Saturday, October 8, 2011

സഫലമീയാത്ര - കണ്ണീരിലെഴുതിയ ഒരു വിരഹഗാഥ

പ്രണയം ശരത്കാലമാണെങ്കിൽ , വിരഹം ഒരു കൊടും വേനലാണ്. ഇത് ആരെങ്കിലും എനിക്കു മുമ്പേ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പ്രണയം ഒരു നറും നിലാവ് പോലെ അനുഭവിച്ചറിയാത്തവർ ഉണ്ടാവില്ല , ഉലകിലൊരിടത്തും. പ്രണയത്തിലൂടെ ജീവിതത്തിനു ഒരു അർത്ഥം കൈ വരുമ്പോഴാണ് , ഞാനും നീയും രണ്ടല്ല ഒന്നാണെന്ന തിരിച്ചറിവുണ്ടാവുമ്പോൾ മാത്രമാണ് പ്രണയം അതിന്റെ ഔന്നത്യത്തിൽ എത്തിച്ചേരുന്നത്. ഇങ്ങനെയുള്ള ഒരു ബന്ധത്തിൽ നിന്നുമാത്രമാണ് വിരഹത്തിന്റെ പൊള്ളൽ നമുക്ക് തിരിച്ചറിയാൻ പറ്റുന്നത് , അല്ലെങ്കിൽ അനുഭവിക്കാൻ പറ്റുത്തത്. I think So , എന്നതിൽ നിന്നും I feel so എന്നതിലേക്കുള്ള ഒരു ചേക്കേറൽ. നാളെ വീണ്ടു കാണുമെങ്കിലും , ഇന്നത്തേക്ക് പിരിയുമ്പോൾ കടക്കണ്ണിലൂറുന്ന ഒരു തുള്ള ബാഷ്പം പോലും നമ്മളെ അസ്വസ്ഥരാക്കുമെങ്കിൽ , ഇനിയൊരിക്കലും കാണുകില്ല എന്ന തിരിച്ചറിവിൽ നിന്നും കണ്ണുനീരിനു പകരം വാക്കുകൾ , ഒരു കവിതയായി ഒഴുകുകയാണെങ്കിൾ അതിന്റെ പ്രവാഹം എത്ര ശക്തമായിരിക്കും.
സഫലമീയാത്ര എന്ന മലയാള കവിത , സഹൃദയമനസ്സിൽ ഇപ്പോഴും ഒരു വിങ്ങലായി നിൽക്കുന്നുവെങ്കിൽ അതിനു കാരണം മുകളിൽ പറഞ്ഞ ആ വിങ്ങൽ മാത്രമാണ്. ഒന്നിച്ചുള്ള യാത്രക്കായി മരണം പടിവാതിലിൽ കാത്തു നിൽക്കുന്നു എന്നു തിരിച്ചറിയുമ്പോഴും , പ്രിയതമയെ പിരിയേണ്ടിവരും എന്ന് മനസ്സിലാകുമ്പോഴും വരാൻപോകുന്ന ആതിരയെ ഒരുമിച്ച് കൈകൾ കോർത്ത് എതിരേൽക്കണം എന്നാണ് കവി പറഞ്ഞുവെയ്ക്കുന്നത്. അടുത്ത് കൊല്ലം ആരെന്നും എന്തെന്നും ആർക്കറിയാം എന്ന വരികളിലൂടെ സ്വന്തം ജീവിതത്തിന്റെ അവസാനം കൺമുന്നിൽ വ്യക്തമായ ചിത്രം പോലെ കാണുന്നു അയാൾ.
വ്രണിതമാം കണ്ഠത്തിലിന്നുനോവിത്തിരി കുറവുണ്ടു്…’എന്നു സ്വയം ആശ്വാസം കൊള്ളുന്ന നായകന്‍, ജനലരുകില്‍ നിന്നു് ‘വളരെനാള്‍ കൂടി’ നിലാവിന്റെ നീലിമയിലലിയുന്ന ഇരുളിനെ ഒട്ടൊരാശ്വാസത്തോടെ നോക്കിക്കാണുകയാണ്. ആ നിലാവിനെ ഞാൻ നോക്കി കാണുമ്പോൾ നീയെന്റെ അരികത്തു തന്നെ നിൽക്കു എന്നെഴുതിയിടത്ത് വിരഹത്തിന്റെ ആ പൊള്ളൽ നമ്മളെ നീറ്റുന്നു. പിരിയേണ്ടി വരും എന്ന യാഥാർത്ഥ്യം മനസ്സിലാകുകയും എന്നാൽ പ്രിയസഖിയോട് അതേപ്പറ്റി പറയാൻ കഴിയാത്തതുമായ ഒരു നിസ്സഹായാവസ്ഥ.
നെറുകയില്‍ ഇരുട്ട് പാറാവു നില്‍ക്കുന്ന തെരുവുവിളക്കുകള്‍’ പോലെ ഏതു നിമിഷവും കെട്ടുപോയേക്കാവുന്ന ജീവിതത്തിനെ കുറിച്ചുള്ള ആശങ്കള്‍ക്കിടയിലും കവി പഴയകാലജീവിതത്തിന്റെ സ്മരണകളിലേക്ക് മടങ്ങിപ്പോകുന്നു. ഓര്‍മകള്‍ ഉണ്ടായിരിക്കണം ഒക്കെയും വഴിയോരക്കാഴ്ചകളായ് പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം പാതിയിലേറെക്കടന്നുവല്ലോ വഴി! എന്ന് പറഞ്ഞ് ആസന്നമായ ആ തിരിച്ചുപോക്കിനെക്കുറിച്ച് കവി വരച്ചുവെക്കുന്നു. ദൂരെയങ്ങാണ്ടുയരുന്ന ഊഞ്ഞാൽ പാട്ടു കേട്ട കവി , പ്രിയസഖിയെ ആശ്വസിപ്പിക്കുന്ന വരികൾ കണ്ണുനീർ തുളുമ്പുന്നതാണ്. കാലം ഇനിയും ഉരുളും , എന്നു തുടങ്ങുന്ന വരികൾ സ്വയം ആശ്വസിപ്പിക്കുന്നതോടൊപ്പം , കൂട്ടുകാരിയുടെ കണ്ണുനീർ ഒപ്പിയെടുക്കാനും കവി ശ്രമിക്കുന്നു.
കവിയുടെ സഖി , ഈ കവിത വായിക്കുന്നത് പിറ്റേ ദിവസം മാത്രമാണ്. സാധാരണയിൽ കവിഞ്ഞ ഒരു കവിത എന്നതിലപ്പുറം ഒന്നും തോന്നിയിരുന്നില്ലെന്ന് അവർ പിന്നീട് പറയുകയുണ്ടായി. എന്തോ ഒരു രോഗം എന്നല്ലാതെ , കാൻസർ എന്ന മാരകരോഗം ആയിരുന്നു എന്നറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷമാണ് അറംപറ്റിയതുപോലെയുള്ള ആ വരികളിലെ വേദന മനസ്സിലായത്. അത് ഇപ്പോഴും ആ പുഞ്ചിരിയിലും , ഒരു ഗദ്ഗദമായി അവരിൽ പിടയുന്നു.
വിരഹം , ഒരു നിമിഷത്തേക്കാണെങ്കിലും അത് ചോര പൊടിയുന്നതാണ്. പോയി വരാം എന്നു പറയുന്നിടത്ത് വരും എന്ന പ്രതീക്ഷ നൽകിയാണ് വിടപറയുന്നത്. എന്നാൽ ഒരു തിരിച്ചു വരവ് ഇനിയില്ല എന്നറിയുന്നിടത്ത് ആശ്വാസവാക്കുകളും , സഹതാപങ്ങളും എല്ലാം ചുട്ടുപഴുത്ത ലോഹത്തിലെ മഞ്ഞുതുള്ളിപോലെ അപ്രത്യക്ഷമാകുന്നു.

ഈ കവിത ഇതുവരെ കേൾക്കാത്തവർക്ക് അത് ഇവിടെ നിന്നും ആസ്വദിക്കാം.

കവിയുടെ പ്രിയസഖിയുമായുള്ള അഭിമുഖം ഇവിടെ കേൾക്കാം.

2 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു സാധാരണ കവിത മാത്രമായി ‘സഫലമീയാത്ര’ വായിക്കുന്നതിനേക്കാൾ നാം അസ്വസ്ഥമാവുന്നത്, കവിയുടെ അന്നത്തെ മാനസികാവസ്ഥ അറിഞ്ഞ് വായിക്കുമ്പോഴാണ്.

സമാധാനം said...

പൂർണ്ണമായും ശരി , അതിവിടെ എഴുതാൻ ശ്രമിച്ചതാണ് പരാജയപ്പെട്ടു.