Sunday, April 12, 2009

എന്റെ ചേട്ടാ .... മലയാളിയായിരുന്നോ ? ....

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയെല്ലാം മലയാളിയുണ്ട്. കുറെ നാളുകള്‍ക്കു മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു ചിത്രം ഓര്‍മ്മ വരുന്നു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന സമയം അവിടെ ചായക്കട നടത്തുന്ന മലയാളിയായ വാസുചേട്ടന്റെ ചിത്രം. പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലെ ഒരേടില്‍,അദ്ദേഹം ബാലിദ്വീപുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് എന്നു തോന്നുന്നു, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ദ്വീപു കാണാന്‍ പോകുകയും അവിടെയുള്ള ഏക കട നടത്തുന്ന കോഴിക്കോടുകാരനായ ഒരു മലയാളിയെ അദ്ഭുതത്തോടെ പരിചയപ്പെടുന്ന കഥ പറയുന്നുണ്ട്. അങ്ങിനെ മലയാളിയും,മലയാളവും ഇല്ലാത്ത നാടില്ല.
എനിക്കുണ്ടായ അനുഭവം മറ്റൊന്നാണ്.

സ്ഥലം , സൌദി അറേബ്യയിലെ റിയാദിലെ,പ്രശസ്തമായ ഗ്രനേഡസെന്റര്‍ ഷോപ്പിംഗ് മാളിലെ ഫുഡ് കോര്‍ട്ട്. ഇവിടെ ലോകോത്തര ബ്രാന്‍ഡുകള്‍ എല്ലാം കിട്ടും. മക്ഡൊണാള്‍ഡ്,ഡൊമിനോസ്സ്,പിസ്സാഹട്ട് എല്ലാം ..... ഇവിടേക്കാണ് ഞങ്ങള്‍ നാലു മലയാളി സുഹൃത്തുക്കള്‍ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാനായി ചെല്ലുന്നത്. എല്ലാ കടകളിലും കയറിയിറങ്ങി അവസാനം മക്ഡൊണാള്‍ഡ്സില്‍ എത്തിചേര്‍ന്നു. അപ്പോഴേക്കും കൂടെയുള്ള ആനന്ദിനൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും വേണ്ട ഭക്ഷണം മറ്റു കടകളില്‍ നിന്നും വാങ്ങിയിരുന്നു. ആനന്ദ് മെനു എല്ലാം നോക്കിയശേഷം മെനുവില്‍ ഇല്ലാത്ത എന്നാല്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഓര്‍ഡര്‍ ചെയ്തു. വേഗം കടയിലെ പയ്യന്‍ അറബിയില്‍ എന്തോ പറഞ്ഞു .....
ആര്‍ക്കും മനസ്സിലായില്ല,ആനന്ദ് ഇവിടെ ഒരു വര്‍ഷമായ ആളാണ്,ഞങ്ങളെല്ലാവരും പുതിയ ആളുകളും. അതുകൊണ്ട് ആനന്ദ് കയ്യിലുള്ള അറബി ഭാഷ കൊണ്ട് പയ്യനെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു,അവനൊട്ട് മനസ്സിലാവുന്നുമില്ല...സഹികെട്ട് അവന്‍ ചോദിച്ചു.

പയ്യന്‍ - Where u from ?

ആനന്ദ് - India

പയ്യന്‍- Where in India ?

ആനന്ദ് - Kerala

എന്റെ ചേട്ടാ.....മലയാളിയായിരുന്നോ .... ഇത്രയും പറഞ്ഞത് വെറുതെയായല്ലോ ?
ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചുപോയി.....

ശരിക്കും മലയാളിയല്ലേ ലോക പൌരന്‍. ഇവനെ എവിടെ ചെന്നാലും കാണാന്‍ പറ്റും,എല്ലായിടത്തും മലയാളിയുടെ സാന്ന്യദ്ധ്യമുണ്ട്.

മലയാള നാട് ....മലയാളം .... മലയാളി.....

മലയാളത്തെയും...മലയാളിയെയും...മലയാളനാടിനെയും ഓര്ത്തുകൊണ്ട് സ്നേഹത്തിന്റെ, വിശുദ്ധിയുടെ, നന്മയുടെ,പവിത്രതയുടെ ഒരായിരം വിഷു ആശംസകള്

1 comment:

Anonymous said...

daaavu :)