Tuesday, April 14, 2009

ഈ വിഷുവിന് അച്ഛനെവിടെയാ ?

ഈ വിഷുവിന് അച്ഛനെവിടായാ ? എല്ലാ തവണയും അച്ഛനെനിക്ക് കൈനീട്ടം തരാറുള്ളതല്ലെ. ഇന്നുമാത്രമെന്താ ജോലി കഴിഞ്ഞ് വരാത്തെ ? എവിടെയാ ഈ റിയാദ് ? പപ്പുമാമന്റെ ദുബായ്ക്കും,ജെസ്സ് മാമന്റെ ഖത്തറിനും അടുത്തു തന്നെയാണോ ഈ സ്ഥലം ? കുറെ ദൂരം പോകണോ ? ഫോണിലുടെ സംസാരിച്ചാല്‍ മാത്രം മോന് പോര....നേരിട്ട് കാണണം. ഇപ്പ തന്നെ കാണണം. പിന്നെ ഈ വിഷുവിന് ഞാന്‍ അമ്മയുടെ വീട്ടിലാണ്, അച്ചാച്ചനോട് ചോദിച്ചിട്ടു തന്നെയാ പോയത്. പോകാനിറങ്ങിയപ്പോള്‍ അച്ചാച്ചന്‍ പറയുകാ...എന്നത്തെയും പോലെ...നീ അവിടെ ചെന്ന് തകര്‍ക്കരുത്,അസുഖം ഒന്നും വരുത്തിവെയ്ക്കരുത് എന്ന്. ഞാന്‍ എപ്പഴെത്തെയും പോലെ ശരി പറഞ്ഞു ...ചിരിച്ചു....അച്ചാച്ചനും ചിരിച്ചു...
പക്ഷെ അച്ഛാ...ഇത്തവണ എനിക്കു അസുഖം ഒന്നും വരില്ല കേട്ടോ...ഞാന്‍ പുതിയ മരുന്നു കഴിച്ചു തുടങ്ങിയല്ലോ....കമ്മത്ത് ഡോക്ടറിന്റെ മരുന്നല്ല, വേറെ ഒരു സ്ഥലത്ത് നിന്നാണ് ഇത്തവണ അച്ചാച്ചന്‍ മരുന്നു വാങ്ങിയത്. ഞാനും അച്ചാച്ചനും,അച്ചാമ്മയും കൂടെ പോയാണ് മരുന്ന് വാങ്ങിയത്.
പിന്നെ ഇത്തവണ ഞാന്‍ കളിപ്പാട്ടം ഒന്നും വാങ്ങിതരാന്‍ പറഞ്ഞില്ല,നാസറ് ചേട്ടന്റെ കാറിനാണ് പോയത്. നാസര്‍ ചേട്ടന്‍ നല്ല സ്പീഡിലാണ് പോയത്,കളിപ്പാട്ടം വിക്കണ ഒരു കട പോലും കണ്ടില്ല,പക്ഷെ ഞാന്‍ കരഞ്ഞില്ല സത്യം. അച്ഛന്‍ കൊടുത്തു വിട്ട കാര്‍ റേസ് എനിക്കു കിട്ടുമല്ലോ ?
പക്ഷെ എന്താണ് അത് ഇത്രയും നാളായിട്ടും എനിക്കു കിട്ടാത്തെ. അച്ഛന്റെ കൂട്ടുകാരനോട് ഒന്നു ചോദിക്കണം കേട്ടോ. അച്ഛന്‍ പോയതിനുശേഷം എനിക്ക് കുറെ കളിപ്പാട്ടം കിട്ടിയിട്ടുണ്ട്,എന്തായാലും ഇത്തവണ ഞാനതൊന്നും പാര്‍ട്സ് ആക്കില്ല. കാക്കനാട്ട് പറമ്പിലെ ഉത്സവത്തിനും,കൈപ്പട്ടി അമ്പലത്തിലെ ഉത്സവത്തിനും എല്ലാം എനിക്കു കിട്ടി. ആ...പിന്നെ പറയാന്‍ മറന്നു....നീന ചേച്ചിയും ഒരെണ്ണം എനിക്കു തന്നു. കൂടാതെ നീന ചേച്ചി എനിക്ക് ഒരു‌ടുപ്പും തന്നു. ആ ഉടുപ്പ് ഇട്ടിട്ട് ചേച്ചി എന്റെ ഒരു ഫോട്ടോയും എടുത്തിട്ടുണ്ട്. എന്നിട്ട് ആ ഫോട്ടോ അച്ഛന് അയച്ചു കൊടുക്കാം എന്നും പറഞ്ഞു.
കംപ്യൂട്ടറിലൂടെ എങ്ങിനെയാ ഫോട്ടോ വരുന്നത്,ഫോട്ടോ വരുമെങ്കില്‍ അളുകള്‍ക്കും വരാന്‍ പറ്റുമോ ? ആ ഫോട്ടോ അച്ഛന്‍ കണ്ടില്ലേ ? പിന്നെ ഞാന്‍ എല്ലാ ദിവസവും കുളിക്കുന്നതിനു മുന്‍പ് കൊറെ ഓടും,അച്ഛന്‍ വരുമ്പോഴേക്കും എന്തായാലും ഞാന്‍ ജിമ്മനാകും...നോക്കിക്കോ.

ചാച്ചന്‍ എല്ലാ ദിവസവും കുമ്മട്ടിക്ക വാങ്ങി വരാറുണ്ട്,അത് തിന്നുമ്പോള്‍ അച്ഛന്‍ കൊതിയന്‍ അവിടെ എന്തു ചെയ്യുകയായിരിക്കും എന്ന് ഞാന്‍ പറയും. പിന്നെ അച്ഛാ....ഇപ്പോള്‍ ഞാന്‍ അച്ഛാമ്മയുമായി തല്ലു കൂടല്‍ നിറുത്തി. ഇപ്പോള്‍ കളിക്കാന്‍ എല്ലാവരുമില്ലേ...ആരതി ചേച്ചി,രേവതിചേച്ചി പോരാതെ ഇടപ്പള്ളിയില്‍ നിന്നും ശ്രീ മോള്‍ ചേച്ചിയും വന്നിട്ടുണ്ട്. പക്ഷെ എല്ലാവരും രാത്രിയാകുമ്പോള്‍ പോകും....ഞാന്‍ കരയും ... കരഞ്ഞ് ഉറങ്ങും.
പിന്നേ , വേറൊരു കാര്യമുണ്ട്...അജി വെല്ല്യച്ഛന്‍ ഉത്സവത്തിനു വന്നപ്പോള്‍ എന്റെ പ്രധാന സാധനം കൊണ്ടു വന്നു തന്നിട്ടുണ്ട്,കെ.ജെ..കെ.ജെ.... കിന്റര്‍ജോയി വേണം എന്നു പറയുമ്പോള്‍ അച്ചാച്ചന്‍ പറയും ആ കമ്പനി നിറുത്തി പോയെന്ന്, പിന്നെയെങ്ങനെയാ..അജി വെല്ല്യച്ചനുമാത്രം കിട്ടുന്നെ ?
പിന്നെ അച്ഛാ...ഇവിടെ തിരുത്തിപ്പുറത്ത് മൂന്നുമുയലിനെ മേടിച്ചിട്ടുണ്ട്,നല്ല പഞ്ഞിപുതപ്പുപോലത്തെ മുയലുകള്‍....ഒരെണ്ണത്തിനെ പട്ടി പിടിച്ചു കൊണ്ടുപോയത്രെ.....നല്ല മുയലുകളായിരുന്നു. ഇന്നലെ രാത്രി ഇവിടെ ആരും എന്നെ തോളത്തിട്ടുറക്കാന്‍ ഉണ്ടായിരുന്നില്ല...എനിക്കു സങ്കടം വന്നു. അവസാനം പൊന്നുവിനു മേടിച്ച ഒരു ഊഞ്ഞാലുണ്ടായിരുന്നു...അതിലിരുന്നാണുറങ്ങിയത്. പൊന്നു നേരത്തെ ഉറങ്ങി,അല്ലെങ്കിലും അവള്‍ എന്റെ കുഞ്ഞനുജത്തിയല്ലെ ? അല്ലേ അച്ഛാ....

വേറൊരു പ്രധാന കാര്യമുണ്ട്....ഇത്തവണ എനിക്ക് കൊറേ കൈനീട്ടം കിട്ടി.അച്ഛാമ്മ ആദ്യം എനിക്കു തന്നില്ല,പിന്നെ ഞാന്‍ തല്ലുകൂടി മേടിച്ചു. എല്ലാം കൂടി എട്ടെണ്ണം നീറിക്കോട് നിന്നും കിട്ടി....ആറെണ്ണം തുരുത്തിപ്പുറത്തു നിന്നും കിട്ടിയിട്ടുണ്ട്. അമ്മ പറഞ്ഞതാണ് ഇത്. മുഴുവനും കൂടി ഞാന്‍ ആരു കാണാത്ത ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്. നമ്മുടെ അലമാരിയില്‍ താഴെ,എന്റെ കുഞ്ഞുടുപ്പിന്റെ എല്ലാം അടിയില്‍ വെച്ചിട്ടുണ്ട്...അമ്മയോട് മാത്രം ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ എവിടെയാ വച്ചതെന്ന് ഞാന്‍ മറന്നുപോകും. നമ്മുടെ പുതിയ വീടു പണിയുമ്പോള്‍ , എ.സി.വെക്കണ്ടേ... അതിനാണ് ഈ പൈസ മുഴുവനും....നമ്മുടെ മുറി മുഴുവന്‍ തണുപ്പുകിട്ടുന്ന എ.സി.മേടിക്കാന്‍ ഈ പൈസ മതിയാകുമോ അച്ഛാ....ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ മോനേ നിന്നെക്കൊണ്ടു ഞാന്‍ തോറ്റെടാ....എന്നു പറഞ്ഞ് എല്ലാവരും കൂടി ചിരിച്ചു. ശരിക്കും ഇത്രയും പൈസ മതിയാകുമോ അച്ഛാ....

അച്ഛനവിടെ ചോറു തിന്നോ എന്നു ചോദിക്കാന്‍ അമ്മാമ്മ പറയുന്നു...ചോറു കഴിച്ചോ ? ഇവിടെ എല്ലാവരും ചോറു തിന്നു കഴിഞ്ഞു. മാമനും,അമ്മായിയും പൊന്നുവും എല്ലാം പൊന്നുവിന്റെ അമ്മയുടെ വീട്ടില്‍ പോയി...ഇനി കുറെ ദിവസം കഴിഞ്ഞേ വരു..അപ്പുചേട്ടനും പോകാന്‍ പോകുകയാണ്...പക്ഷെ നാളെ വരും...കൂടാതെ വല്ല്യപ്പുച്ചേട്ടനും നാളെ എത്തും....നാളെ മുതലുള്ള ബഹളങ്ങള്‍ അച്ചാച്ചന്‍ അറിയുമോ എന്തോ ? ഈ ചന്ദ്രയാന്‍ വന്നതില്‍ പിന്നെ എന്റെ കുറുമ്പുകള്‍ എല്ലാവരും അപ്പഴപ്പോളറിയും. മതി...മതി...എന്ന് അമ്മ പറയുന്നു...കൊറേ നേരമായല്ലേ ഈ കിലുക്കല്‍ തുടങ്ങിയിട്ട് എന്ന് ?
ഇനി പിന്നെ വിളിക്കാം കേട്ടോ അച്ചാ.....ബാക്കി വിശേഷങ്ങള്‍ ഇനി വിളിക്കുമ്പോള്‍ പറയാം.

2 comments:

anil said...

കുടുംബം വിട്ടു ജീവിക്കുന്ന എല്ലാ പ്രവാസിയുടെയും ഉള്ളിലെ വേദന. ഫാമിലിയെ കൂടെ കൊണ്ടുവന്നു കൂടെ?

Anand Pai said...

Bipin,
Your presentation is very nice.
You are well succeeded in presenting the conversation between father and son in a very interesting manner.
Keep it up..