Sunday, March 29, 2009

തിരഞ്ഞെടുപ്പ്. ഒരു തിരഞ്ഞുനോട്ടം

വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുന്നു. രാഷ്ട്രീയക്കാരുടെ നെട്ടോട്ടം തുടങ്ങി. സീറ്റ് കയ്യിലുള്ളവര്‍ക്ക് അത് നഷ്ടപെടാതിരിക്കാനും, ഇല്ലാത്തവര്‍ക്ക് അത് കയ്യിലാക്കാനും ഉള്ള കളികള്‍ക്കായി കരുക്കള്‍ നീക്കി തുടങ്ങി. ഈ കാലയളവിലെങ്കിലും ഈ ആളുകള്‍ സമ്മതീദായകരായ പൊതുജനങ്ങളെ ഓര്‍ക്കുമല്ലോ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കലാണ് നമ്മള്‍ രാജകീയ പദവി ഉള്ളവരാണ്എന്നുള്ള ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാകുന്നത്. അതു വരെ രാഷ്ട്രീയക്കാരുടെ കുതികാല്‍ വെട്ടലിനെ പഴിച്ചും,നമ്മുടെ ദൌര്‍ഭാഗ്യത്തെമാറോടണച്ചും,അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കപ്പെടുന്ന പാലൊഴുകുന്ന തോടിനെ പറ്റി ചിന്തിച്ചും
സമയം പോക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ചൂടുപിടിക്കുന്ന അന്തരീക്ഷത്തിലെ വാഗ്വാദങ്ങളിലേക്കും നമ്മള്‍ എടുത്തെറിയപ്പെടുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെങ്കിലും നാം നമ്മു‌ടെ നേതാക്കളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നാം പലപ്പോഴും ചോദിക്കുവാന്‍ ആലോചിക്കുകയും,സമയം വരുമ്പോള്‍ മനപൂര്‍വ്വം മറക്കുകയും ചെയ്യുന്ന ചില ചോദ്യങ്ങള്‍. ഞാന്‍ തിരഞ്ഞെടുത്ത് ലോകസഭയിലേക്കോ,നിയമസഭയിലേക്കോ അയക്കുന്ന ആള്‍ എന്റെ നാടിനു വേണ്ടി എന്തു ചെയ്തു. പലപ്പോഴും ലോകസഭയിലെ ചില സംഭവങ്ങള്‍,പത്രത്തിലൂടെ അറിയുന്നത് നമ്മളെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. കേരളത്തിലെ ചില പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നിന്നു പൊരുതേണ്ട എം.പിമാര്‍ അത് ചെയ്യാതെ ഉത്തരദേശത്തില്‍ നിന്നും , ദക്ഷിണദേശത്തില്‍ നിന്നും വരുന്ന ചില മിടുക്കന്‍മാരായ ആളുകളുടെ പ്രകടനം നോക്കി കൈമെയ് മറന്നു നിന്നു പോകാറാണ് പതിവ്.എല്ലാ റെയില്‍വേ ബഡ്ജറ്റിനു ശേഷവും നമുക്ക് വായിക്കാന്‍ കഴിയുന്ന ഒരു സ്ഥിരം വാര്‍ത്തയാണ്, കേരളത്തിനു പദ്ധതി വിഹിതമില്ല. പകരം വിലപേശാന്‍ കഴിയുന്ന ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തീവണ്ടികള്‍,പാത ഇരട്ടിപ്പിക്കലുകള്‍,വൈദ്യൂതീകരണം എന്നിവ. കേരളത്തിനു വേണ്ടി സംസാരിക്കാന്‍ ആരാണിവിടെ ? രാജധാനി എക്സ്പ്രസ്സ് മാത്രമല്ല ഇതില്‍ കൂടെ ഓടേണ്ടത് .... സാധാരണക്കാരായ ജനങ്ങള്‍ക്കും ഇതിലൂടെ സഞ്ചരിക്കേണം. അവസാനം ഈ ജനനേതാക്കളും പരസ്പരം പഴിചാരും. എല്ലാ ദിവസവും കൊച്ചിയില്‍ നിന്നും ബാംഗ്ളുരീലേക്ക് ധാരാളം സുഖവാസബസ്സുകള്‍ പോകാറുണ്ട് ശരാശരി യാത്രക്കൂലി എഴുന്നുറു രൂപ വരും. ട്രെയിനിന്റെ അഭാവം മൂലം ആളുകള്‍ ഈ കൊള്ളക്കൂലി കൊടുത്ത് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ പീക്ക് സമയത്ത് ഒരു ട്രെയിന്‍ കൂടി അനുവദിച്ചാല്‍ ഇ‌ടത്തരം കൂലി കൊടുത്ത് സാധാരണക്കാരന്‍ യാത്ര ചെയ്യാന്‍ പറ്റില്ലേ ? ‌
ഇത് ഒരു ചെറിയ സംഭവം മാത്രം കേരളത്തിനു ലഭിക്കേണ്ട മറ്റു പല ആനുകൂല്യങ്ങളും ചോദിച്ചു വാങ്ങാതെ പൂരം കാണാന്‍ പോയതുപോലെ തിരിച്ചു വരുന്ന ഇത്തരം ആളുകളെ നാം എന്തിനാണ് നമ്മുടെ നികുതി കൊടുത്തു പോറ്റുന്നത് ? ഇവരുടെ ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കാര്യം വരുമ്പോള്‍ മാത്രം ഉയരുന്ന ഈ കൈകള്‍ക്കുവേണ്ടി എന്തിനാണ് നാം കഷ്ടപെടുന്നത് ? കഴിഞ്ഞ ലോകസഭയുടെ സമ്മേളനകാലയളവില്‍ ഭാഷ അറിയാത്തതുകൊണ്ട് മാത്രം വാ തുറക്കാതിരുന്ന ഒരു എം.പിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.ഇത് ലജ്ജാകരമാണ്. അതുപോലെ ഇവര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ ചിലവഴിക്കേണ്ട തുകയെപ്പറ്റി,ആരും തന്നെ ആ ഫണ്ട് ഉപയോഗിക്കാതെ വെറുതെ കളുയുന്നതായി പത്രങ്ങളില്‍ വായിക്കാറുണ്ട്. പരിഹരിക്കേണ്ടതായ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ തിരിഞ്ഞുനോക്കാതെ കിടക്കുമ്പോഴാണ് ഒരു പ്ലാനിംഗുമില്ലാതെ കോടികള്‍ ഈ മിടുക്കന്മാര്‍ പാഴാക്കികളയുന്നത്.

No comments: