Monday, December 15, 2008

ശ്രീനാരായണ ചിന്തകളും- പിന്‍തുടര്‍ച്ചക്കാരും.

2000-ആണ്ടില്‍ മനോരമ പത്രം ഒരു പ്രത്യേക സപ്ലിമെന്റുമായാണ് പുറത്തിറങ്ങിയത്. കേരളം കണ്ട കഴിഞ്ഞ ആണ്ടിലെ മനുഷ്യന്‍ - ശ്രീനാരായണഗുരു. കേരളത്തിലെ, ഒരു പക്ഷെ ഭാരതത്തിന്റെ തന്നെ ചരിത്രത്തിലെ നവോത്ഥാന നായകന്‍ ആയി ചരിത്രകാരന്‍മാര്‍ വാഴ്ത്തുന്ന ഒരു മഹാനാണ്,ഗുരുദേവന്‍. ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇതാണ് ഒരു കാലഘട്ടം പിന്തുടര്‍ന്നുപോരുന്ന കീഴ്വഴക്കങ്ങളെ അടിമുടി മാറ്റിമറിച്ചത്. അവഗണിക്കപ്പെട്ട ഒരു വര്‍ഗ്ഗത്തിനുവേണ്ടി അരുവിപ്പുറത്ത് 1888 മാര്‍ച്ച് മാസത്തില്‍അദ്ദേഹം നടത്തിയ പ്രതിഷ്ഠ വളരെ പ്രശസ്തമാണ്. തടയാന്‍ വന്ന ബ്രാമണപേക്കോലങ്ങളെ നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞ് അദ്ദേഹം ധീരമായി നേരിട്ടു. അവഗണനയും,അടിച്ചമര്‍ത്തലും കൊണ്ട് അടങ്ങികിടന്നിരുന്ന ഒരു സമൂഹത്തിന്റെ സമരപ്രഖ്യാപനമായിരുന്നു അത്. ശ്രീനാരായണ ഗുരു നിറുത്തിയടത്തുനിന്നാണ് അദ്ദേഹം തുടങ്ങിവച്ച ഒരു മഹാപ്രസ്ഥാനത്തിന്‍ തുടങ്ങേണ്ടിയിരുന്നത്. എസ്.എന്‍.ഡി.പി എന്ന ആ പ്രസ്ഥാനം തുടക്കത്തില്‍ നയിച്ചിരുന്നത് കുമാരനാശാനെപ്പോലുള്ള പ്രമുഖരായിരു്ന്നു. അപ്പോഴെല്ലാം എന്തായിരുന്നോ യോഗത്തിന്റെ ലക്ഷ്യം അതിലേക്കുള്ള ദൂരം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ ഇപ്പോഴോ പ്രസ്ഥാനം എങ്ങോട്ടാണോ പോകേണ്ടത്,അതിനു നേരേ വിപരീതദിശയിലേക്കാണ് പോയ്ക്കോണ്ടിരിക്കുന്നത്. കുമാരനാശാനെപോലുള്ളവര്‍ നയിച്ച ആ പ്രസഥാനം ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം തെറ്റായി സഞ്ചരിച്ചു കഴിഞ്ഞു.
മാറുന്ന കാലാവസ്ഥയില്‍ ഏതൊരു പ്രസ്ഥാനവും കുറെ മാറ്റങ്ങള്‍ക്കു വിധേയമാകേണ്ടിവരും,പക്ഷെ അതെല്ലാം പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായിരിക്കണം.
ഒരിക്കലും വ്യക്തികള്‍ക്കായിരിക്കരുത് പ്രാധാന്യം,പ്രസ്ഥാനത്തിനായിരിക്കണം. യോഗം രാഷ്ട്രീയപാത സ്വീകരിക്കേണ്ടതുണ്ടോ എന്നുള്ളത് വളരെയധികം ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണ്. കാരണം യോഗത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഒന്നില്‍പോലും രാഷ്ട്രീയം കടന്നുവന്നിട്ടില്ല. യോഗത്തിന്റെ മറ്റൊരു തീരുമാനം സമാനചിന്താഗതിക്കാരുമായി ഒത്തുപോകുക എന്നതാണ്. തീരുമാനം വളരെ ശരി തന്നെയായിരുന്നു. പക്ഷെ എന്റെ ലക്ഷ്യവും എന്റെ അയല്‍ക്കാരന്റെ സ്വപ്നവും ഒത്തുചേരുന്ന നാള്‍ വന്നിട്ടില്ല എന്ന കാര്യം യോഗം നേതാക്കള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും കാലം വൈകിയിരുന്നു. യോഗത്തിന്റെ സധീരമായ തീരുമാനം എന്നു വിശേഷിപ്പിക്കേണ്ടുന്ന ഒന്നാണ് മൈക്രോഫിനാന്‍സ് പദ്ധതി. ഇതിന്റെ ജയാപജയങ്ങള്‍ കണക്കെടുക്കേണ്ട
സമയമായില്ലെങ്കിലും ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് എന്താണോ ഈ പദ്ധതി ഉദ്ദേശിക്കുന്നത്,അതിന്റെ അടുത്തെങ്കിലും യോഗ തീരുമാനം എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.

No comments: