Friday, October 21, 2011

നല്ല യുദ്ധം അഥവാ സുയോധനന്‍

മഹാഭാരതത്തില്‍ ഏറെ പഴി കേട്ട രണ്ട് വ്യക്തികളാണ് ദുര്യോധനനും , കര്‍ണ്ണനും. പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യവും , സ്വത്തും തിരിച്ചു നല്‍കാതെ യുദ്ധത്തിലേക്കു നയിച്ച രണ്ടുപേര്‍ ഇവരാണ്. എന്നാല്‍ മഹാഭാരതത്തില്‍ ദുര്യോധനനെ ഒരു നീചനും , ദുഷ്ഠനുമായല്ലാതെ എവിടെയും നോക്കി കാണുകയുണ്ടായിട്ടില്ല. ശേഷം നടന്ന പഠനങ്ങളിലോ , കാവ്യങ്ങളിലോപോലും ദുര്യോധനന്‍ ദുഷ്ടനായി തന്നെ തുടര്‍ന്നുപോന്നു. ധൃതരാഷ്ട്രര്‍ക്കു ശേഷം , രാജ്യം ഭരിച്ച ദുര്യോധനന്‍ എന്തെങ്കിലും തരത്തിലുള്ള ദ്രോഹം പ്രജകള്‍ക്ക് ചെയ്തതായി എവിടെയും പറയുന്നില്ല. പത്തു പതിനഞ്ച് കൊല്ലം രാജ്യം ഭരിച്ചതില്‍ പ്രജകള്‍ക്ക് യാതൊരു പീഢയും ചെയ്തതായി അറിവില്ല. ആ രാജ്യത്തുനിന്നും അഭയാര്‍ത്ഥിപ്രവാഹം ഉണ്ടായതായി കേട്ടിട്ടില്ല. ഇതു മാത്രമല്ല യുദ്ധമെല്ലാം കഴിഞ്ഞു വനവാസത്തിനു പുറപ്പെട്ട ധൃതരാഷ്ട്രരോട് കൌരവപ്രജകള്‍ പറഞ്ഞത്രെ.
അങ്ങയുടെ പുത്രന്‍ ദുര്യോധനരാജാവും ഞങ്ങളെ നന്നായി ഭരിച്ചു. യാതൊരും ദ്രോഹവും ചെയ്തിട്ടില്ല. അച്ഛന്റെ അടുക്കലെന്നപോലെ അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ സ്വസ്ഥരായി കഴിഞ്ഞുകൂടിയതെങ്ങിനെയെന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ . ഇത് ദുര്യോധനന്റെ ഭരണപാടവം തെളിയിക്കുന്നു.
മാത്രവുമല്ല , ഗുരുജനങ്ങളോടും , മുതിര്‍ന്നവരോടും അത്യധികം ഭയഭക്തി ബഹുമാനങ്ങളോടും കൂടിയ ആളുമായിരുന്നു ദുര്യോധനന്‍. പാണ്ഡവരോട് സന്ധിയാകുക എന്ന ഒരൊറ്റകാര്യത്തിലൊഴികെ ബാക്കി എല്ലാത്തിലും അയാള്‍ മുതിര്‍ന്നവരെ അനുസരിച്ചിട്ടുള്ളതായി നമുക്കു കാണാം. ഈ കാര്യത്തിലാകട്ടെ , തന്റെ അമ്മാവനായ ശകുനിയെപോലുംഅയാള്‍ ധിക്കരിച്ചു. എല്ലാറ്റിലും ഉപരിയായി ദുര്യോധനനുള്ള മാത്യഭക്തിയെ വളരെ മനോഹരമായി തന്നെ വ്യാസമുനി വരച്ചുവെച്ചിട്ടുണ്ട്. യുദ്ധം നടന്ന പതിനെട്ടു ദിവസവും മുടങ്ങാതെ അമ്മയെകണ്ട് അനുഗ്രഹം വാങ്ങിയാണ് ദുര്യോധനന്‍ പടക്കളത്തിലേക്ക് പുറപ്പെട്ടത്. ഈ പതിനെട്ടു ദിവസവും മകന് വിജയമാശംസിക്കുന്നതിനു പകരം ഗാന്ധാരി ധര്‍മ്മമുള്ളിടത്തേ വിജയം ഉണ്ടാകു എന്നു പറഞ്ഞാണ് മകനെ അയച്ചത്. അമ്മ തനിക്കു വിജയം ആശംസിക്കുന്നില്ല എന്നറിഞ്ഞിട്ടും മുടങ്ങാതെ പതിനെട്ടു ദിവസവും ആ കാല്‍ക്കീഴില്‍ ദുര്യോധനന്‍ വണങ്ങി. ഗാന്ധാരിയുടെമഹത്വത്തെയും , ഒട്ടു കുറയാതെ ദുര്യോധനന്റെ മാതാപിതാ ബഹുമാനത്തെയും ഈ ചിത്രം കാണിക്കുന്നു.
അങ്ങേയറ്റം ശത്രുപക്ഷപാതിയെന്നറിയപ്പെട്ടിരുന്ന ഭഗവാന്‍ കൃഷ്ണനോടുപോലും ദുര്യോധനന്‍ ഭക്തിബഹുമാനങ്ങളുണ്ടായിരുന്നു. ദൂതുമായി ചെന്ന കൃഷ്ണനെ ഏതിരേല്‍ക്കുന്ന സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ ഇങ്ങനെ പറയുന്നുണ്ട്.
സഹി പുജ്യമതോ ദേവ: കൃഷ്ണ: കമലാലോചന:
ത്രയാണാമപി ലോകാനാം വിദിഥം മമ സര്‍വഥാ
(കമലേഷണനനായി ആ കൃഷ്ണന്‍ മൂവുലകിലും പൂജ്യനത്രെ , എനിക്കു തികച്ചും അറിയാം , എന്ന് അര്‍ത്ഥം ). ക്ഷത്രിയധര്‍മ്മം ശരിയായി അനുഷ്ഠിക്കുന്നതില്‍ നിന്നും , കൃഷ്ണന്റെ പ്രഭാവം എന്നെ പിന്തിരിപ്പിച്ചില്ല.
എന്ന് പിന്നീട് ദുര്യോധനന്‍ പറയുന്നുണ്ട്. പിന്നീട് പടക്കളത്തില്‍ മരിക്കാന്‍ കിടക്കുമ്പോള്‍.
തന്റെ സഹോദരങ്ങളായ തൊണ്ണുറ്റി ഒമ്പതുപേരോടും , അദ്ദേഹത്തിനു അഗാധമായ സ്നേഹവും കരുതലും ഉണ്ടായിരുന്നു. ദുര്യോധനനെ എതിര്‍ത്തുകൊണ്ടിരുന്ന വികര്‍ണ്ണനോടുപോലും അയാള്‍ എന്തെങ്കിലും ദ്രോഹം ചെയ്തതായി അറിവില്ല. മാത്രവുമില്ല , ഈ തൊണ്ണൂറ്റിഒമ്പതുപേരും ദുര്യോധനനുവേണ്ടി ജീവത്യാഗം ചെയ്തു.ഇതില്‍ നിന്നും ദുര്യോധനനുള്ള സഹോദരസ്നേഹം എന്താണെന്നറിയാം.പാണ്ഡവര്‍ അയാളുടെ നേരെ സഹോദരരല്ല , മാത്രവുമില്ല അങ്ങിനെയിരിക്കെ വന്നുകയറിയതുമാണ്. ദുര്യോധനനു കിട്ടേണ്ട ഐശ്വര്യത്തിന്റെ അപഹര്‍ത്താക്കളെന്ന രീതിയില്‍ അവരെ നോക്കി കണ്ടതില്‍ ക്ഷത്രിയനീതിയല്ലാതെ ഒന്നുമില്ല. അവരെ ശത്രുവായി കണ്ടതിനെ അക്കാലത്തു നിലനിന്നിരുന്ന ദണ്ഡനീതിയുമായി ന്യായീകരിക്കാവുന്നതുമാണ്.
അവസാനം ഭീമനാല്‍ ചതിപ്രയോഗത്തില്‍ കാല്‍ചതച്ചുവീണ ദുര്യോധനന്റെ ശരീരത്തില്‍ ദേവകള്‍ നടത്തിയ പുഷ്പവൃഷ്ടിയും അദ്ദേഹത്തിന്റെ പ്രഭാവം പാണ്ഡവരേക്കാള്‍ മേലെയാണെന്ന് കാണിക്കുന്നു. ഇതുകണ്ട് മനസ്സുകെട്ട പാണ്ഡവരോട് ഭഗവാന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.
" ഗദയേന്തി തളര്‍ച്ചയേശാതെ നില്‍ക്കുന്ന ഈ ദുര്യോധനന്‍ ദണ്ഡപാണിയായ കാലനുപോലും ധര്‍മ്മവഴിക്കു കൊല്ലാവുന്നവനല്ല. ഈ വിജയം നിങ്ങളുടേതല്ല , ഇവരെയൊന്നും നിങ്ങള്‍ക്കു നേര്‍വഴിക്കു ജയിക്കാവുന്നവരല്ല , പിന്നെയോ നിങ്ങളുടെ ജയം ആണ് വിധിഹിതം എന്നതുകൊണ്ട് ഞാനാണ് ഇവരെയെല്ലാം നിങ്ങള്‍ക്കുവേണ്ടി കൊന്നത്. "

ഇതില്‍ നിന്നും , മഹാഭാരതത്തില്‍ ശത്രുതയുടെ പര്യായമായി കാണിച്ചുകൊണ്ടിരുന്ന , പഴികേട്ടിരുന്നദുര്യോധനന്‍ അത്രക്കൊന്നും മോശപ്പെട്ട ആളായിരുന്നില്ല എന്നു കാണാം. മാത്രവുമല്ല. വ്യക്തിപ്രഭാവത്തില്‍ മറ്റാരേക്കാളും മുന്നില്‍ നില്‍ക്കുന്നവനും. അയാളെക്കാള്‍ പ്രകാശമുള്ളവനായി ഒരാള്‍ മഹാഭാരതത്തിലുണ്ടെങ്കില്‍ അത് അയാളുടെ സുഹൃത്തായിരുന്ന കര്‍ണ്ണനാണ്.

കടപ്പാട് ഭാരതപര്യടനം

2 comments:

ഞാന്‍ said...

കലക്കി.അങ്ങനെ പറഞ്ഞു കൊടുക്ക്‌.

മിഥുന said...

Well said.