Monday, December 28, 2009

മലബാര്‍ എക്സ്പ്രസ്സ്

ഒരു ദിവസം അപ്രതീക്ഷിതമായി മേധാവിയുടെ നിര്‍ ദ്ദേശം കിട്ടുന്നു ഉടനെ പുറപ്പെടുക കണ്ണൂര്‍ക്ക്. അവിടെ പ്രൊജക്ട് ഇംപ്ളിമെന്‍റേഷനുമായി എന്തോ പ്രശ്നമുണ്ട്. പാഞ്ഞോളു ഇന്നു തന്നെ.... കൂടുതല്‍ സംസാരമൊന്നുമില്ല,ഞാനനുസരണയുള്ള കുട്ടിയായി....
വീട്ടിലെത്തി ലൊട്ടുലൊടുക്കുകളെല്ലാം പെറുക്കി റെയില്‍വേസ്റ്റേഷനിലെത്തുന്പോള്‍ സമയം ഏതാണ്ട് ഏട്ടര
അനേഷിച്ചപ്പോളറിയാന്‍ കഴിഞ്ഞു ഇനി കണ്ണൂരിലേക്ക് മലബാര്‍ എക്സ്പ്രസ്സ് മാത്രമേയുള്ളു ,അതാണെങ്കില്‍ പതിനൊന്നുമണിയെങ്കിലും ആവും ഏത്തിച്ചേരാന്‍ . ഇവിടെ എന്നെ എത്തിച്ച എല്ലാവരെയും മനസ്സാ പ്രാകി , കൌണ്ടറിലെ ചേട്ടനോട് പറഞ്ഞു
ഒരു കണ്ണൂര്‍ , സ്ലീപ്പര്‍
ആ മാന്യദേഹം , യാതൊരു മാന്യതയുമില്ലാതെ പറഞ്ഞു
അഞ്ചു മണിക്കു ശേഷം , സ്ലീപ്പര്‍ ക്ളാസ്സ് ടിക്കറ്റ് തരില്ല.
എന്‍റെ നല്ല പ്രാണന്‍ പോയി, മലബാറില്‍ ഈ നേരത്ത് , ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ , ?
എന്‍റെ മനസ്സു വായിച്ചെന്ന വണ്ണം അയാള്‍ പറഞ്ഞു
ഒരു കാര്യം ചെയ്യു, തത്ക്കാലം ജനറല്‍ ടിക്കറ്റ് എടുക്കു എന്നിട്ട് സ്ലീപ്പറില്‍ കയറി ടി.ടിയോട് ചോദിച്ചാല്‍ അയാള്‍
ടിക്കറ്റ് ഉണ്ടെങ്കില്‍ തരും. ടിക്കറ്റുകള്‍ ഉണ്ടാവാറുണ്ട്.
പുള്ളിക്കാരനു നന്ദി പറഞ്ഞു
പതിനൊന്നരയോടെ മലബാര്‍ എത്തിച്ചേര്‍ന്നു.....
ഞാന്‍ വേഗം പുറത്തിറങ്ങി നിന്ന കറുത്ത വേഷധാരിയായ ടി.ടി യെ സമീപിച്ചു
സാര്‍ എനിക്കു നാളെ രാവിലെ കണ്ണൂര്‍ക്ക് ചെല്ലണം , റിസര്‍വേഷന്‍ കിട്ടിയില്ല ദയവു വിചാരിച്ച് ഒരു സീറ്റ് ശരിയാക്കി തരണം.
അയാളെന്നോട് പറഞ്ഞു സീറ്റുണ്ടോ എന്നറിയില്ല , താനേതായാലും എസ് പതിനൊന്നില്‍ കയറിക്കോളു, ഞാനെത്താം.
ഞാനതില്‍ കയറി,കുറച്ചു കഴിഞ്ഞപ്പോളദ്ദേഹം വന്നെത്തി. ഞാന്‍ ചിരിച്ചു കാണിച്ചു.
പുള്ളി എന്നോട് പറഞ്ഞു ഇരുപത്തിനാലാമത്തെ സീറ്റി തനിക്കുപയോഗിക്കാം. രസീത് എഴുതാന്‍ ഞാന്‍ വരാം.
റെയില്‍വേ ഉദ്യോഗസ്ഥനോട് മനസ്സാ നന്ദിയും, പുറത്ത് താങ്ക്സും പറഞ്ഞു ഞാനാ സീറ്റില്‍ ഇരുന്നു.
ഷൊര്‍ണ്ണൂര്‍ അടുക്കാറായി എന്നു തോന്നുന്നു,ഇയാള്‍ രസീതുബുക്കുമായി എന്‍റെ അടുത്തു വന്നു.
ഞാന്‍ എന്‍റെ പേഴ്സ് എടുത്തു , പുള്ളിയോട് ചോദിച്ചു . എത്രയാണ് സാര്‍ ചാര്‍ജ് ?
അയാളറിയിച്ചു.
രസീതെഴുതണോ ? രസീതെഴുതിയാല്‍ നൂറ്റിയന്പത് ,ഇല്ലെങ്കില്‍ അന്പത്.
ഇതെന്‍റെ മണ്ടയില്‍ രജിസ്റ്റര്‍ ചെയ്യാനായി അല്‍പം സമയം എടുത്തു....
സംഭവം മനസ്സിലായ ഞാന്‍ പറഞ്ഞു
രസീത് വേണ്ട,പക്ഷെ വല്ല സ്ക്വാഡും വന്നാല്‍
പേടിക്കേണ്ട , കണ്ണൂര്‍ വരെ എന്തായാലും ഞാനുണ്ടാവും....
അങ്ങിനെ ഞാന്‍ രസീതെഴുതാത്ത ടിക്കറ്റുമായി കണ്ണൂരിലെത്തി...സുരക്ഷിതമായി....

No comments: