Thursday, April 30, 2009

അപ്പുക്കുട്ടന്റെ വീരകൃത്യങ്ങള്‍

എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്.
അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീ‌ടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ...

ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍
അപ്പു - ഇല്ല ചേച്ചി,കൊയ്ത്തു കഴിഞ്ഞു, കുറച്ചു നെല്ലുമായി വന്നതാ...
ചേച്ചി - അതു ശരി എവിടെ അപ്പുക്കുട്ടാ നെല്ല് ?
അപ്പു - നെല്ല്..നെല്ല്..... അയ്യോ ചേച്ചീ ഞാനത് ബസ്സില്‍ വെച്ച് മറന്നുപോയി.

അപ്പുക്കുട്ടനെ ഒരു ദിവസം അമ്മ നെല്ലുണക്കാനിട്ടിരിക്കുന്നിടത്ത് ഇരിത്തിയിട്ടു പോയി. നെല്ലു തിന്നാന്‍ വരുന്ന പറവകളെ ഓടിക്കണം.അതാണ് ജോലി. അപ്പുക്കുട്ടന്‍ പൊതുവേ ദേഷ്യക്കാരനാണ്. മൂക്കത്താണ് ശുണ്ഠി. ഏങ്കിലും അമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ വയ്യല്ലോ ... പണി ഏറ്റെടുത്തു. കോഴികളെക്കൊണ്ടാണ് ഏറെ ശല്ല്യം. ഓടിച്ചാലും ഇതുങ്ങള്‍ കൂട്ടമായി വരും. പിന്നെയും പറത്തും,കുറെ കഴിയുമ്പോള്‍ വരും. അപ്പുക്കുട്ടന്റെ മൂക്ക് ചുവന്നു വിറക്കാന്‍ തുടങ്ങി. അപ്പുക്കുട്ടന്‍ നോക്കിയപ്പോള്‍ എല്ലാ കോഴികളും കൂടി അടുത്തുള്ള തെങ്ങിന്റെ തടത്തിലാണ് പോയിനില്‍ ക്കുന്നത്. കണ്ണുതെറ്റിയാല്‍ വീണ്ടും വരും. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. ഓടി ചെന്ന് ആ കോഴികളെ കാലുമടക്കി ഒരു തൊഴി. കോഴികള്‍ പറന്നുപോയി അപ്പുക്കുട്ടന്റെ തൊഴി കൊണ്ടത് പാവം തെങ്ങിനും. ബാക്കി പറയേണ്ടല്ലോ....

പറയാന്‍ വിട്ടും. ഇദ്ദേഹം ഒരു അയോധന അഭ്യാസി കൂടിയാണ്. ഒന്നര മാസം അടുത്തുള്ള ജിംനേഷ്യത്തില്‍ പോയിട്ടുണ്ട്. ഏതാനും അഴ്ച കളരിപയറ്റും കരാട്ടേയും അഭ്യസിച്ചിട്ടുമുണ്ട്. പറവൂരിലെ അന്നത്തെ പ്രശസ്തമായ കോളേജാണ് കേസരി. കേസരി ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള ഒരു പാരലല്‍ കോളേജ്. അപ്പുക്കുട്ടന്‍ അവിടെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ചേര്‍ന്നിരിക്കുന്ന സമയം. പറവൂര്‍ ആ കാലത്ത് റാവുത്തര്‍മാരുടെ വിളയാട്ട കേന്ദ്രമായിരുന്നു. ഒരു ദിവസം റാവുത്തര്‍ തലമുറയിലെ ഒരുത്തന്‍ മദ്യപിച്ച് ലെക്കുകെട്ട് കേസരി കോളേജിന്റെ വാതില്‍ക്കല്‍ വന്ന് അഭ്യാസം കാണിക്കുവാന്‍ തുടങ്ങി. ആടി കുഴഞ്ഞാണ് അദ്ദേഹത്തിന്റെ നില്‍പ് ഒരു തുമ്പി വന്ന് മുട്ടിയാല്‍ പോലും താഴെ വീഴും. ആ സമയത്താണ് പറവൂരില്‍ പൊതുവെ പുതിയ ആളായ അപ്പുക്കുട്ടനും കൂട്ടുകാരം അതു വഴി വരുന്നത്. ഉടന്‍ അവരെ തടുത്തുനിര്‍ത്തിയായി ഇവന്റെ അഭ്യാസം. ദേഷ്യക്കാരനായ അപ്പുക്കുട്ടന് ഇതൊന്നും വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല. പഠിച്ച ആയോധനമുറകളെല്ലാം മനസ്സിലോര്‍ത്ത് ചാടി ഒരു ഇടി. ഗുണ്ട അതാ കിടക്കുന്നു താഴെ.

അപ്പുക്കുട്ടന്‍ ഹും.....വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോള്‍ തലയില്‍ കേറാന്‍ വരുന്നു.

അപ്പോഴാണ് സംഭവം കണ്ടുനില്‍ക്കുന്ന ചില ഓട്ടോറിക്ഷക്കാര്‍ അടുത്തുവന്ന് അപ്പുക്കുട്ടനോട് ചോദിക്കുന്നത്.

മോനേ നീ വീട്ടില്‍ പറഞ്ഞിട്ടാണോ ‌വന്നിരിക്കുന്നത് ? ഇതാരാണ് എന്നറിയാമോ ? റാവുത്തര്‍മാരിലെ ഏറ്റവും പെശകാണ്. ഇവന്‍ എഴുന്നേറ്റാല്‍ പിന്നെ നീ പടമാണ്. അതു കൊണ്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോ.

അപ്പുക്കുട്ടന് സംഭവത്തിന്റെ കിടപ്പു ശരിക്കും മനസ്സിലായി.പുള്ളി അടുത്ത വണ്ടിക്കൊന്നും കാത്തുനിന്നില്ല. നേരേ കിഴക്കോട്ട് വിട്ടു. പെരുവാരം അമ്പലത്തിനെ ചുറ്റി നേരേ മന്നം അമ്പലത്തിന്റെ പടിഞ്ഞാറേ വശം വഴി അനച്ചാലു കൂടി വീട്ടിലേക്ക് ഓടി. പിന്നീട് അദ്ദേഹം പറവൂരിലേക്ക് പോയിട്ടില്ല. വിദ്യാഭ്യാസം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്.

ഇത്തരം ഒരാളെ നിങ്ങളുടെ അടുത്തും കണ്ടിട്ടില്ലേ. ഉണ്ടാവും. അപ്പുക്കുട്ടനെ ക്കുറിച്ചു ചുരുക്കി പറഞ്ഞാല്‍....

ഉദാഹരണത്തിന് റേഡിയോയില്‍ ഒരു വാര്‍ത്ത വരുകയാണ്. ജനങ്ങളാരും പുറത്തിറങ്ങരുത്. പുറത്ത് ഭയങ്കര മിസൈല്‍ വര്‍ഷം നടക്കുകയാണ് അപ്പുക്കുട്ടന്‍ ഉടനെ പുരയുടെ മുകളില്‍ ഗോണി വെച്ച് കയറി മുകളില്‍ കൂടി പോകുന്ന ഒരു മിസൈല്‍ താഴേക്കു കൊണ്ടുവരും. എന്നിട്ടേ അലോചിക്കു
അയ്യോ ഇത് മിസൈലല്ലേ .... ഇതു പൊട്ടുമല്ലോ .....

4 comments:

പാവപ്പെട്ടവൻ said...

അപ്പുക്കുട്ടന്‍ ഹും.....വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോള്‍ തലയില്‍ കേറാന്‍ വരുന്നു.
കലക്കി

ബാജി ഓടംവേലി said...

അയ്യോ ഇത് മിസൈലല്ലേ ?
ഇതു പൊട്ടുമല്ലോ ?
പൊട്ടി........

ഉറുമ്പ്‌ /ANT said...

:)

Anil cheleri kumaran said...

ഹ.ഹ.ഹ.. അപ്പുക്കുട്ടൻ കലക്കി..