കടൽകൊള്ളക്കാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് , കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ തട്ടിയെടുത്ത് വിലപേശുന്നവർ. എന്നാൽ ഒരു പുതിയതരം കൊള്ളക്കാരാണ് ആകാശകൊള്ളക്കാർ. അതു സർക്കാർ സംവിധാനത്തിൽ കൊള്ളചെയ്യുന്നവർ. ഇവരെ എയർ ഇന്ത്യ എന്നു വിളിക്കാം. മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന മലയാളി , വേനൽമഴ പോലെ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരുവാനായി ടിക്കറ്റെടുക്കാൻ ചെല്ലുമ്പോഴാണ് കൊല്ലുന്ന ചിരിയുമായി ഈ കൊള്ളക്കാർ അവതരിക്കുന്നത്. ഇന്ത്യയുടെ ദേശീയ വിമാനഗതാഗത കമ്പനി ആണ് എയർ ഇന്ത്യ. തരാതരം പോലെ ആളുകളെ പിഴിയുന്ന ഒരു പുതിയ തരം തെമ്മാടികൾ. സൌദി അറേബ്യയിൽ നിന്നും ഈ ഹജ്ജ് കാലത്ത് കൊച്ചിയിലേക്കുള്ള രണ്ട് വിമാനകമ്പനികളുടെ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമായത് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒന്നാമത്തേത് എയർ ഇന്ത്യയുടേയും , രണ്ടാമത്തേത്ശ്രീലങ്കൻ എയർവേയ്സിന്റെയും.
രണ്ടും തമ്മിലുള്ള വ്യത്യാസം കാണുക. ഏതാണ്ട് 1100 റിയാലിന്റെ വ്യത്യാസം ( ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏതാണ്ട് 14000). രണ്ട് വിമാനവും പുറപ്പെടുന്നത് ഒരു സ്ഥലത്തു നിന്നും , എത്തിച്ചേരുന്നത് ഒരേ സ്ഥലത്തും. എയർ ലങ്ക , കൊളംബോ വഴി പോകുന്നു. കൊളംബോയിൽ വെച്ച് വിമാനം മാറികയറണം. ഈ ഒരു വ്യത്യാസം ഒഴിച്ചാൽ എയർഇന്ത്യ ഈടാക്കുന്നത് ഏതാണ്ട് 14000 ഇന്ത്യൻ രൂപ. ഈ ഒരു കൊള്ളത്തരത്തിന് എന്തെങ്കിലും മറുപടി ഉണ്ടോ ? എന്നിട്ടും ഈ തെമ്മാടികൾ പറയുന്നു , ഇത് വർഷാ വർഷം നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്ന്. കൈയ്യിട്ട് വാരി മുടിപ്പിക്കുന്ന കള്ളൻമാർ.
പീക്ക് സമയത്തുപോലും ഏതാണ്ട് 1500 സൌദി റിയാലിന് റിയാദ് - കൊച്ചി സെക്ടറിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന , സൌദിയുടെ ഒരു ബജറ്റ് എയർലൈൻ ഉണ്ടായിരുന്നു , ഫ്ലൈനാസ് എന്ന പേരിൽ. എയർ ഇന്ത്യ 2600 SAR സർവീസ് നടത്തുമ്പോൾ ഇവർ 1500 SAR അപ്പുറം ടിക്കറ്റ് വില പോകാറില്ലായിരുന്നു. യാത്രക്കാരെ അമ്പരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയ് മുതൽ ആ സർവീസ് നിർത്തലാക്കി. കാരണം , എന്താണെന്ന് ഊഹിക്കാമല്ലോ ? ഫ്ലൈനാസ് ഇപ്പോൾ റിയാദ്-കോഴിക്കോട് സെക്ടറിൽ മാത്രമേ പറക്കുന്നുള്ളു. ഹജ്ജ് സീസണിൽ എയർ ഇന്ത്യയുടേയും ഫ്ലൈനാസിന്റേയും ടിക്കറ്റ് നിരക്ക് നോക്കു.
ഏതാണ്ട് 700 റിയാലിന്റെ കുറവ് , ഫ്ലൈനാസിൽ. സാധാരണക്കാരായ പ്രവാസികളെ സർക്കാർ എങ്ങിനെ ദ്രോഹിക്കുന്നു എന്ന് ഇത് കണ്ടാൽ മനസ്സിലാകും. കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളുടെ പണം എന്ന് വാതോരാതെ പ്രസംഗിക്കുന്ന മന്ത്രിമാർ , പ്രവാസി മന്ത്രി തന്നെ മലയാളിയാണ്. എന്നിട്ടും ഈ ഞെക്കി പിഴിയലിനെതിരെ ആരും കണ്ണയക്കുന്നില്ലല്ലോ. ഓ പ്രവാസികളല്ലെ , അവൻമാർക്ക് നാട്ടിൽ വരണമെങ്കിൽ വിമാനം വേണമല്ലോ , എന്ന ചിന്താ ഗതിയായിരിക്കും ഈ കൊള്ളത്തലവൻമാർക്ക്. മാധ്യമങ്ങൾ ഇതിനെതിരെ ഒന്നു രണ്ടു ദിവസം വാർത്ത കാണിക്കും , പിന്നീട് റേറ്റിംഗ് കുറവായ വിഷയം ആയതിനാൽ അവരും പ്ലേഡൌൺ ചെയ്യും. അവസാനം നെടുവീർപ്പിടുന്നത് ഗൾഫ് മലയാളികളും. മലയാളികൾക്ക് നാട്ടിൽ പോകാതിരിക്കാനാവില്ല. കമ്പനിയുടെ നഷ്ടം നികത്താൻ , യാത്രക്കാരെ പിഴിയണോ ? വെള്ളാനകളെ കൊന്നാൽ മതിയില്ലേ. അല്ലെങ്കിൽ ഒരു ബജറ്റ് എയർലൈൻ എങ്കിലും ഈ പീക്ക് സമയത്ത് ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണം. ഇത് ഒരു സാധാരണ ഗൾഫ് മലയാളിയുടെ അപേക്ഷ ആണ് , ലക്ഷകണക്കിനു പ്രവാസികളെ പ്രതിനിധീകരിക്കുന്നവൻ.
No comments:
Post a Comment