Tuesday, April 7, 2009

കണ്ണേ മടങ്ങുക...മനസ്സേ ലജ്ജിക്കുക....

ഭദ്രേ മയങ്ങുക,ശാന്തമായ് ഉറങ്ങുക, കണ്ണിമയ്ക്കാതെ ഇടവേളയില്‍
നിന്റെ നിദ്രക്കു ഞാന്‍ കാവലിരിക്കാം
(.എന്‍.വി- ശാര്‍ങ്ഗപക്ഷികള്‍)

പോയ മാസം നടുക്കമുണര്‍ത്തുന്ന ഒരു വാര്‍ത്ത മാതൃഭൂമി ദിനപത്രത്തിന്റെ ഉള്‍താളുകളില്‍ ഇടം പിടിച്ചിരുന്നു. വൃദ്ധദമ്പതികളെ മക്കള്‍ വഴിയിലുപേക്ഷിച്ചു ക‌ടന്നു കളഞ്ഞു. ഇരുട്ടിന്റെ മറവിലാണ് ആ സര്‍പ്പസന്തതികള്‍ ഈ കൊടും ക്രൂര കൃത്യം ചെയ്തത്. കൈവളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി കണ്ണുംനട്ടായിരിക്കില്ലേ ആ അച്ചനമ്മമാര്‍ സ്വന്തം മക്കളെ നോക്കിയിരിക്കുക.ഒന്നു തുമ്മിയാല്‍,ഉറക്കത്തില്‍ ഒന്നുറക്കെ കരഞ്ഞാല്‍,ഒരു വേദന വന്നാല്‍ തന്റെ പിഞ്ചുകുഞ്ഞിനേക്കാള്‍ നോവുന്നത്,അവരുടെമാതാപിതാക്കളുടെ നെഞ്ചകം ആയിരിക്കും. വലുതായി വരുന്തോറും ആ ആധി കൂടി വരുന്നു. സ്കൂളില്‍ നിന്നും വരാന്‍ വൈകിയാല്‍, ഒരു തലവേദന വന്നാല്‍ നമുക്കറിയില്ലായിരിക്കും ആ മനസ്സുകള്‍ എത്ര വേദനിക്കുന്നുണ്ടായിരിക്കും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമോഒരു ദൂരയാത്രക്കു വട്ടം കൂട്ടുമ്പോള്‍,ആ മനസ്സുകളില്‍ വളരുന്ന ചോദ്യങ്ങള്‍ എത്രയായിരിക്കും. എന്റെ കുഞ്ഞ് എവിടെയായിരിക്കുമോ ? അവന്‍ കൃത്യമായി എത്തിച്ചേര്‍ന്നോ ? നല്ല ഭക്ഷണം കിട്ടിക്കാണുമോ ? ഉറങ്ങാന്‍ നല്ല മെത്ത കിട്ടിക്കാണുമോ ?
തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ,നല്ല ഭക്ഷണം കൊടുക്കാന്‍ ,തങ്ങളുടെ സുഖസൌകര്യങ്ങള്‍ കൂടിയാണ് ഈ മാതാപിതാക്കള്‍ വേണ്ടെന്നു വെയ്ക്കുന്നത്. കാരണം തനിക്ക് ലഭിക്കാഞ്ഞത് തന്റെ കുട്ടിക്കെങ്കിലും ലഭിക്കണം. വിദ്യാഭ്യാസത്തിനുശേഷം നല്ല ജോലി ലഭിക്കാന്‍ തന്നാലാവുന്നത് അവര്‍ ചെയ്യുന്നു. മക്കള്‍ ഒരു നിലയിലായാല്‍ വിശ്രമിക്കാം‌ എന്നു കരുതുന്ന പാവങ്ങള്‍,മക്കളുടെ മനസ്സ് മാറുന്നത് അറിയുന്നില്ല.അവന്‍ അവളഅ‍ കൂടുതല്‍ സുഖങ്ങളിലേക്ക് പ്രയാണം ചെയ്യാന്‍ തുടങ്ങുന്നു പത്തിരുപത്തിരണ്ടു കൊല്ലം പാലൂട്ടി,സ്നേഹിച്ചു വളര്‍ത്തിയ തങ്ങളുടെ മക്കള്‍ ഇന്നലെയോ അതോ ഏതാനും നാളുകള്‍ക്കു മുമ്പോ പരിചയപ്പെട്ട ഒരാളുടെ കൂടെ എല്ലാം വലിച്ചെറിഞ്ഞു പോകുന്നു. പ്രേമത്തെ വാനോളം വാഴ്ത്താം. പ്രേമിക്കുന്നവര്‍ക്കു കണ്ണില്ല, എന്നൊക്കെ പറയാം
പക്ഷെ അത്തരം അവസരങ്ങളില്‍ ചോര പൊടിയുന്ന,നിലക്കാത്ത രക്തംപ്രവാഹമുള്ള കുറെ ഹൃദയങ്ങളോട് കൂടി നിങ്ങള്‍ ഈ പ്രേമിക്കുന്ന സാഹസികര്‍,പമ്പര വിഡ്ഡികള്‍,സ്വന്തം അച്ചനെയും അമ്മയെയും വഞ്ചിക്കുന്ന ദുഷ്ടന്‍മാര്‍ സമാധാനം പറയണം. അവരുടെ ശാപങ്ങള്‍ക്കുനേരെ, നിങ്ങള്‍ എന്തു പരിചയാണ് തയ്യാറാക്കുന്നത്. അവരുടെ കണ്ണു നീരിലെ വറ്റിക്കാന്‍ നിങ്ങളുടെ കയ്യില്‍ ഏതു പ്രേമഗീതികളാണ് ഉള്ളത് ? ആ കണ്ണു നീര്‍തുള്ളികളുടെ ലാവാപ്രവാഹത്തില്‍ കുഞ്ഞുങ്ങളെ , നിങ്ങളുടെ പ്രണയനിലാവ് ഉറഞ്ഞുപോകുകയെ ഉള്ളു. പ്രേമം എന്നത് ഒരു ഒഴിവാക്കേണ്ട വികാരം ആയി സമാധാനപ്രേമി കരുതുന്നില്ല. പക്ഷെ സ്വന്തം അച്ചനെയും അമ്മയെയും കരയിച്ചിട്ടുള്ള പ്രേമം നിങ്ങള്‍ക്ക് എന്ത് സന്തോഷമാണ് നേടിത്തരുന്നത് ? നൈമിഷിക സുഖം മാത്രം.
ക്ഷമിക്കണം, പറഞ്ഞു തുടങ്ങിയത് മറ്റൊരു വിഷയം ആയിരുന്നെങ്കിലും, മാതാപിതാക്കളെ തള്ളിപറഞ്ഞ് പ്രേമിക്കുന്നവന്റെ കൂടെ ഒളിച്ചോടി പോയി, അച്ചനമ്മമാരെ സമൂഹത്തില്‍ നാണം കെടുത്തി ഒരു പുതിയ പ്രേമ കാവ്യം രചിച്ച ഒരു സഹപ്രവര്‍ത്തകയെ ഇപ്പോള്‍ ഓര്‍മ്മിച്ചു പോയി.

മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശപിക്കാറില്ല,ഇനി അങ്ങിനെയൊന്ന് സംഭവിച്ചുപോയാല്‍,
നിങ്ങളു‌‌ടെ ജീവിതം,സുഖസൌകര്യങ്ങള്‍,സന്തോഷം​,സമാധാനം
ഇവയെല്ലാം ....ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും.
പശ്ചാത്തപിക്കാനോ,മാപ്പുപറയാനോ സമയം ശേഷിച്ചെന്നും വരില്ല.

4 comments:

M.A Bakar said...

പാശ്ചാത്യണ്റ്റെ എല്ലാ ഇസങ്ങളും ഇങ്ങ്‌ കൊണ്ട്‌ വരികയല്ലെ..

വൃദ്ധ മാതാപിതാക്കളെ ചവറുകളായി വലിച്ചെറിയുന്ന സംസ്കാരം നാമും പവിത്രമായി കൊണ്ടാടുകയാണു..
ഇതെല്ലാം തുടക്കം മാത്രം..

പകല്‍കിനാവന്‍ | daYdreaMer said...

അലറിയൊഴുകിയ കടലിന്റെ മേല്‍
പലവഴി തിരിഞ്ഞ ഓളങ്ങളെ
ഒരു തിരയില്‍ കോര്‍ത്ത കപ്പലോട്ടം
ഇല്ലാത്ത ദിശായന്ത്രങ്ങളില്‍ തട്ടി
കൊടുങ്കാറ്റിലലിയാനായ് ഒരു വേള
ഓര്‍ത്തു പോയിരിക്കാം...
ചുറ്റും കാഴ്ചകള്‍ മങ്ങിയ കണ്ണുകള്‍
പെറ്റു പേറിയ കഥകള്‍ പറയും ...
ഒതുക്കി വെച്ച കഥ കൂട്ടുകളില്‍
വെയില്‍ വരച്ച മുട്ടകള്‍ വിരിയുന്നതും
കാത്ത് കുറെ വേഷമില്ലാത്ത രൂപങ്ങള്‍...

"മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശപിക്കാറില്ല,ഇനി അങ്ങിനെയൊന്ന് സംഭവിച്ചുപോയാല്‍,
നിങ്ങളു‌‌ടെ ജീവിതം,സുഖസൌകര്യങ്ങള്‍,സന്തോഷം​,സമാധാനം
ഇവയെല്ലാം ....ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും."

Mr. X said...

Shame!

Anonymous said...

Really a wonderful write up. I appreciate the way you put forth the subject.

You are hundred percent correct.