Thursday, April 30, 2009

അപ്പുക്കുട്ടന്റെ വീരകൃത്യങ്ങള്‍

എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്.
അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീ‌ടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ...

ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍
അപ്പു - ഇല്ല ചേച്ചി,കൊയ്ത്തു കഴിഞ്ഞു, കുറച്ചു നെല്ലുമായി വന്നതാ...
ചേച്ചി - അതു ശരി എവിടെ അപ്പുക്കുട്ടാ നെല്ല് ?
അപ്പു - നെല്ല്..നെല്ല്..... അയ്യോ ചേച്ചീ ഞാനത് ബസ്സില്‍ വെച്ച് മറന്നുപോയി.

അപ്പുക്കുട്ടനെ ഒരു ദിവസം അമ്മ നെല്ലുണക്കാനിട്ടിരിക്കുന്നിടത്ത് ഇരിത്തിയിട്ടു പോയി. നെല്ലു തിന്നാന്‍ വരുന്ന പറവകളെ ഓടിക്കണം.അതാണ് ജോലി. അപ്പുക്കുട്ടന്‍ പൊതുവേ ദേഷ്യക്കാരനാണ്. മൂക്കത്താണ് ശുണ്ഠി. ഏങ്കിലും അമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ വയ്യല്ലോ ... പണി ഏറ്റെടുത്തു. കോഴികളെക്കൊണ്ടാണ് ഏറെ ശല്ല്യം. ഓടിച്ചാലും ഇതുങ്ങള്‍ കൂട്ടമായി വരും. പിന്നെയും പറത്തും,കുറെ കഴിയുമ്പോള്‍ വരും. അപ്പുക്കുട്ടന്റെ മൂക്ക് ചുവന്നു വിറക്കാന്‍ തുടങ്ങി. അപ്പുക്കുട്ടന്‍ നോക്കിയപ്പോള്‍ എല്ലാ കോഴികളും കൂടി അടുത്തുള്ള തെങ്ങിന്റെ തടത്തിലാണ് പോയിനില്‍ ക്കുന്നത്. കണ്ണുതെറ്റിയാല്‍ വീണ്ടും വരും. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. ഓടി ചെന്ന് ആ കോഴികളെ കാലുമടക്കി ഒരു തൊഴി. കോഴികള്‍ പറന്നുപോയി അപ്പുക്കുട്ടന്റെ തൊഴി കൊണ്ടത് പാവം തെങ്ങിനും. ബാക്കി പറയേണ്ടല്ലോ....

പറയാന്‍ വിട്ടും. ഇദ്ദേഹം ഒരു അയോധന അഭ്യാസി കൂടിയാണ്. ഒന്നര മാസം അടുത്തുള്ള ജിംനേഷ്യത്തില്‍ പോയിട്ടുണ്ട്. ഏതാനും അഴ്ച കളരിപയറ്റും കരാട്ടേയും അഭ്യസിച്ചിട്ടുമുണ്ട്. പറവൂരിലെ അന്നത്തെ പ്രശസ്തമായ കോളേജാണ് കേസരി. കേസരി ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള ഒരു പാരലല്‍ കോളേജ്. അപ്പുക്കുട്ടന്‍ അവിടെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ചേര്‍ന്നിരിക്കുന്ന സമയം. പറവൂര്‍ ആ കാലത്ത് റാവുത്തര്‍മാരുടെ വിളയാട്ട കേന്ദ്രമായിരുന്നു. ഒരു ദിവസം റാവുത്തര്‍ തലമുറയിലെ ഒരുത്തന്‍ മദ്യപിച്ച് ലെക്കുകെട്ട് കേസരി കോളേജിന്റെ വാതില്‍ക്കല്‍ വന്ന് അഭ്യാസം കാണിക്കുവാന്‍ തുടങ്ങി. ആടി കുഴഞ്ഞാണ് അദ്ദേഹത്തിന്റെ നില്‍പ് ഒരു തുമ്പി വന്ന് മുട്ടിയാല്‍ പോലും താഴെ വീഴും. ആ സമയത്താണ് പറവൂരില്‍ പൊതുവെ പുതിയ ആളായ അപ്പുക്കുട്ടനും കൂട്ടുകാരം അതു വഴി വരുന്നത്. ഉടന്‍ അവരെ തടുത്തുനിര്‍ത്തിയായി ഇവന്റെ അഭ്യാസം. ദേഷ്യക്കാരനായ അപ്പുക്കുട്ടന് ഇതൊന്നും വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല. പഠിച്ച ആയോധനമുറകളെല്ലാം മനസ്സിലോര്‍ത്ത് ചാടി ഒരു ഇടി. ഗുണ്ട അതാ കിടക്കുന്നു താഴെ.

അപ്പുക്കുട്ടന്‍ ഹും.....വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോള്‍ തലയില്‍ കേറാന്‍ വരുന്നു.

അപ്പോഴാണ് സംഭവം കണ്ടുനില്‍ക്കുന്ന ചില ഓട്ടോറിക്ഷക്കാര്‍ അടുത്തുവന്ന് അപ്പുക്കുട്ടനോട് ചോദിക്കുന്നത്.

മോനേ നീ വീട്ടില്‍ പറഞ്ഞിട്ടാണോ ‌വന്നിരിക്കുന്നത് ? ഇതാരാണ് എന്നറിയാമോ ? റാവുത്തര്‍മാരിലെ ഏറ്റവും പെശകാണ്. ഇവന്‍ എഴുന്നേറ്റാല്‍ പിന്നെ നീ പടമാണ്. അതു കൊണ്ട് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടോ.

അപ്പുക്കുട്ടന് സംഭവത്തിന്റെ കിടപ്പു ശരിക്കും മനസ്സിലായി.പുള്ളി അടുത്ത വണ്ടിക്കൊന്നും കാത്തുനിന്നില്ല. നേരേ കിഴക്കോട്ട് വിട്ടു. പെരുവാരം അമ്പലത്തിനെ ചുറ്റി നേരേ മന്നം അമ്പലത്തിന്റെ പടിഞ്ഞാറേ വശം വഴി അനച്ചാലു കൂടി വീട്ടിലേക്ക് ഓടി. പിന്നീട് അദ്ദേഹം പറവൂരിലേക്ക് പോയിട്ടില്ല. വിദ്യാഭ്യാസം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്.

ഇത്തരം ഒരാളെ നിങ്ങളുടെ അടുത്തും കണ്ടിട്ടില്ലേ. ഉണ്ടാവും. അപ്പുക്കുട്ടനെ ക്കുറിച്ചു ചുരുക്കി പറഞ്ഞാല്‍....

ഉദാഹരണത്തിന് റേഡിയോയില്‍ ഒരു വാര്‍ത്ത വരുകയാണ്. ജനങ്ങളാരും പുറത്തിറങ്ങരുത്. പുറത്ത് ഭയങ്കര മിസൈല്‍ വര്‍ഷം നടക്കുകയാണ് അപ്പുക്കുട്ടന്‍ ഉടനെ പുരയുടെ മുകളില്‍ ഗോണി വെച്ച് കയറി മുകളില്‍ കൂടി പോകുന്ന ഒരു മിസൈല്‍ താഴേക്കു കൊണ്ടുവരും. എന്നിട്ടേ അലോചിക്കു
അയ്യോ ഇത് മിസൈലല്ലേ .... ഇതു പൊട്ടുമല്ലോ .....

Friday, April 17, 2009

കര്‍ണ്ണകാണ്ഡം


മഹാഭാരതചരിതത്തിലെ അനേകം കഥാപാത്രങ്ങളില്‍ ഏറ്റവും നിന്ദിക്കപ്പെട്ടവനും,വെറുക്കപ്പെട്ടവനും,കളിയാക്കപ്പെട്ടവനും,ആയ ഒരു കഥാപാത്രമാണ് കര്‍ണ്ണന്‍ കുന്തീദേവിയുടെ കനിഷ്ഠപുത്രനായി ജനിക്കുകയും,സൂതപുത്രനായി വളര്‍ത്തപ്പെടുകയും ചെയ്തവനാണ് കര്‍ണ്ണന്‍. അവസാനം സ്വന്തം അനുജനാല്‍ യുദ്ധഭൂമിയില്‍ വെച്ച് കര്‍ണ്ണന്‍ കൊല്ലപ്പെടുന്നു. മഹാഭാരതം ഒന്നുകൊണ്ട് മാത്രം കര്‍ണ്ണനെകുറിച്ച് മനസ്സിലാക്കുവാനോ,പഠിക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല.
താഴെ പറയുന്ന നാല് പുസ്തകങ്ങള്‍ വായിച്ച ശേഷം എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.

ഒന്ന്. മഹാഭാരതം - തമ്പുരാന്‍
രണ്ട്. ഭാരതപര്യടനം - മാരാര്‍
മൂന്ന്. രണ്ടാമൂഴം - എം.ടി.
നാല്. ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണന്‍.

മഹാകവി വ്യാസന്‍ മഹാഭാരതം എഴുതുമ്പോള്‍ ഇട്ടിട്ടുപോയ ചില അര്‍ത്ഥഗര്‍ഭങ്ങളായ,ദീര്‍ഘ മൌനങ്ങളുണ്ട്. പിന്നീട് വായിക്കുന്നവര്‍ക്ക് പൂരിപ്പിക്കുവാന്‍ വേണ്ടി. ആ മൌനവ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം. മരണം വന്നു വാതില്‍ക്കല്‍ തട്ടിവിളിച്ച സന്ദര്‍ഭത്തില്‍പോലും,രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ താന്‍ മറഞ്ഞ നിന്നു എന്ന് എം.ടി. രണ്ടാമൂഴത്തിന്റെ അനുബന്ധത്തില്‍ പറയുന്നുണ്ട്. അത്രക്ക് മനോഹരമായ കാവ്യമാണ് രണ്ടാമൂഴം. മഹാഭാരതത്തിലെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ , പെരുവയറനും,ഊശാന്‍താടിക്കാരനുമായ,ഭീമനെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. എന്നാല്‍ എം.ടി.സ്വീകരിച്ചിരിക്കുന്ന് വീക്ഷണകോണ്‍ ഭീമന്റെയാണ്. വികാരങ്ങളും,വിചാരങ്ങളും,ഒരു പക്ഷേ പാണ്ഡവരില്‍ പ്രമുഖനും,മിടുക്കനുമായ രണ്ടാംപാണ്ഡവന്‍. ഈ ഒരു കാഴ്ചപ്പാടില്‍ കര്‍ണ്ണന്റെ ചിത്രം നേരത്തെ പറഞ്ഞ നിന്ദിക്കപ്പെട്ട,അപമാനിക്കപ്പെട്ട,നാണം കെടുത്തപ്പെട്ട,ഒന്നാണ്. ആദ്യം അഭ്യാസപ്രകടനത്തില്‍,പിന്നെ ദ്രൌപദീ സ്വയംവരത്തില്‍,പിന്നീട് ഗന്ധര്‍വനുമായുള്ള യുദ്ധത്തില്‍. എല്ലായിടത്തും കഥാകാരന്‍ ഭീമന്റെ മുന്നില്‍ കൊമ്പുകുത്തുന്ന ഒരു പോരാളിയായാണ് വരച്ചുകാട്ടുന്നത്. സ്വയംവരത്തില്‍ നാണം കെട്ടതിനുള്ള പ്രതികാരമായാണ് ചൂതില്‍ തോറ്റ്,പണയം വെയ്ക്കപ്പെട്ട പാഞ്ചാലിയെ അപമാനിക്കുവാന്‍ കര്‍ണ്ണന്‍ മുന്‍കൈയെടുക്കുന്നത് എന്ന് നമുക്ക് തോന്നാം. എന്നാല്‍ പി.കെ ബാലകൃഷ്ണന്റെ നോവലുമായി താരതമ്യം ചെയ്യുമ്പോള്‍ നാം എത്തിച്ചേരുന്നത് മറ്റൊരു തന്തുവിലാണ്. എല്ലാത്തിലും മുന്നിലായിരുന്ന പാണ്ഡവരുടെ തോല്‍വിയില്‍.തന്റെ ചിരശത്രുവായ അര്‍ജുനന്റെ നിസ്സഹായാവസ്ഥയില്‍ ഉണ്ടായ ഒരു ആനന്ദഹര്‍ഷമാണ് അവിടെ പ്രതിഫലിച്ചത് എന്നാണ് കര്‍ണ്ണന്‍ പറയുന്നത്. മഹാഭാരതത്തിലോ,മറ്റെവിടെയും കാണാത്ത ആ കര്‍ണ്ണ-കൃഷ്ണസംവാദം ശ്രദ്ധിക്കുക.(പതിനൊന്നാം അദ്ധ്യായം,എണ്‍പത്തി ഏഴു മുതലുള്ള പുറങ്ങള്‍. ). ആ ഒരു സംഭവത്തില്‍ ഞാന്‍ ആത്മനിന്ദയുള്ളവനാണ് എന്ന ഏറ്റുപറച്ചില്‍ ദ്രൌപദിയുടെ മനസ്സില്‍ ഒരു തീരാത്ത വേദനയായി മാറുന്നുണ്ട്. തന്റെ നാലു ഭര്‍ത്താക്കന്‍മാരുടെ ജീവന്‍ കര്‍ണ്ണന്റെ ദാനം ആണെന്നുള്ള തോന്നല്‍ അവളുടെ ഉറക്കം കെടുത്തുന്നു. കര്‍ണ്ണനെ ഒരു യോദ്ധാവായി തന്നെ എല്ലാ പുസ്തകങ്ങളിലും പറയുന്നുണ്ട് ,തര്‍ക്കമില്ല. പക്ഷെ,ഭാരതത്തിലെ ഏറ്റവും മഹാനായ പുരുഷന്‍ എന്നു
ചിത്രീകരിക്കുന്നത് ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലാണ്. ഈ നോവലില്‍ യുദ്ധത്തിനു മുന്‍പ് ,യഥാക്രമം,കൃഷ്ണനും,കുന്തിയും യുദ്ധത്തിനിടയില്‍ ഭീഷ്മരും, കര്‍ണ്ണനോട് അവന്‍ ആരാണെന്നുള്ള
സത്യം തുറന്നു പറയുന്നുണ്ട് . എങ്കില്‍ തന്നെയും,സമയം വളരെ വൈകിയെന്നാണ് കര്‍ണ്ണന്‍ അവരോട് പറയുന്നത്. കൃഷ്ണന്‍ ദ്രൌപദിയുടെ ഒന്നാമൂഴം ഉള്‍പ്പടെ ചക്രവര്‍ത്തീപദം തന്നെ നല്കാം എന്നു പറഞ്ഞിട്ടും,തന്നെ വിശ്വസിച്ച സുഹൃത്തിനെ കൈവെടിയാന്‍ കര്‍ണ്ണന്‍ കൂട്ടാക്കുന്നില്ല. മരണത്തിനുശേഷമുള്ള ലോകത്തില്‍ സന്ധിക്കാം എന്ന് കൃഷ്ണനോടും,അര്‍ജ്ജുനനെയൊഴിച്ച് മറ്റാരേയും കൊല്ലില്ല എന്നു പറഞ്ഞ് കുന്തിയേയും അവന്‍ തിരിച്ചയക്കുന്നു. പറഞ്ഞുപോയ വാക്കില്‍,കൊടുത്തുപോയ വാഗ്ദാനത്തില്‍ നിന്നിളകാതെ നില്‍ക്കാന്‍ കഴിഞ്ഞ ഒരൊറ്റ കഥാപാത്രമേ ഭാരതത്തിലുള്ളു,അത് കര്‍ണ്ണനാണ്. അനശ്വരമായ സുഹൃദ്ബന്ധത്തിന്റെ മനോഹരമായ ഒരു വാള്‍പേപ്പര്‍. വയറ്റാലിയെന്നും,വിഡ്ഡിയെന്നും കളിയാക്കിവിളിച്ച് ഭീമനെ യുദ്ധമുഖത്തു നിന്നും ഓടിക്കുന്ന ഒരു രംഗം ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലില്‍ ഉണ്ട്,യുദ്ധം നിനക്കു പറ്റിയതല്ല വീട്ടില്‍ പോകുന്നതും നിനക്കു നല്ലതാണ് എന്നു പറഞ്ഞ്,വില്ലു കൊണ്ട് വയ്യറ്റില്‍ കുത്തുന്ന കര്‍ണ്ണന്‍. ഭീമന്‍ വളരെയധികം ക്രൂദ്ധനായി അര്‍ജ്ജുനനോട് ഈ സംഭവം വിവരിച്ച് അന്നു തന്നെ കര്‍ണ്ണനെ കൊല്ലാന്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടാമൂഴത്തിലേക്ക് വരുമ്പോള്‍ അതേ സന്ദര്‍ഭത്തില്‍ കര്‍ണ്ണന്‍ നിസ്സഹായനായ അവസ്ഥയില്‍,അവനെ കൊല്ലാന്‍ ഭീമന്‍ അമ്പുകുലക്കുമ്പോള്‍ സാരഥി വിശോകന്‍ പറയുന്നുണ്ട് അരുതേ ,കൊല്ലരുതേ ... നിന്റെ ജ്യേഷ്ഠനാണ് കര്‍ണ്ണന്‍. കര്‍ണ്ണ കുന്തീ സംവാദം അറിയാതെ കേട്ടുപോയ വിശോകന്‍ ഭീമനോട് തന്റെ സത്യം വെളിവാക്കുന്നു. അതുകേട്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന ഭീമനെ കര്‍ണ്ണന്‍ കളിയാക്കി ഓടിച്ചു എന്നാണ് പറയുന്നത്. അതായത് കര്‍ണ്ണന്‍ തന്റെ ജ്യേഷ്ഠനാണ് എന്നുള്ള വിവരം ഭീമനുകൂടി അറിയാമായിരുന്നു. മുകളില്‍ പറഞ്ഞവയെല്ലാം ഓരോ കഥാകാരന്‍മാരുടെ ഭാവനയാണ്. അതായത് നേരത്തേ പ്രസ്താവിച്ചതുപോലെ,ഗംഭീരമൌനങ്ങള്‍ ലംഘിച്ചിച്ച മഹാന്‍മാരായ കാഥികര്‍. എന്നാല്‍ മഹാഭാരത യുദ്ധം ഒഴിവാക്കാന്‍ കഴിയാവുന്നതായി ഒരാളേയുണ്ടായിരുന്നുള്ളു. അത് കുന്തിയാണ്. ദുര്യോധനന്‍ കര്‍ണ്ണന്റെ ഒറ്റയൊരാളുടെ ബലത്തിലാണ് പാണ്ഡവരെ വെല്ലുവിളിക്കുന്നത്. എന്നാല്‍ അഭിമാനക്ഷതം മറച്ചുവെച്ച് കുന്തി ആ സത്യം നേരത്തെ ലോകത്തിനു വെളിപ്പെടുത്തിയിരുന്നെങ്കില്‍ മഹാഭാരതം തന്നെ വേറൊന്നായിരുന്നേനെ. യുധിഷ്ഠിരന്‍ പിന്നീട് പറയുന്നുണ്ട് തന്റെ അമ്മയെക്കുറിച്ച്, ആ നശിച്ച സ്ത്രീയാണ് എല്ലാറ്റിനും കാരണം (രണ്ടാമൂഴം). ഒന്നോര്‍ത്താല്‍ കുന്തിയ്ക്ക് ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നു പതിനെട്ട് അക്ഷൌഹിണികള്‍ പങ്കെടുത്ത ആ മഹായുദ്ധം. ഇത് കൃഷ്ണനോട് എല്ലാവരും ചോദിക്കുന്നുണ്ട് (ഇനി ഞാന്‍ ഉറങ്ങട്ടെ). കൃഷ്ണന്റെ മറുപടി.

നാം ഓരോരുത്തരും വിധിയുടെ കൈയ്യിലെ കളിപ്പാവകളാണ്,നീയും ഞാനും,എല്ലാം സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. എല്ലാവരും കാരണങ്ങളേ ആകുന്നുള്ളു നമുക്ക് ആവന്റെ ഇഷ്ടത്തിനനുസരിച്ച് ചലിക്കാനേ പറ്റുകയുള്ളു. സംഭവിച്ചതോര്‍ത്ത് ദുഖിച്ചിട്ട് കാര്യമില്ല,അത് വിധിഹിതമാണ് വിധിയെ തോല്പിക്കാന്‍ ദ്രൌപദി നിനക്കോ എനിക്കോ കഴിയുകയില്ല

Tuesday, April 14, 2009

ഈ വിഷുവിന് അച്ഛനെവിടെയാ ?

ഈ വിഷുവിന് അച്ഛനെവിടായാ ? എല്ലാ തവണയും അച്ഛനെനിക്ക് കൈനീട്ടം തരാറുള്ളതല്ലെ. ഇന്നുമാത്രമെന്താ ജോലി കഴിഞ്ഞ് വരാത്തെ ? എവിടെയാ ഈ റിയാദ് ? പപ്പുമാമന്റെ ദുബായ്ക്കും,ജെസ്സ് മാമന്റെ ഖത്തറിനും അടുത്തു തന്നെയാണോ ഈ സ്ഥലം ? കുറെ ദൂരം പോകണോ ? ഫോണിലുടെ സംസാരിച്ചാല്‍ മാത്രം മോന് പോര....നേരിട്ട് കാണണം. ഇപ്പ തന്നെ കാണണം. പിന്നെ ഈ വിഷുവിന് ഞാന്‍ അമ്മയുടെ വീട്ടിലാണ്, അച്ചാച്ചനോട് ചോദിച്ചിട്ടു തന്നെയാ പോയത്. പോകാനിറങ്ങിയപ്പോള്‍ അച്ചാച്ചന്‍ പറയുകാ...എന്നത്തെയും പോലെ...നീ അവിടെ ചെന്ന് തകര്‍ക്കരുത്,അസുഖം ഒന്നും വരുത്തിവെയ്ക്കരുത് എന്ന്. ഞാന്‍ എപ്പഴെത്തെയും പോലെ ശരി പറഞ്ഞു ...ചിരിച്ചു....അച്ചാച്ചനും ചിരിച്ചു...
പക്ഷെ അച്ഛാ...ഇത്തവണ എനിക്കു അസുഖം ഒന്നും വരില്ല കേട്ടോ...ഞാന്‍ പുതിയ മരുന്നു കഴിച്ചു തുടങ്ങിയല്ലോ....കമ്മത്ത് ഡോക്ടറിന്റെ മരുന്നല്ല, വേറെ ഒരു സ്ഥലത്ത് നിന്നാണ് ഇത്തവണ അച്ചാച്ചന്‍ മരുന്നു വാങ്ങിയത്. ഞാനും അച്ചാച്ചനും,അച്ചാമ്മയും കൂടെ പോയാണ് മരുന്ന് വാങ്ങിയത്.
പിന്നെ ഇത്തവണ ഞാന്‍ കളിപ്പാട്ടം ഒന്നും വാങ്ങിതരാന്‍ പറഞ്ഞില്ല,നാസറ് ചേട്ടന്റെ കാറിനാണ് പോയത്. നാസര്‍ ചേട്ടന്‍ നല്ല സ്പീഡിലാണ് പോയത്,കളിപ്പാട്ടം വിക്കണ ഒരു കട പോലും കണ്ടില്ല,പക്ഷെ ഞാന്‍ കരഞ്ഞില്ല സത്യം. അച്ഛന്‍ കൊടുത്തു വിട്ട കാര്‍ റേസ് എനിക്കു കിട്ടുമല്ലോ ?
പക്ഷെ എന്താണ് അത് ഇത്രയും നാളായിട്ടും എനിക്കു കിട്ടാത്തെ. അച്ഛന്റെ കൂട്ടുകാരനോട് ഒന്നു ചോദിക്കണം കേട്ടോ. അച്ഛന്‍ പോയതിനുശേഷം എനിക്ക് കുറെ കളിപ്പാട്ടം കിട്ടിയിട്ടുണ്ട്,എന്തായാലും ഇത്തവണ ഞാനതൊന്നും പാര്‍ട്സ് ആക്കില്ല. കാക്കനാട്ട് പറമ്പിലെ ഉത്സവത്തിനും,കൈപ്പട്ടി അമ്പലത്തിലെ ഉത്സവത്തിനും എല്ലാം എനിക്കു കിട്ടി. ആ...പിന്നെ പറയാന്‍ മറന്നു....നീന ചേച്ചിയും ഒരെണ്ണം എനിക്കു തന്നു. കൂടാതെ നീന ചേച്ചി എനിക്ക് ഒരു‌ടുപ്പും തന്നു. ആ ഉടുപ്പ് ഇട്ടിട്ട് ചേച്ചി എന്റെ ഒരു ഫോട്ടോയും എടുത്തിട്ടുണ്ട്. എന്നിട്ട് ആ ഫോട്ടോ അച്ഛന് അയച്ചു കൊടുക്കാം എന്നും പറഞ്ഞു.
കംപ്യൂട്ടറിലൂടെ എങ്ങിനെയാ ഫോട്ടോ വരുന്നത്,ഫോട്ടോ വരുമെങ്കില്‍ അളുകള്‍ക്കും വരാന്‍ പറ്റുമോ ? ആ ഫോട്ടോ അച്ഛന്‍ കണ്ടില്ലേ ? പിന്നെ ഞാന്‍ എല്ലാ ദിവസവും കുളിക്കുന്നതിനു മുന്‍പ് കൊറെ ഓടും,അച്ഛന്‍ വരുമ്പോഴേക്കും എന്തായാലും ഞാന്‍ ജിമ്മനാകും...നോക്കിക്കോ.

ചാച്ചന്‍ എല്ലാ ദിവസവും കുമ്മട്ടിക്ക വാങ്ങി വരാറുണ്ട്,അത് തിന്നുമ്പോള്‍ അച്ഛന്‍ കൊതിയന്‍ അവിടെ എന്തു ചെയ്യുകയായിരിക്കും എന്ന് ഞാന്‍ പറയും. പിന്നെ അച്ഛാ....ഇപ്പോള്‍ ഞാന്‍ അച്ഛാമ്മയുമായി തല്ലു കൂടല്‍ നിറുത്തി. ഇപ്പോള്‍ കളിക്കാന്‍ എല്ലാവരുമില്ലേ...ആരതി ചേച്ചി,രേവതിചേച്ചി പോരാതെ ഇടപ്പള്ളിയില്‍ നിന്നും ശ്രീ മോള്‍ ചേച്ചിയും വന്നിട്ടുണ്ട്. പക്ഷെ എല്ലാവരും രാത്രിയാകുമ്പോള്‍ പോകും....ഞാന്‍ കരയും ... കരഞ്ഞ് ഉറങ്ങും.
പിന്നേ , വേറൊരു കാര്യമുണ്ട്...അജി വെല്ല്യച്ഛന്‍ ഉത്സവത്തിനു വന്നപ്പോള്‍ എന്റെ പ്രധാന സാധനം കൊണ്ടു വന്നു തന്നിട്ടുണ്ട്,കെ.ജെ..കെ.ജെ.... കിന്റര്‍ജോയി വേണം എന്നു പറയുമ്പോള്‍ അച്ചാച്ചന്‍ പറയും ആ കമ്പനി നിറുത്തി പോയെന്ന്, പിന്നെയെങ്ങനെയാ..അജി വെല്ല്യച്ചനുമാത്രം കിട്ടുന്നെ ?
പിന്നെ അച്ഛാ...ഇവിടെ തിരുത്തിപ്പുറത്ത് മൂന്നുമുയലിനെ മേടിച്ചിട്ടുണ്ട്,നല്ല പഞ്ഞിപുതപ്പുപോലത്തെ മുയലുകള്‍....ഒരെണ്ണത്തിനെ പട്ടി പിടിച്ചു കൊണ്ടുപോയത്രെ.....നല്ല മുയലുകളായിരുന്നു. ഇന്നലെ രാത്രി ഇവിടെ ആരും എന്നെ തോളത്തിട്ടുറക്കാന്‍ ഉണ്ടായിരുന്നില്ല...എനിക്കു സങ്കടം വന്നു. അവസാനം പൊന്നുവിനു മേടിച്ച ഒരു ഊഞ്ഞാലുണ്ടായിരുന്നു...അതിലിരുന്നാണുറങ്ങിയത്. പൊന്നു നേരത്തെ ഉറങ്ങി,അല്ലെങ്കിലും അവള്‍ എന്റെ കുഞ്ഞനുജത്തിയല്ലെ ? അല്ലേ അച്ഛാ....

വേറൊരു പ്രധാന കാര്യമുണ്ട്....ഇത്തവണ എനിക്ക് കൊറേ കൈനീട്ടം കിട്ടി.അച്ഛാമ്മ ആദ്യം എനിക്കു തന്നില്ല,പിന്നെ ഞാന്‍ തല്ലുകൂടി മേടിച്ചു. എല്ലാം കൂടി എട്ടെണ്ണം നീറിക്കോട് നിന്നും കിട്ടി....ആറെണ്ണം തുരുത്തിപ്പുറത്തു നിന്നും കിട്ടിയിട്ടുണ്ട്. അമ്മ പറഞ്ഞതാണ് ഇത്. മുഴുവനും കൂടി ഞാന്‍ ആരു കാണാത്ത ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്. നമ്മുടെ അലമാരിയില്‍ താഴെ,എന്റെ കുഞ്ഞുടുപ്പിന്റെ എല്ലാം അടിയില്‍ വെച്ചിട്ടുണ്ട്...അമ്മയോട് മാത്രം ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ എവിടെയാ വച്ചതെന്ന് ഞാന്‍ മറന്നുപോകും. നമ്മുടെ പുതിയ വീടു പണിയുമ്പോള്‍ , എ.സി.വെക്കണ്ടേ... അതിനാണ് ഈ പൈസ മുഴുവനും....നമ്മുടെ മുറി മുഴുവന്‍ തണുപ്പുകിട്ടുന്ന എ.സി.മേടിക്കാന്‍ ഈ പൈസ മതിയാകുമോ അച്ഛാ....ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ മോനേ നിന്നെക്കൊണ്ടു ഞാന്‍ തോറ്റെടാ....എന്നു പറഞ്ഞ് എല്ലാവരും കൂടി ചിരിച്ചു. ശരിക്കും ഇത്രയും പൈസ മതിയാകുമോ അച്ഛാ....

അച്ഛനവിടെ ചോറു തിന്നോ എന്നു ചോദിക്കാന്‍ അമ്മാമ്മ പറയുന്നു...ചോറു കഴിച്ചോ ? ഇവിടെ എല്ലാവരും ചോറു തിന്നു കഴിഞ്ഞു. മാമനും,അമ്മായിയും പൊന്നുവും എല്ലാം പൊന്നുവിന്റെ അമ്മയുടെ വീട്ടില്‍ പോയി...ഇനി കുറെ ദിവസം കഴിഞ്ഞേ വരു..അപ്പുചേട്ടനും പോകാന്‍ പോകുകയാണ്...പക്ഷെ നാളെ വരും...കൂടാതെ വല്ല്യപ്പുച്ചേട്ടനും നാളെ എത്തും....നാളെ മുതലുള്ള ബഹളങ്ങള്‍ അച്ചാച്ചന്‍ അറിയുമോ എന്തോ ? ഈ ചന്ദ്രയാന്‍ വന്നതില്‍ പിന്നെ എന്റെ കുറുമ്പുകള്‍ എല്ലാവരും അപ്പഴപ്പോളറിയും. മതി...മതി...എന്ന് അമ്മ പറയുന്നു...കൊറേ നേരമായല്ലേ ഈ കിലുക്കല്‍ തുടങ്ങിയിട്ട് എന്ന് ?
ഇനി പിന്നെ വിളിക്കാം കേട്ടോ അച്ചാ.....ബാക്കി വിശേഷങ്ങള്‍ ഇനി വിളിക്കുമ്പോള്‍ പറയാം.

Monday, April 13, 2009

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍ എന്ന തലക്കെട്ട് ഇതിനു ചേരുന്ന ഒന്നല്ല,കാരണം എനിക്കു പ്രിയപ്പെട്ടതായി അനേകം ഗാനങ്ങളുണ്ട്. സംഗീതം ഇഷ്ടപെടുന്ന സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടതായി കുറെ ഗാനങ്ങളുണ്ടായിരിക്കും. എന്നാല്‍ ചില ഗാനങ്ങള്‍,ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍
നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായി തോന്നും. ചിലപ്പോള്‍ അത് നിങ്ങള്‍ വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്ന സുഹൃത്തിനെ കാണുമ്പോള്‍ എവിടെ നിന്നെങ്കിലും ഒഴുകി വരുന്നതാകാം. അല്ലെങ്കില്‍ നിങ്ങളുടെ കാമുകിയോ,ഭാര്യോ അരികിലുള്ളപ്പോള്‍ മ്യൂസിക്ക് സിസ്റ്റത്തില്‍ പാടുന്നതാകാം. ഇനിയതല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആരെങ്കിലും പാടുന്നതാകാം. ശരിക്കും ഇതാണ് കാര്യം,നിങ്ങള്‍ തീരുമാനിക്കു തലക്കെട്ട് ഇതു മതിയോ എന്ന്. ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ... എനിക്കിഷ്ടപ്പെട്ട അനേകം ഗാനങ്ങളുണ്ട് എന്ന് അതില്‍ ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഞാന്‍ കേട്ട,എന്റെ മനസ്സിനെയാകെ ഒരു തൂവല്‍ പോലെ പറത്തിവിട്ട ചില ഗാനങ്ങളുണ്ട്. ആ ഗാനങ്ങളും, അവ ഞാന്‍ കേട്ട സന്ദര്‍ഭങ്ങളും.

ഒന്ന്. ഹരിവരാസനം
സ്ഥലം. ശബരിമല
സമയം ഏകദേശം പതിനൊന്നുമണി രാത്രി
തീയതി. രണ്ടായിരത്തി ഏഴ് ഡിസംബറിലെ ഏതോ ഒരു ദിവസം.

ഹരിവരാസനം കേള്‍ക്കാത്തവരായി ആരു തന്നെ ഉണ്ടായിരിക്കില്ല. കാനനവാസനായ അയ്യപ്പഭഗവാന്റെ പള്ളിയുറക്കത്തിനായി സേവകര്‍ പാടുന്നതാണ് ഹരിവരാസനം. ശബരിമലയില്‍ ഒത്തിരി തവണ പോയിട്ടുണ്ടെങ്കിലും,രാത്രി തങ്ങുന്നത് ആദ്യമായാണ്. അപ്പോഴാണ് ഏകദേശം പതിനൊന്നുമ​ണിയോടെ ദൂരെ നിന്നും ഒരു മന്ത്രോച്ചാരണം പോലെ ഗന്ധര്‍വശബ്ദം ഒഴുകി വരുന്നത്. ഹരിവരാസനം എന്നു തു‌ടങ്ങുന്ന ആ മനോഹരമായ ഉറക്കുപാട്ട്. കലിയുഗവരതനായ അയ്യപ്പന്‍ തന്റെ ഭക്തര്‍ക്ക് ദര്‍ശനം നല്കിയ ശേഷം പള്ളിയുറക്കത്തിനു പോകുന്നു. ആ ഗാനാര്‍ച്ചനയില്‍ പ്രകൃതിയും,സകലചരാചരങ്ങളും ആ ഉറക്കുപാട്ട് മൌനമായി മൂളുന്ന പോലെ എനിക്കു തോന്നി. എന്റെ മനസ്സില്‍ അതിനുമുമ്പൊരിക്കലുമില്ലാത്ത വിധം ഒരു തരം അനുഭൂതി വന്നു നിറയാന്‍ തുടങ്ങി. ഞാന്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. ദൂരെ വിണ്ണില്‍ ചന്ദ്രലേഖ പോലും
ആ പാട്ടിനു ശാന്തമായി കാതോര്‍ക്കുന്ന പോലെ തോന്നി. കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ്. ഇനി ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കുവാനായി പോകുന്നവരോട് ഒരപേക്ഷ ദയവായി രാത്രി ഹരിവരാസനം കൂടി കേട്ട ശേഷം മാത്രമേ മലയിറങ്ങാവു.

രണ്ട്. കണ്ണൈ കലമാനേ (മൂന്നാംപിറൈ എന്ന ചിത്രത്തിലെ ഗാനം)
സ്ഥലം . മൂന്നാറിലെ മാര്‍ത്തോമ്മാ കോട്ടേജ്.
സമയം. പാതിരാത്രിയില്‍ എപ്പഴോ ..
തീയതി. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി ആറ്,ഡിസംബര്‍ മൂന്ന്.

കോളേജില്‍ നിന്നും അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുടെ ഭാഗമായാണ് മൂന്നാറിലെത്തിയത്. മാര്‍ത്തോമ്മാ കോട്ടേജിലാണ് താമസം. നല്ല തണുപ്പ്. നീല നിലാവുള്ള രാത്രി. എല്ലാവരും യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലായി തുടങ്ങി,സമയം പാതിരാത്രി ആയി കാണും. ഉറങ്ങാതെ ആ രാത്രി വെളുപ്പിക്കാനുള്ള മരുന്നുമായി ഞങ്ങള്‍ ചിലര്‍ മാത്രം. തീയും കൂട്ടി,വര്‍ത്തമാനവും പറഞ്ഞിരിക്കുന്നു. ഞങ്ങളിരിക്കുന്നതിന്റെ ഏതാണ്ട് പത്തമ്പതടി അപ്പുറത്തേക്ക് ഒരു താഴ്ചയാണ്,ഒരു താഴ്വര.താഴെ ചെറിയ ചെറിയ കുടിലുകള്‍ മാത്രം. അങ്ങിങ്ങു വെളിച്ചം കാണാം, അവിടെ ഒരു വീടിന്റെ മുറ്റത്ത് ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്,കുട്ടിയെ ഉറക്കാനായിരിക്കണം. അത് ഒരു സ്ത്രീയായിരിക്കണം. മറ്റേതോ ഒരു വീട്ടിലെ റേഡിയോയില്‍ നിന്നോ മറ്റോ കണ്ണൈ കലൈമാനേ എന്ന മനോഹരമായ ഉറക്കുപാട്ട് ഒഴുകി എത്തുന്നു. മൂന്നാംപിറൈ എന്ന ചിത്രത്തില്‍ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ഉറക്കാന്‍ നായകന്‍ പാടുന്ന പാട്ട്. ഞാന്‍ ദൂരേക്ക് നോക്കി,എവിടെയെക്കെയോ വെളിച്ചങ്ങള്‍ യാത്ര നടത്തുന്നു മിന്നല്‍ പിണര്‍ പോലെ.....കാറ്റ് നിശ്ചലമായിരിക്കുന്നു,ആ കുട്ടിയു‌ടെ ഉറക്കത്തെ ശല്ല്യപ്പെടുത്താതിരിക്കുവാന്‍ എന്ന പോലെ. പ്രകൃതിയും ഞാനും മാത്രം ആയിപോയി എന്നൊരു തോന്നല്‍. എന്നില്‍ നിന്നും ഏതോ ഒരുദൃശ്യ തരംഗങ്ങള്‍ പുറത്തേക്ക് പ്രവഹിക്കുന്ന പോലെ ഒരു തോന്നല്‍.

മൂന്ന്.അല്ലയിളം പൂവോ,ഇല്ലിമുളം കാടോ..
സ്ഥലം.ടാജ്മഹാള്‍
സമയം . ഏകദേശം എട്ട് മണി
തീയതി.രണ്ടായിരത്തിഒമ്പത് ഫെബ്രുവരി ഒന്ന്.

ഡെല്‍ഹിയില്‍ എന്റെ സുഹൃത്തും അതിലുപരി എന്റെ അനുജനെപ്പോലെയുമായ നിഷാദിന്റെ കൂടെ യാണ് ഞാന്‍ ടാജ് മഹാള്‍ സന്ദര്‍ശിക്കവാനായി പോയത്. ഒന്നാംതീയതി ഏഴുമണിക്ക് നിസ്സാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന ഒരു ട്രെയിനില്‍ ഞങ്ങള്‍ നേരത്തെ തന്നെ രണ്ട് സീറ്റുകള്‍ റിസര്‍വ്വ് ചെയ്തിരുന്നു. ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഏതാണ്ട് ഉച്ചയോടെ എത്തി,അവിടെ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച്,പ്രണയത്തിന്റെ ആ അനശ്വര പ്രതീകം കാണുവാനായി പോയി. നിങ്ങള്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെങ്കില്‍ ടാജ്മഹാള്‍ വെറും ഒരു മനോഹരമായ സൃഷ്ടി എന്നതിലപ്പുറമൊന്നുമില്ല. ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവനോ...അതോ ഇപ്പോഴും പ്രണയത്തിന്റെ നീല തടാകത്തില്‍ നീന്തി തുടിക്കുന്നവനോ ആണെങ്കില്‍ ഞാന്‍ പറഞ്ഞതിനപ്പുറം ഏന്തെങ്കിലുമൊക്കെ ഉണ്ടാകും. ക്ഷമിക്കുക ഞാന്‍ പ്രേമിച്ചിട്ടില്ല. ഞാനറിയാതെ എന്നെ പ്രണയിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ ഏന്നോട് പൊറുക്കുക. നീല രാവില്‍ ടാജ്കാണണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. വെല്ലപ്പോഴുമല്ലെ ഇവിടെ വരുകയുള്ളു,എന്നുള്ളതുകൊണ്ട നിഷാദും സമ്മതം മൂളി. ഏകേശം ഏട്ടുമണിയോടടുത്ത് കാണും. നീലമഴയില്‍ കുളിച്ചുനില്‍ക്കുകയാണ് ആ വെണ്ണക്കല്‍ ശില്പം. പുറകില്‍ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകേളികള്‍ കണ്ട യമുന , ഇന്നു കൂടുതല്‍ സുന്ദരിയായി ഒഴുകുന്നു. എന്റെ പോര്‍ട്ടബിള്‍ എം.പി.ത്രീ പ്ലെയറില്‍ നിന്നും അല്ലിയിളം പൂവോ ഇല്ലിമുളം കാടോ എന്ന ഗാനം ഒഴുകിവരുന്നു. ഞാന്‍ തോളത്തിട്ട് ഈ പാട്ട് മൂളിയാല്‍ മാത്രമേ എന്റെ മോന്‍ ഉറങ്ങാറുള്ളു. എനിക്ക് വളരെ പ്രിയപ്പെട്ട ഗാനം കൂടിയാണ് ആ സമയത്ത് ഞാന്‍ മോനെ ഓര്‍ത്തുപോയി മൈലുകള്‍ക്കപ്പുറത്ത് അവന്‍ ചിലപ്പോള്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. അത്തരം ഓര്‍മ്മകളും,ടാജിന്റെ അപൂര്‍വ്വസൌന്ദര്യവും കൂടിചേര്‍ന്നപ്പോള്‍ ആ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതായി

ഞാനിതെഴുതുമ്പോള്‍ അവന്‍ ഏതാണ്ട് രണ്ടായിരം മൈലുകള്‍ക്കപ്പുറത്ത് ഉറക്കുപാട്ടുപാടാന്‍ ഞാനില്ലാതെ വാശിപിടിച്ച് അമ്മയോട് തല്ലുപിടിച്ച് ,മാസങ്ങള്‍ക്കുശേഷം കൈനിറയെ കളിപ്പാട്ടവുമായി വിമാനത്തില്‍ വരുന്ന അച്ഛനെയോര്‍ത്ത് വിഷു ആഘോഷങ്ങളും,വിഷുകൈനീട്ടങ്ങളും,വിഷുക്കണിയും എല്ലാം ഓര്‍ത്ത് ഉറക്കം പിടിച്ചിട്ടുണ്ടാകും. അവനെയുറക്കാറുള്ള മറ്റൊരുപാട്ടിന്റെ ചില വരികള്‍ കൂടി ഓര്‍ത്തുകൊണ്ട് അവസാനിപ്പിക്കുന്നു.

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായി ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തു ശാരദനിലാവേ ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ...

Sunday, April 12, 2009

എന്റെ ചേട്ടാ .... മലയാളിയായിരുന്നോ ? ....

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയെല്ലാം മലയാളിയുണ്ട്. കുറെ നാളുകള്‍ക്കു മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു ചിത്രം ഓര്‍മ്മ വരുന്നു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന സമയം അവിടെ ചായക്കട നടത്തുന്ന മലയാളിയായ വാസുചേട്ടന്റെ ചിത്രം. പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലെ ഒരേടില്‍,അദ്ദേഹം ബാലിദ്വീപുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് എന്നു തോന്നുന്നു, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ദ്വീപു കാണാന്‍ പോകുകയും അവിടെയുള്ള ഏക കട നടത്തുന്ന കോഴിക്കോടുകാരനായ ഒരു മലയാളിയെ അദ്ഭുതത്തോടെ പരിചയപ്പെടുന്ന കഥ പറയുന്നുണ്ട്. അങ്ങിനെ മലയാളിയും,മലയാളവും ഇല്ലാത്ത നാടില്ല.
എനിക്കുണ്ടായ അനുഭവം മറ്റൊന്നാണ്.

സ്ഥലം , സൌദി അറേബ്യയിലെ റിയാദിലെ,പ്രശസ്തമായ ഗ്രനേഡസെന്റര്‍ ഷോപ്പിംഗ് മാളിലെ ഫുഡ് കോര്‍ട്ട്. ഇവിടെ ലോകോത്തര ബ്രാന്‍ഡുകള്‍ എല്ലാം കിട്ടും. മക്ഡൊണാള്‍ഡ്,ഡൊമിനോസ്സ്,പിസ്സാഹട്ട് എല്ലാം ..... ഇവിടേക്കാണ് ഞങ്ങള്‍ നാലു മലയാളി സുഹൃത്തുക്കള്‍ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാനായി ചെല്ലുന്നത്. എല്ലാ കടകളിലും കയറിയിറങ്ങി അവസാനം മക്ഡൊണാള്‍ഡ്സില്‍ എത്തിചേര്‍ന്നു. അപ്പോഴേക്കും കൂടെയുള്ള ആനന്ദിനൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും വേണ്ട ഭക്ഷണം മറ്റു കടകളില്‍ നിന്നും വാങ്ങിയിരുന്നു. ആനന്ദ് മെനു എല്ലാം നോക്കിയശേഷം മെനുവില്‍ ഇല്ലാത്ത എന്നാല്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഓര്‍ഡര്‍ ചെയ്തു. വേഗം കടയിലെ പയ്യന്‍ അറബിയില്‍ എന്തോ പറഞ്ഞു .....
ആര്‍ക്കും മനസ്സിലായില്ല,ആനന്ദ് ഇവിടെ ഒരു വര്‍ഷമായ ആളാണ്,ഞങ്ങളെല്ലാവരും പുതിയ ആളുകളും. അതുകൊണ്ട് ആനന്ദ് കയ്യിലുള്ള അറബി ഭാഷ കൊണ്ട് പയ്യനെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു,അവനൊട്ട് മനസ്സിലാവുന്നുമില്ല...സഹികെട്ട് അവന്‍ ചോദിച്ചു.

പയ്യന്‍ - Where u from ?

ആനന്ദ് - India

പയ്യന്‍- Where in India ?

ആനന്ദ് - Kerala

എന്റെ ചേട്ടാ.....മലയാളിയായിരുന്നോ .... ഇത്രയും പറഞ്ഞത് വെറുതെയായല്ലോ ?
ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചുപോയി.....

ശരിക്കും മലയാളിയല്ലേ ലോക പൌരന്‍. ഇവനെ എവിടെ ചെന്നാലും കാണാന്‍ പറ്റും,എല്ലായിടത്തും മലയാളിയുടെ സാന്ന്യദ്ധ്യമുണ്ട്.

മലയാള നാട് ....മലയാളം .... മലയാളി.....

മലയാളത്തെയും...മലയാളിയെയും...മലയാളനാടിനെയും ഓര്ത്തുകൊണ്ട് സ്നേഹത്തിന്റെ, വിശുദ്ധിയുടെ, നന്മയുടെ,പവിത്രതയുടെ ഒരായിരം വിഷു ആശംസകള്

Thursday, April 9, 2009

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

വര്‍ഷം എത്ര കഴിഞ്ഞാലും, ഋതുക്കള്‍ മാറി വന്നാലും, നമ്മളെ വിട്ടുപിരിയാത്ത ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. കാലം ഏതു മുറിവും ഉണക്കും എന്ന് പറയാറുണ്ടെങ്കിലും, ജീവന്‍ ഉടലില്‍ നിന്നും വിട്ടു പിരിയുന്നതു വരെ വിടാതെ പിന്തുടരുന്ന ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. അത് ഒരു പക്ഷേ നാം ഇടപെട്ട ഒരു സംഭവമായിരിക്കും,കണ്ടുനിന്ന ഒന്നായിരിക്കും. ചിലപ്പോള്‍ നമുക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചതായിരിക്കും.
പക്ഷെ ഇതു സംഭവിച്ചത് എന്റെ കലാലയ ജീവിതത്തിനിടയിലാണ്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിരണ്ട്,പ്രീഡിഗ്രി രണ്ടാം വര്‍ഷം. ഞാന്‍ പഠിച്ച കോളേജ് മഹാരാജാസ് പോലെയോ,യു.സി.പോലെയോ വലുതായ ഒന്നല്ലായിരുന്നെങ്കിലും ചെറുതുമല്ലായിരുന്നു. എസ്.എന്‍.എം കോളേജ് മാല്ല്യങ്കര. മഹാത്മാവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ എറണാകുളം ജില്ലയിലെ അവസാനത്തെ കോളേജ്. ചുറ്റുപാടും ചകിരിപാടം കൊണ്ടു പൊതിഞ്ഞ കോളേജ്. ഉള്ളതുകൊണ്ട് ഓണം എന്ന പോലെ നിലവിലുള്ള അടിസ്ഥാനസൌകര്യംകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ തന്നെ സെക്കന്റ് ഗ്രൂപ്പ്,ബി ബാച്ച് എന്നാല്‍ തല്ലിപ്പൊളികളെ മാത്രം തിരഞ്ഞെടുത്ത് രൂപികരിച്ച ഒന്നാണെന്ന സംസാരം തന്നെ ഉണ്ടായിരുന്നു. പഠനം ഒഴിച്ച് ബാക്കിയെല്ലാം നടക്കുന്നു. എ.എ.എസ്.എഫ് എന്ന സംഘടനയുടെ പിന്‍ബലം കൂടിയുള്ളതുകൊണ്ട് സമരവും,ക്ലാസ്സ് കട്ട് ചെയ്യലും എല്ലാം ഭംഗിയായി നടക്കുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്വപ്നസാഫല്യമായ ദിവസമായ ഒന്നാം വര്‍ഷ കുട്ടികള്‍‌ ചേരാനെത്തുന്ന ദിവസം. ജൂലായിലെ ഏതോ ഒരു മഴ ഒഴിഞ്ഞ ദിവസം. പട്ടുപാവാടയും,ബ്ലൌസും അണിഞ്ഞ കുട്ടികള്‍ ആണ് ഏറെയും ഇന്നത്തെ പോലെയുള്ള ജീന്‍സും,മറ്റു മാറാപ്പുകളൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. തരുണീമണികള്‍ എത്തി തുടങ്ങുന്നു. സന്നദ്ധപ്രവര്‍ത്തര്‍ എന്ന പേരില്‍ ഞങ്ങള്‍ ചിലര്‍ സഹായഹസ്തവുമായി പാറി നടക്കുന്നു. ക്ലാസ് അറിയാത്തവര്‍ക്ക് അത് കാണിച്ചുകൊടുക്കുന്നു. പുറകെ ചോദിച്ചു വരുന്ന ആണ്‍ പിള്ളാരെ പോയി എവിടെയെങ്കിലും അന്വേഷിക്കടായെന്നു പറഞ്ഞ് ഓടിക്കുന്നു. ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് എല്ലായിടത്തും കയറി പരിചയപ്പെടല്‍ എന്ന ഒരു ചടങ്ങു തുടങ്ങി. അന്നു കൂടെയുണ്ടായിരുന്ന സഹപാഠികളുടെ ആരുടെയും പേര് ഇന്നെനിക്കോര്‍മ്മയില്ല. പഴയലൈബ്രറിയോടത്തുകിടക്കുന്ന,തീവണ്ടി എന്നു ചുരുക്കപേരില്‍ അറിയപ്പെടുന്ന മൂന്നാംഗ്രൂപ്പുകാരുടെ ക്ലാസ്സിലേക്കാണ് ഞാനടങ്ങുന്ന സംഘം കയറുന്നത്. പെണ്‍കുട്ടികളുടെ മുന്‍നിരയില്‍ തന്നെ പേരു ചോദിക്കല്‍ ആരംഭിച്ചു....ഇപ്പോള്‍ ഓര്‍ക്കുന്നു,സുധീര്‍ അവനാണ് പേരുചോദിക്കുന്നു. സ്ഥലം ഓരോന്നു ചോദിക്കുന്നു. മറ്റെന്തെക്കെയോ ചോദിക്കുന്നു.
അപ്പോഴാണ് മുന്‍നിരയില്‍ ബെഞ്ചിന്റെ അറ്റത്തായിരുന്നിരുന്ന ഒരു കുട്ടി തന്റെ പേര് പറഞ്ഞത് രമ. പെട്ടെന്നാണ് ആ സൈഡില്‍ ചാരിവെച്ചിരുന്ന ഒരു സാമാന്യം വലിയ വടി എന്റെ ശ്രദ്ധയില്‍പെട്ടത്.
ഉടനെ ഞാനത് വലിച്ചെടുത്ത് ആ കുട്ടിയോട് ചോദിച്ചു , ഒടിക്കാനുള്ള ആംഗ്യത്തില്‍ ....

മോളെ എന്തിനാണീ വടി,ആരെയെങ്കിലും തല്ലാനാണോ ? .....

പെട്ടെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്,വളരെ പതുക്കെ,നിസ്സഹായാവസ്ഥയില്‍,നെഞ്ചില്‍ നീറ്റലോടെ.കണ്ണില്‍ അരുതെയെന്ന കരച്ചിലോടെ

അയ്യോ ചേട്ടാ ... വടി എടുക്കെല്ലെ .... അത് എനിക്കു നടക്കാനുള്ളതാണ്....

പിന്നില്‍ നിന്ന് കൂടം കൊണ്ട് ഇടിച്ചപോലെ യാണ് എനിക്കുതോന്നിയത്. എന്റെ കൂടെ നിന്നവരുടെയാരുടെയും മുഖത്ത് ഒരു തുള്ളി ചോരയില്ല. ഒരു നിരാലംബയായ പെണ്‍കുട്ടിയെ ഞാന്‍ അവളുടെ ബലഹീനത അറിഞ്ഞുകൊണ്ടു തന്നെ വേദനിപ്പിച്ചിരിക്കുന്നു. ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിലും...എന്തെങ്കിലും പറഞ്ഞൊപ്പിച്ച് രക്ഷപ്പെടാനായി ഞാന്‍ പറഞ്ഞു.

സോറി..രമ ... ഞാന്‍ അറിഞ്ഞില്ല.

അവള്‍ എന്നോട് പറഞ്ഞു ....

സാരമില്ല ചേട്ടാ.... അറിയാതെയല്ലെ....

അതിനുശേഷം ഏതാണ്ട് പതിനേഴ് കൊല്ലങ്ങള്‍ കടന്നു പോയിരിക്കുന്നു. പിന്നീട്,എന്നെ വേദനിപ്പിച്ച,ഹൃദയം നുറുങ്ങിപോകുന്ന,താങ്ങാന്‍ പറ്റാത്ത് പല സംഭവങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ആ പഴയ സംഭവം ഓര്‍ക്കുമ്പോള്‍ ഞാന്‍ തല കുടഞ്ഞുപോകും,എന്റെ മനസ്സിലെവിടെയോ ഉറങ്ങാത്ത ഒരു മുറിപാട്. ഇതെഴുതുമ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കനലായി ആ സംഭവം ഉണ്ട്.
രമ ഇത് വായിക്കുമോ എന്നെനിക്കറിയല്ല....ഇത് വായിക്കുന്ന ആ സംഭവം ഓര്‍ക്കുന്ന ഏതെങ്കിലും പഴയ കൂട്ടുകാര്‍,അവളെ കാണുമെങ്കില്‍ രമയോട് പറയണം അവളുടെ മുന്നില്‍ വെയ്ക്കാന്‍,ഒരു പുഷ്പാഞ്ജലി പോലെ അര്‍പ്പിക്കുവാന്‍, ആ പഴയ വേദനിപ്പിക്കുന്ന കുസൃതിക്കു പകരമായി എണ്ണമില്ലാത്ത സ്നേഹപൂക്കുടകള്‍ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന്. എപ്പാഴെങ്കിലും ഒരുക്കില്‍ കാണുമ്പോള്‍ നല്കാന്.

Tuesday, April 7, 2009

കണ്ണേ മടങ്ങുക...മനസ്സേ ലജ്ജിക്കുക....

ഭദ്രേ മയങ്ങുക,ശാന്തമായ് ഉറങ്ങുക, കണ്ണിമയ്ക്കാതെ ഇടവേളയില്‍
നിന്റെ നിദ്രക്കു ഞാന്‍ കാവലിരിക്കാം
(.എന്‍.വി- ശാര്‍ങ്ഗപക്ഷികള്‍)

പോയ മാസം നടുക്കമുണര്‍ത്തുന്ന ഒരു വാര്‍ത്ത മാതൃഭൂമി ദിനപത്രത്തിന്റെ ഉള്‍താളുകളില്‍ ഇടം പിടിച്ചിരുന്നു. വൃദ്ധദമ്പതികളെ മക്കള്‍ വഴിയിലുപേക്ഷിച്ചു ക‌ടന്നു കളഞ്ഞു. ഇരുട്ടിന്റെ മറവിലാണ് ആ സര്‍പ്പസന്തതികള്‍ ഈ കൊടും ക്രൂര കൃത്യം ചെയ്തത്. കൈവളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി കണ്ണുംനട്ടായിരിക്കില്ലേ ആ അച്ചനമ്മമാര്‍ സ്വന്തം മക്കളെ നോക്കിയിരിക്കുക.ഒന്നു തുമ്മിയാല്‍,ഉറക്കത്തില്‍ ഒന്നുറക്കെ കരഞ്ഞാല്‍,ഒരു വേദന വന്നാല്‍ തന്റെ പിഞ്ചുകുഞ്ഞിനേക്കാള്‍ നോവുന്നത്,അവരുടെമാതാപിതാക്കളുടെ നെഞ്ചകം ആയിരിക്കും. വലുതായി വരുന്തോറും ആ ആധി കൂടി വരുന്നു. സ്കൂളില്‍ നിന്നും വരാന്‍ വൈകിയാല്‍, ഒരു തലവേദന വന്നാല്‍ നമുക്കറിയില്ലായിരിക്കും ആ മനസ്സുകള്‍ എത്ര വേദനിക്കുന്നുണ്ടായിരിക്കും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമോഒരു ദൂരയാത്രക്കു വട്ടം കൂട്ടുമ്പോള്‍,ആ മനസ്സുകളില്‍ വളരുന്ന ചോദ്യങ്ങള്‍ എത്രയായിരിക്കും. എന്റെ കുഞ്ഞ് എവിടെയായിരിക്കുമോ ? അവന്‍ കൃത്യമായി എത്തിച്ചേര്‍ന്നോ ? നല്ല ഭക്ഷണം കിട്ടിക്കാണുമോ ? ഉറങ്ങാന്‍ നല്ല മെത്ത കിട്ടിക്കാണുമോ ?
തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ,നല്ല ഭക്ഷണം കൊടുക്കാന്‍ ,തങ്ങളുടെ സുഖസൌകര്യങ്ങള്‍ കൂടിയാണ് ഈ മാതാപിതാക്കള്‍ വേണ്ടെന്നു വെയ്ക്കുന്നത്. കാരണം തനിക്ക് ലഭിക്കാഞ്ഞത് തന്റെ കുട്ടിക്കെങ്കിലും ലഭിക്കണം. വിദ്യാഭ്യാസത്തിനുശേഷം നല്ല ജോലി ലഭിക്കാന്‍ തന്നാലാവുന്നത് അവര്‍ ചെയ്യുന്നു. മക്കള്‍ ഒരു നിലയിലായാല്‍ വിശ്രമിക്കാം‌ എന്നു കരുതുന്ന പാവങ്ങള്‍,മക്കളുടെ മനസ്സ് മാറുന്നത് അറിയുന്നില്ല.അവന്‍ അവളഅ‍ കൂടുതല്‍ സുഖങ്ങളിലേക്ക് പ്രയാണം ചെയ്യാന്‍ തുടങ്ങുന്നു പത്തിരുപത്തിരണ്ടു കൊല്ലം പാലൂട്ടി,സ്നേഹിച്ചു വളര്‍ത്തിയ തങ്ങളുടെ മക്കള്‍ ഇന്നലെയോ അതോ ഏതാനും നാളുകള്‍ക്കു മുമ്പോ പരിചയപ്പെട്ട ഒരാളുടെ കൂടെ എല്ലാം വലിച്ചെറിഞ്ഞു പോകുന്നു. പ്രേമത്തെ വാനോളം വാഴ്ത്താം. പ്രേമിക്കുന്നവര്‍ക്കു കണ്ണില്ല, എന്നൊക്കെ പറയാം
പക്ഷെ അത്തരം അവസരങ്ങളില്‍ ചോര പൊടിയുന്ന,നിലക്കാത്ത രക്തംപ്രവാഹമുള്ള കുറെ ഹൃദയങ്ങളോട് കൂടി നിങ്ങള്‍ ഈ പ്രേമിക്കുന്ന സാഹസികര്‍,പമ്പര വിഡ്ഡികള്‍,സ്വന്തം അച്ചനെയും അമ്മയെയും വഞ്ചിക്കുന്ന ദുഷ്ടന്‍മാര്‍ സമാധാനം പറയണം. അവരുടെ ശാപങ്ങള്‍ക്കുനേരെ, നിങ്ങള്‍ എന്തു പരിചയാണ് തയ്യാറാക്കുന്നത്. അവരുടെ കണ്ണു നീരിലെ വറ്റിക്കാന്‍ നിങ്ങളുടെ കയ്യില്‍ ഏതു പ്രേമഗീതികളാണ് ഉള്ളത് ? ആ കണ്ണു നീര്‍തുള്ളികളുടെ ലാവാപ്രവാഹത്തില്‍ കുഞ്ഞുങ്ങളെ , നിങ്ങളുടെ പ്രണയനിലാവ് ഉറഞ്ഞുപോകുകയെ ഉള്ളു. പ്രേമം എന്നത് ഒരു ഒഴിവാക്കേണ്ട വികാരം ആയി സമാധാനപ്രേമി കരുതുന്നില്ല. പക്ഷെ സ്വന്തം അച്ചനെയും അമ്മയെയും കരയിച്ചിട്ടുള്ള പ്രേമം നിങ്ങള്‍ക്ക് എന്ത് സന്തോഷമാണ് നേടിത്തരുന്നത് ? നൈമിഷിക സുഖം മാത്രം.
ക്ഷമിക്കണം, പറഞ്ഞു തുടങ്ങിയത് മറ്റൊരു വിഷയം ആയിരുന്നെങ്കിലും, മാതാപിതാക്കളെ തള്ളിപറഞ്ഞ് പ്രേമിക്കുന്നവന്റെ കൂടെ ഒളിച്ചോടി പോയി, അച്ചനമ്മമാരെ സമൂഹത്തില്‍ നാണം കെടുത്തി ഒരു പുതിയ പ്രേമ കാവ്യം രചിച്ച ഒരു സഹപ്രവര്‍ത്തകയെ ഇപ്പോള്‍ ഓര്‍മ്മിച്ചു പോയി.

മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശപിക്കാറില്ല,ഇനി അങ്ങിനെയൊന്ന് സംഭവിച്ചുപോയാല്‍,
നിങ്ങളു‌‌ടെ ജീവിതം,സുഖസൌകര്യങ്ങള്‍,സന്തോഷം​,സമാധാനം
ഇവയെല്ലാം ....ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും.
പശ്ചാത്തപിക്കാനോ,മാപ്പുപറയാനോ സമയം ശേഷിച്ചെന്നും വരില്ല.

Monday, April 6, 2009

എന്റെ ഗ്രാമം - എന്തിഷ്ടമാണെനിക്കെന്നോ ?

ആലുവക്കും പറവൂരിനും ഇടയിലുള്ള സ്ഥിതി ചെയ്യുന്ന നീറിക്കോട് എന്ന ഗ്രാമം. എന്റെ ഗ്രാമം,എനിക്കേറെ പ്രിയപ്പെട്ട എന്റെ നാട്. അതെല്ലാവര്‍ക്കും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ മറ്റാരേക്കാളും എനിക്ക് എന്റെ നാട് പ്രിയപ്പെട്ടതാണ്. തട്ടാംപടി എന്ന സ്റ്റോപ്പില്‍ ബസ്സിറങ്ങി തെക്കു വശത്തുള്ള ചെറിയ ഇടവഴിയിലൂടെ നടന്നു തുടങ്ങിയാല്‍,പിന്നങ്ങോട്ട് കണ്‍കുളിര്‍ക്കുന്ന കാഴ്ചകളും മനസ്സു നിറയെ സന്തോഷവും ആണ് എനിക്ക്. ഞാന്‍ എത്ര ദൂരയാത്ര കഴിഞ്ഞാണ് വരുന്നതെങ്കിലും എന്റെ യാത്രാക്ഷീണമെല്ലാം ദൂരെ പോകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്.
കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരം. ആരോ ഉണക്കാനിട്ട പച്ചപുതപ്പുപോലെ ,വെയിലില്‍ തിളങ്ങുന്നു. ഇനിയങ്ങോട്ട് ഏകദേശം അരകിലോമീറ്ററോളം ഈ പാടം തന്നെയാണ്. പാടത്തിനരികിലുള്ള ഓല മേഞ്ഞ ചില പുരകളുംഒന്നിടവിട്ട് പുതിയ രീതിയിലുള്ള,നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ക്കപുരകളും കാണാം. നെല്‍ക്കതിരിനിടയില്‍ ചില വെണ്‍ കൊറ്റികള്‍,അവയെ ഓടിച്ചു കളയാനെത്തുന്ന ചില കുട്ടികളും,കല്ലെറിഞ്ഞ പിടിക്കാന്‍ ശ്രമിക്കുന്ന ചില വിരുതന്‍മാരും. ഇവരെയെല്ലാം പറ്റിച്ച് വീണ്ടും കതിരു കൊത്താനിരിക്കുന്ന കൊക്കുകളും. ഈ കാഴ്ചയില്‍ നിന്നും കണ്ണെടുക്കാന്‍ എനിക്കു കഴിയാറില്ല. ആരോ വരച്ച ഒരൊന്നാന്തരം ലാന്‍ഡ്സ്കേപ് പിക്ചര്‍ പോലെയാണ് ഈ കാഴ്ച. ഈ പാടത്തിനൊരരുകിലൂടെയായി മറ്റൊരു പഞ്ചായത്ത് റോഡ് കൂടെ കടന്നു പോകുന്നുണ്ട്. പാടത്തിനരുകായി ഒരതിര്‍ത്തിപോലെ സഞ്ചരിച്ചശേഷം,ഒന്നു വളഞ്ഞുചുറ്റി ഒരു ഭീമന്‍ ഉരഗത്തെപ്പോലെ ആ റോഡ് പോകുന്നു. കുറച്ചു ദൂരം കഴിഞ്ഞാല്‍ ആ വഴി കണ്ണില്‍ നിന്നും മറയുന്നു. ഇപ്പോള്‍ നമ്മുടെ ഇടതുവശത്തായി പാടശേഖരം അവസാനിക്കുന്നു.

കുറെ ദൂരം കൂടി കഴിഞ്ഞാല്‍ ആരും മോഹിക്കുന്ന താന്തോണി പുഴ നമുക്കു കൂട്ടായി എത്തുന്നു. എന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നീറിക്കോട്,കരുമാല്ലുര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ഈ പുഴയെ കുറുകെ കടക്കുവാനായി ഉണ്ടായിരുന്നത് ഒരു മരപ്പാലമായിരുന്നു ഞാന്‍ എപ്പോഴും ഭയാശങ്കകളോടെയാണ് ആ പാലം കടന്നുകൊണ്ടിരുന്നത്. വെറുതെ പേടിക്കാനായി മാത്രം ഒരു പേടി. പുഴയോട് സല്ലപിച്ച ഇത്തിരി നേരം നടന്നുകഴിഞ്ഞാല്‍ എത്തിച്ചേരുന്നത് കൈപ്പെട്ടി ഭഗവതി ക്ഷേത്രം മുറ്റത്തേക്കാണ്. പുഴ,അമ്പലം,പാടങ്ങള്‍ .... നിങ്ങള്‍ എങ്ങിനെ പ്രണയിക്കാതിരിക്കും. വായിച്ച പുസ്തകങ്ങളിലും,കണ്ട സിനിമകളിലും പ്രേമം ആരംഭിക്കുന്നതു തന്നെ ഇത്തരം രംഗങ്ങളില്‍ നിന്നാണല്ലോ. എന്റെ ഗ്രാമം എന്ന മനോഹരമായ സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച് ഈ സുന്ദരമായ ഭൂമിയില്‍ വെച്ചാണ്. കൈപ്പെട്ടി ക്ഷേത്ര പരിസരത്തു നിന്നും വീണ്ടും നമ്മള്‍ നേരത്തെ കൈവിട്ടുപോയ പച്ചപ്പ് നമ്മളെ തേടിയെത്തുന്നു. ക്ഷേത്രപരിസരത്തിനും ശാന്തിയും ഒരു സമാധാന അന്തരീക്ഷവും നല്കാനായി ആ നെല്‍ക്കതിരുകള്‍ അനങ്ങാതെ നിന്നു,അമ്പലത്തില്‍ നിന്നും ഒഴുകി വരുന്ന അഗ്രേപശ്യാമി കേട്ടു നില്‍ക്കുന്നു. വൈകീട്ടുള്ള ദീപാരാധനക്ക് ഒരു പുഷ്പാഞ്ജലി നേരുകയാണോ എന്നു തോന്നു നെല്‍ക്കതിരുകളുടെ ആ നില്‍പു കണ്ടാന്‍. സത്യന്‍ അന്തിക്കാടിന്റെയോ,പത്മരാജന്റെയോ സിനിമകളിലെ പതിവായി കാമുകനെ കാണാന്‍ അമ്പലം ചുറ്റുന്ന സെറ്റുടുത്ത സുന്ദരിയെപോലെ. ഇവിടെ എവിടെയോ എന്റെ യൌവനത്തില്‍ ഞാന്‍ പ്രണയിക്കണം എന്നു തീരുമാനിച്ചുറച്ച ഒരു സുന്ദരി ഉണ്ടായിരുന്നിരിക്കണം. അവള്‍ ഒരു മനോഹരമായ ഞാന്‍ കാണാത്ത ഒരു ചിത്രം പോലെയോ.... ഞാന്‍ കേള്‍ക്കാത്ത ഒരു ഗാനം പോലെയോ.... ഒരു സുന്ദരിയായിരുന്നു. എന്റെ സ്വപ്നങ്ങളില്‍ അവള്‍ ഒരു സുന്ദരിയായിരുന്നു. പക്ഷെ എന്റെ ജീവിതത്തിലെവിടെയും വെച്ച് ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. പറഞ്ഞു വന്ന വിഷയത്തില്‍ നിന്നു കുറച്ചു വ്യതിചലിച്ചുപോയി,പക്ഷെ സന്ദര്‍ഭം പറഞ്ഞപ്പോള്‍ പറഞ്ഞുവെന്നേയുള്ളു.

Sunday, April 5, 2009

വിഷുപുലരി

വീണ്ടും ഒരു മേടപുലരി വന്നെത്തി. ഞാനില്ലാത്ത നാട്ടിലെ ആദ്യത്തെ വിഷുക്കാലം. നാട്ടിലെ വിഷുക്കാലം എന്നും സന്തോഷം തരുന്ന ഒന്നാണ്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നകളും,ഉല്ലാസപൂത്തിരി വിതറുന്ന പ്രഭാതങ്ങളും ആര്‍ത്തുല്ലസിക്കുന്ന പുഴയും,പൂങ്കാറ്റും എല്ലാം വിഷുക്കാലത്തിന്റെ പ്രത്യേകതയാണല്ലോ ? ആദ്യമായാണ് ഒരു വിഷുക്കാലത്തില്‍ നാട്ടില്‍ നിന്നും അകലെയായിപോകുന്നത്. ഈ വിഷുവിനും എല്ലാം അതുപോലെ തന്നെയുണ്ടാകും. ഞാന്‍ മാത്രം ആ ആഘോഷങ്ങളില്‍ പങ്കുകൊള്ളാതെ ദൂരെ...ദൂരെ ഒരു മണലാരണ്യത്തിനു നടുവില്‍ നാട്ടിലെ ഓര്‍മ്മകളുമായി എന്റെ ഗ്രാമത്തിലെ വിഷു ആഘോഷങ്ങളുടെ സ്മരണകളുമായി അടുത്ത അവധിയും എണ്ണി കാത്തിരിക്കുന്നു.

വീട്ടിലേക്കല്ലോ വിളിക്കുന്നു കാട്ടുകിളിയും തുമ്പിയും കടത്തുവള്ളങ്ങളും
വീട്ടില്‍നിന്നല്ലോ ഇറങ്ങി നടക്കുന്നു ചിങ്ങനിലാവും കരച്ചിലും
(വീട്ടിലേക്കുള്ള വഴി - വിനയചന്ദ്രന്‍)


ഏതു ധൂസര സന്ദര്‍ഭത്തില്‍ ജനിച്ചാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവണമീ ഗ്രാമത്തിന്‍ മമതയും,മണവും ........
ഇത്തിരി കൊന്നപ്പൂവും

(വൈലോപ്പിള്ളി)