. ഇത് ഒറ്റ ഒരു ഉല്‍പന്നമായി തന്നെ ഉപയോഗിക്കപ്പെടുന്നു. വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് വളരെ അപകടകരമായ ഒരു കീടനാശിനിയാണ്.

ശാസ്ത്രീയ വശം

ശാസ്ത്രീയനാമം - 6,7,8,10,10-ഹെക്സാക്ലോറോ-1,5,51,6,9,9-ഹെക്സാഹൈഡ്രോ-6,9,-മെഥനോ-2,3,4-ബെന്‍സാഡൈഓക്സാതൈപിന്‍ 3-ഓക്സൈഡ്.

തന്‍മാത്രാവാക്യം – C9H6C16O4

ദ്രവണാങ്കം – 181 DC.

തന്‍മാത്രാഭാരം – 422.

ലയത്വം – 0.32 MG/1 FOR ALPHA ISOMER - 0.33 MG FOR BETA ISOMER.

ഇത് ഒരു ഓര്‍ഗാനോ ക്ലോറൈഡ് കീടനാശിനി ആണ്. അല്ലെങ്കില്‍ ആ വിഭാഗത്തില്‍ പെടുന്ന ഒരു കീടനാശിനി ആണ്.

പാരിസ്ഥിതികപ്രശ്നങ്ങള്‍

ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാല്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നിരോധനം

യൂറോപ്പ്യന്‍ യൂണിയന്‍,നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍,പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ 63 ലധികം രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയില്‍ ഇതിന്റെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കന്‍ വിപണിയില്‍ നിന്നും ഈ രാസവസ്തുവിനെ പിന്‍‌വലിക്കുകയും ചെയ്തു. 2009 - ല്‍ ന്യൂസിലന്റും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനില്‍ക്കുന്നു. ഇന്ത്യ , ബ്രസീല്‍, എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്. പരിസ്ഥിതിക്ക് വന്‍ ഭീഷണിയായ എന്‍ഡോസള്‍ഫാന്റെ നിര്‍മ്മാണം നിരോധിക്കുന്നത് സ്റ്റോക്ക്‌ഹോം കണ്‍‌വെന്‍ഷന്റെ പരിഗണനയിലാണ്.

ഉപയോഗം

എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. എന്‍ഡോസള്‍ഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ കമ്പനികളാണ്‌. എക്സല്‍ ക്രോപ് കെയര്‍, എച്ച്.ഐ.എല്‍, കൊറമാണ്ടല്‍ ഫെര്‍ട്ടിലൈസേഴ്സ് എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യ നിര്‍മ്മാതാക്കള്‍. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു റോട്ടര്‍ഡാം,സ്റ്റോക്ഹോം കണ്‍‌വെന്‍ഷനുകളില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം ഉള്‍പ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിര്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും, മനുഷ്യരില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടെത്തുവാനായിട്ടില്ലെന്നതുമാണ് ഈ കീടനാശിനിയെ നിരോധിക്കാത്തതിനു കാരണമായി ഇന്ത്യാ ഗവണ്‍മെന്‍റ് ചൂണ്ടിക്കാട്ടുന്നത്

കേരളത്തില്‍

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍‌പ്പെട്ട ചിലപ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളില്‍ വ്യാപകാമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു വന്നിരുന്നു. 2001 ല്‍ ആ പ്രദേശത്തെ ശിശുക്കളില്‍ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയര്‍ന്നു. ആദ്യഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മര്‍ദ്ദത്തെ തുടന്ന് ഇത് പിന്‍‌വലിക്കുകയുണ്ടായി. ഭോപ്പാല്‍ വാതക ദുരന്തത്തിനു സാമ്യതപുലര്‍ത്തുന്ന ഒന്നായി കേരളത്തിലെ എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു.2006 ല്‍ എന്‍ഡോസള്‍ഫാന്റെു ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് 50,000 രൂപവീതം സര്‍ക്കാര്‍ വിതരണം ചെയ്യുകയുണ്ടായി. എന്‍ഡോസള്‍ഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നല്‍കുന്നതിനും സര്‍ക്കാര്‍ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്‍ഡൊസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് ഉറപ്പു നല്‍കി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുകയുണ്ടായി കാസര്‍കോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവരുടെ സംരക്ഷണം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം 2010 നവംബര്‍ 19 ന് നിരോധിക്കുകയുണ്ടായി . നിരോധനം ലംഘിക്കുന്നതു പരമാവധി ആറുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വിജ്ഞാപനത്തിലുണ്ട്.





പരിഹാരം

എന്‍ഡോസള്‍ഫാന്‍ നിര്‍മാണം , വിതരണം , ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക.

എന്‍ഡോസള്‍ഫാന്‍ നിരോധനവുമായിട്ടുള്ള എല്ലാ മുന്നേറ്റങ്ങളിലും പങ്കാളിയാകുക

എന്‍ഡോസള്‍ഫാന്‍ നമുക്കിതു വേണ്ട.

എന്റെ മക്കളെപോലെ തന്നെ അവരും ചിരിക്കട്ടെ ,

അവരും ഓടിചാടി രസിക്കട്ടെ ,

മനുഷ്യരായി വളരട്ടെ

Wednesday, February 16, 2011

ജൻമദിനം.

സൂര്യനു ചുറ്റും മുപ്പത്തി ആറു തവണ വലംവെച്ചുകഴിഞ്ഞു...
യാത്രയിൽ പാതിയിലേറെ വഴി പിന്നിട്ടു
വസന്തവും , ശിശിരവും , വേനലും , വർഷവും കടന്നുപോയി ,
മേടക്കാറ്റും , ചിങ്ങവെയിലും എന്നെ തലോടിപറന്നു ,
കടന്ന വഴിയിൽ കാലിടറിയപ്പോഴൊക്കെ വീഴാതെ താങ്ങിയ കുറെ
കൈകൾ ഉണ്ട് , ഇരുട്ട് വീണപ്പോൾ ദീപം കാണിച്ചവരും ,
എന്റെ കണ്ണീരിനു കൂട്ടായി വിരലിലെണ്ണാവുന്നവരായിരുന്നെങ്കിൽ
കൂടെ ചിരിക്കാനായി ഞാൻ എല്ലാവരെയും കണ്ടിരുന്നു..
എന്റെ പുറകിൽ , എന്റെ കാലടിപാടുകൾ മാത്രമേ
എനിക്കു കാണാനാകുന്നുള്ളു...
കൂടെയുണ്ടായിരുന്നു എന്നു ഞാൻ വിശ്വസിച്ചവർ
എവിടെയോ എന്നെ ഉപേക്ഷിച്ചു പോയിരിക്കാം ,
ദൂരെ ഈ നീലാകാശം അവസാനിക്കുന്നതെവിടെയാണ്..
അവിടേക്ക് കാണുന്ന ഈ ഒറ്റയടിപ്പാത എത്ര നാഴിക
ഞാൻ പിന്നിട്ടാൽ അവസാനിക്കുമായിരിക്കും..
പറക്കമുറ്റാത്ത കിളികളാണ് കൂടെ , അവറ്റക്ക്
സ്വന്തമായി പറക്കാനോ , ആഹാരത്തിനോ കഴിയുന്നതുവരേക്കും
എന്റെ കാലുകൾക്ക് നീ തളർച്ച വരുത്തരുതേ ,
അതു വരേക്കും എന്റെ കാഴ്ച നീ തടയരുതേ...

Monday, January 24, 2011

മഴ നനഞ്ഞു വന്ന സ്നേഹം ….

ഞാന്‍ അവളെ കാണുമ്പോള്‍ മഴ മാറിനിന്ന ഒരാകാശമായിരുന്നു. പക്ഷെ എന്നെ കണ്ടപ്പോഴാകട്ടെ പെയ്യാനായി ഒരുകൂട്ടി നിന്ന കാര്‍മേഘങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു. ഞാനായേക്കും അവളുടെ ഭാവി ഭര്‍ത്താവ് എന്നറിഞ്ഞപ്പോഴാകട്ടെ ആ മുഖത്തു വിരിഞ്ഞതെന്താണെന്നോര്‍മ്മയില്ല. ഞാന്‍ മഴയെ സ്നേഹിച്ചിരുന്നു… ഒരു പാട്. മഴ പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ മൂടിപുതച്ചുങ്ങാതെ ജനാലവിരിക്കപ്പുറം പുളിമരത്തിലെ ഇലകളിലുടെ
അവയെ സ്നേഹിച്ചിറങ്ങുന്ന മഴതുള്ളികളെ കാണാനായിരുന്നു എനിക്കിഷ്ടം. മടിച്ചു മടിച്ചു തല നീട്ടിനോക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ആ തുള്ളികളിലുടെ ആയിരം വര്‍ണ്ണങ്ങളായി മാറുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. എന്റെ ഇഷ്ടങ്ങള്‍ എന്നേപോലെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്റെ സ്വപ്നങ്ങള്‍ ഒരിക്കലും എനിക്കു സത്യം ആയിതീര്‍ന്നിട്ടില്ല. അതുപോലെ തന്നെ ഈ പെണ്‍കുട്ടിയും മഴക്കാലരാത്രിയില്‍ കണ്ടുമറന്ന ഒരു സ്വപ്നം പോല,ഒരിക്കലും തീരരുതെ എന്നാഗ്രഹിച്ച ഒരു യാത്രപോലെ എനിക്ക് ഭൂതകാലത്തില്‍ വിട്ടു കളയേണ്ടിവരും എന്നു കരുതിയിരുന്നു.
പക്ഷെ മഴയുടെ സാന്നിദ്ധ്യത്തില്‍ ഒരു ജൂലായ് മാസത്തില്‍ അവളുടെ വിരലില്‍ ഞാന്‍ വിവാഹമോതിരം അണിയിച്ചു. ഞാന്‍ എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും പിന്നീട് ഞങ്ങളിലേക്ക് മാറി. ആദ്യമായി അവളുടെ ശബ്ദം എന്റെ ഫോണിലേക്ക് ഒരു മഴത്തുള്ളിപോലെ വന്നെത്തിയപ്പോള്‍ പുറത്ത് എന്റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയപോലെ ഒരു കുസൃതിചിരിപോലെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ എന്റെ ശബ്ദവും കാത്ത് ഉറങ്ങാതെ എന്റേതു മാത്രമായ ഒരു പെണ്‍കുട്ടി,കാത്തിരിക്കുന്നുണ്ടാകും എന്ന ചിന്ത പിന്നീട് എനിക്ക് മഴയെക്കാള്‍ പ്രിയപ്പെട്ടതായി മാറി. പക്ഷെ അവളോട് സംസാരിക്കുന്ന ഓരോ വാക്കിലും ഓരോ തുലാവര്‍ഷം പെയ്തു തീരുന്നുണ്ടായിരുന്നു. അത്രയേറെയുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി ഞാന്‍ കാത്തുവെച്ച സ്നേഹം. എന്റെ കൌമാരങ്ങളില്‍ ഞാന്‍ കൈമോശം വരാതെ സൂക്ഷിച്ച പ്രണയം അവള്‍ക്കായി ഞാന്‍ കാത്തുവെച്ചിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട മഴത്തുള്ളികളിലും അവളുടെ മുഖം എനിക്ക കാണാന്‍ കഴിഞ്ഞു. എന്റെ ഒരു സുഹൃത്ത് പറഞ്ഞപോലെ…. നിന്റെ സ്നേഹം നീ കാത്തുവെച്ചത് ഇവള്‍ക്ക് നല്കാനായിരുന്നിരിക്കും. ശരിക്കും അത് തന്നെയായിരുന്നിരിക്കും.
മഴപെയ്തു തീര്‍ന്ന ഒരു വെള്ളിയാഴ്ച ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി. എന്റെ കൂടെ ഏറ്റവും അടുത്ത കൂട്ടുകാരനെപോലെ അന്നു രാവിലെ വരെ എന്റെ കൂടെ തന്നെയുണ്ടായിരുന്നു ഒരു നനഞ്ഞ മഴ. ഒരു പക്ഷെ പുതിയ കൂട്ടുകാരിക്കുവേണ്ടി എല്ലാ ഭാവുകങ്ങളും നേരാന്‍ വന്നതാകാം. അതുമല്ലെങ്കില്‍ നഷ്ടപ്പെട്ടുപോകുന്ന ഒരാളുടെ വേദനയുമായിരിക്കാം.
വിവാഹത്തിനുശേഷം ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാണ്. ഇവിടെ വേദനപോലെ കനത്ത വേനലും. എന്നാലും എന്റെ ഉള്ളില്‍ അവളോടുള്ള പ്രണയം തീരാത്ത മഴപോലെ പെയ്തുകൊണ്ടിരിക്കുകയാണ്.