Tuesday, December 16, 2008

കുട്ടി വിപ്ലവം - സോഫ്ട് വെയര്‍ മേഖലയില്‍

കഴിഞ്ഞ കുറെ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സ്വതന്ത്രസോഫ്ട് വെയര്‍ ഉപയോക്താക്കള്‍ തമ്മിലുള്ള വാക്പയറ്റ്. ഇതില്‍ അവസാനത്തേതാണ് കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്ട്ട് വെയര്‍ സെമിനാറിനോടനുബന്ധിച്ച് നടന്ന വിവാദം. നോവല്‍ ആ സെമിനാറില്‍ സ്പോണ്‍സര്‍ ആയി വന്നതാണ് ചില സ്വാതന്ത്ര്യപ്രേമികള്‍ക്ക് സഹിക്കാഞ്ഞത്. എങ്ങനെ സഹിക്കും കാരണം അവരല്ലെ സ്വതന്ത്രസോഫ്ടവെയര്‍ പ്രസ്ഥാനത്തെ നട്ടുവളര്‍ത്തി വലുതാക്കി കൊണ്ടുവന്നത്. അപ്പോള്‍ ആ മരത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്നത് എങ്ങിനെ സഹിക്കും. അപ്പോള്‍ അവര്‍ പ്രതികരിച്ചു വളരെ ശക്തിയായി തന്നെ. നോവലിന്റെ പവലിയനില്‍ ബലാല്‍ക്കാരമായി പോസ്റ്റര്‍ പതിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെ അതി ഭീകരമായി സംഘാടകരെ കടന്നാക്രമിച്ചു. നോവല്‍ എന്ന സോഫ്ട് വെയര്‍ ഭീമനെ നശിപ്പിച്ചു കളയും എന്നു വരെ പ്രഖ്യാപിച്ചു. എഫ.എസ്.എഫ് പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ നയപരിപാടി ആയിരുന്നു ആ സെമിനാര്‍ എന്നു വരെ പറഞ്ഞു പരത്തി. പത്രക്കാരെ കൊണ്ടുപോലും എഴുതിപ്പിച്ചു. കൊച്ചിയില്‍ നടന്ന സെമിനാറില്‍ പുറം വാതിലിലൂടെയാണ് നോവല്‍ പ്രായോജകസ്ഥാനത്ത് വന്നത് എന്ന് സ്ഥാപിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അന്ന് ശരിക്കും തീവ്രവാദികളെ പോലെ തന്നെയായിരുന്നു പെരുമാറിയിരുന്നത്. കമ്മ്യൂണിറ്റി ഏറെക്കുറെ അവരുടെ കൂടെ നിന്നു എന്നും പറയാം.
ഇനി ഇത്തരം കുട്ടി സ്വാതന്ത്ര്യ പടയാളികള്‍ നടത്തിയ സോഫ്ട് വെയര്‍ മീറ്റില്‍ നടന്ന പരിപാടികള്‍ എന്തായിരുന്നു ? സണ്‍ മൈക്രോസിസ്റ്റംസ് അവതരിപ്പിച്ച ഒരു സെഷനില്‍ മൈക്രോസോഫ്ട എക്സ്.പി. ആണത്രെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉപയോഗിച്ചിരുന്നത് . വാര്‍ത്ത വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക. സ്വാതന്ത്ര്യ പടയാളികള്‍ക്ക് എന്തു മറുപടി പറയാനുണ്ട് ? മാത്രമല്ല ആ പരിപാടിയില്‍ ഒന്നില്‍ കൂടുതല്‍ സ്റ്റാളുകളില്‍ പേറ്റന്റ് സോഫ്ട് വെയര്‍ ഉപയോഗിച്ചതായി മറ്റു കമ്മ്യൂണിറ്റികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. എന്തു പറ്റി കുഞ്ഞുങ്ങളെ ? സമാധാന പ്രേമിക്കറിയാം നിങ്ങള്‍ ഒരു പക്ഷെ ഈ അപകടം മുന്‍കൂട്ടി കണ്ടുകാണും, തടയാനും ശ്രമിച്ചുകാണും. പക്ഷെ വരാനുള്ളത് വന്നല്ലെ പറ്റു. ഒരു ഗ്രൂപ്പില്‍ പറഞ്ഞപോലെ തികച്ചും പ്രയോജനരഹിതമായിപ്പോയി ഈ പറഞ്ഞുനടന്ന മഹാസംഭവം. മറ്റു ചിലര്‍ സൂചിപ്പിച്ചപോലെ
പണം നിഷ്പ്രഭമായിപ്പോയി എന്നൊന്നും സമാധാനപ്രേമിക്ക് അഭിപ്രായമില്ല. കാരണം പണത്തിന്‍ അതിന്റേതായ മൂല്ല്യമുണ്ടല്ലോ ? മറ്റൊന്നുകൂടി, ഈ പരിപാടിയുടെ പ്രായോജകലിസ്റ്റില്‍ എച്ച്.പി.യുടെ പേര് കണ്ടതായി ഓര്‍ക്കുന്നു. എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ മൈക്രോസോഫ്ട് ഉത്പന്നങ്ങളെ എറ്റവും കൂടുതല്‍ ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നത് അവരാണ്. അവരുടെ ഏതാണ്ടെല്ലാ ലാപടോപിലും , അവര്‍ ഉപദേശിക്കുന്നത് വിസ്തയോ എക്സ്.പി യോ ഉപയോഗിക്കുവാനാണ്.
സമാധാനപ്രേമി ഒരു ഇടുങ്ങിയി ചിന്താഗതിക്കാരനല്ലേയല്ല. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ആളും അല്ല. പറയാന്‍ തോന്നിയത് പറഞ്ഞു എന്നേ ഉള്ളു.

No comments: