Wednesday, December 30, 2009

നീയില്ലാത്ത ആദ്യത്തെ പുതുവര്‍ഷം

നീയില്ലാത്ത ഒരു പുതുവര്‍ഷം വന്നെത്തുന്നു....
നീയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എനിക്കു മനസ്സിലാകുന്നത്,
നിന്‍റെ ഇഷ്ടങ്ങള്‍ വന്നണയുമ്പോഴാണ്.
കാട്ടുപൂക്കളേയും , തുമ്പിയേയും പ്രണയിച്ച നീ,
വേദനകളെ പനിനീര്‍പൂക്കളാക്കി മാറ്റി.
നിന്‍റെ കണ്ണിലെ പ്രകാശബിന്ദുക്കളെ നോക്കി ഞാനൊരിക്കല്‍ പറഞ്ഞു,
നിനക്കു കാണാനായാണ് സൂര്യന്‍ ഉദിക്കുന്നതും,നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നതും,
അന്നത്തെ നിന്‍റെ പുഞ്ചിരിയില്‍ , ഒരു വിഷാദഛവി പരക്കുന്നതു ഞാന്‍ കണ്ടു.
പക്ഷെ നിന്നെ ഞാനെന്ന പോലെ എനിക്കറിയാമായിരുന്നതുകൊണ്ട് ,
അതെന്‍റെ തോന്നലായി മറക്കാന്‍ ഞാന്‍ ശ്രമിച്ചു.
നിന്‍റെ ജീവിതം എണ്ണിതീര്‍ക്കാവുന്ന നാളുകളേയുള്ളു എന്നു പറയാന്‍
നീ എന്തിനു കുടജാദ്രി തിരഞ്ഞെടുത്തു..
ആരും കരയാത്ത , കുടജാദ്രി എന്നെ കണ്ണുനീരണയിച്ചു ,
നിന്നെ ഞാന്‍ സ്നേഹിച്ചു കൊതിതീര്‍ന്നിരുന്നില്ലല്ലോ പ്രിയ തോഴാ...
ആ യാത്ര നിന്‍റയൊരു സ്വപ്ന സാഫല്യമായിരുന്നെന്നു ഞാനറിഞ്ഞു
നീയെനിക്കെഴുതിയ അവസാനത്തെ കത്തിലൂടെ
അതു ഞാനറിയുമ്പോഴേക്കും നീ ഒരു പക്ഷേ സ്വര്‍ഗ്ഗവാതില്‍ക്കലെത്തിയിട്ടുണ്ടായിരുന്നിരിക്കും.
നീ എവിടെയാണ് ഉറങ്ങുന്നത്. എനിക്കറിയില്ല.
പക്ഷെ നിനക്കു തന്നു തീര്‍ക്കാനാകാത്ത സ്നേഹപുഷ്പങ്ങള്‍ കൊണ്ടുള്ള
പുഷ്പഹാരം നിനക്കായി കൊരുത്തു വെച്ചിരിക്കുന്നു ഞാന്‍.



അകാലത്തില്‍ എന്നെ പിരിഞ്ഞ ആല്‍വിന്‍ ആന്‍റണിക്കു സ്നേഹപൂര്‍വ്വം.....

No comments: