മരുഭൂമിയുടെ കഥപറച്ചില്‍ അധികമൊന്നും നമ്മുടെ മലയാള സാഹിത്യത്തില്‍ വന്നിട്ടില്ല. ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ മനുഷ്യനും അധികാരത്തിന്റെ മാറുന്ന മുഖങ്ങളും ആവിഷ്കരിക്കാന്‍ മരുഭൂമിയെ രൂപകമാക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ ‘കറാബു’വിലും ബഷീറിന്റെ ‘ശബ്ദങ്ങ’ളിലും മറ്റു ചില കൃതികളിലും മരുഭൂമി പ്രത്യക്ഷപ്പെടുന്നു. ആടുജീവിതത്തെ സമ്പൂര്‍ണമായും മരുഭൂമി നോവല്‍ എന്നു വിശേഷിപ്പിക്കാം. സാധാരണ ഗള്‍ഫ് രചനകളിലേതുപോലെ ഗൃഹാതുരത ഇവിടെ പ്രതിപാദ്യ വിഷയമാവുന്നില്ല.മറിച്ച് മരുഭൂമിയുടെ ക്രൌര്യവും , ഭീകരതയും ആണ് ഇവിടെ രചിക്കപ്പെട്ടിരിക്കുന്നത്. ആകാശത്തിനു കീഴില്‍ മരുഭൂമിയും, ചക്രവാളത്തോളം നീളുന്ന മണല്‍പ്പരപ്പും. ആട്ടിന്‍പറ്റങ്ങളുടെ നീണ്ടനിരയും സദാസമയവും ദാക്ഷിണ്യമേതും കൂടാതെ നിരീക്ഷിക്കുന്ന അര്‍ബാബിന്റെ ക്രൂര നയനങ്ങളും മാത്രമാണ് നജീബിന്റെ ജീവിതത്തിനു കാവല്‍. പുലര്‍ച്ചെമുതല്‍ ആരംഭിക്കുന്ന പ്രയത്നത്തിന്റെ ദിനസരികള്‍. ആടിനെ കറക്കലും മേയ്ക്കലുമായി തനി ആടു ജന്മത്തിലേക്ക് മനുഷ്യജീവിതം പരിണമിക്കുന്നതിന്റെ ഭീതിജനകമായ അവസ്ഥ ബെന്യാമിന്‍ വിവരിക്കുന്നത് നിര്‍വികാരമായല്ല, കറുത്ത ഹാസ്യത്തിന്റെ അടിയൊഴുക്കോടെയാണ്.
ഗര്‍ഭിണിയായ ഭാര്യ പ്രസവിച്ചുവെന്ന ദൈവത്തിന്റെ അടയാളമായി ഒരാട് പെറ്റു. അതിന് അയാള്‍ നബീലെന്നു പേരിടുന്നു. മകനെപ്പോലെ താലോലിക്കുന്നു. മികച്ച കൊറ്റനാടുകളെ കണ്ടെത്തുന്നതില്‍ വിദഗ്ധനായ അര്‍ബാബ് ആ കുരുന്നിന്റെ പുരുഷത്വം കണ്ടിച്ചിടുന്ന നിമിഷത്തില്‍ സ്വയം ഷണ്ഡനായെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാവുന്നു. ഇത്തരത്തില്‍ ജീവന്റെ ഒരോ അണുവും നശിപ്പിക്കുന്നതിലും അടിമത്വത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ കണ്ടെത്തുന്നതിലും ഉത്സുകമായ മുതലാളിത്തത്തിന്റെ കുശാഗ്രതയെ അര്‍ബാബ് പലപ്പോഴും ഓര്‍മിപ്പിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളുടെ വശ്യതയ്ക്കും പള്ളിമിനാരങ്ങളുടെ നിഴല്‍ക്കറുപ്പിനുമപ്പുറം നിലനില്‍ക്കുന്ന അടിമത്തം ഒരനുഭവമായി ഒരോ വാക്കിലും നിറയുന്നു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള വിലാപങ്ങള്‍ വനരോദനമായി മാറുകയാണ്.
മരുപ്പറമ്പിലെന്നപോലെ ജലമാണ് ഈ സൃഷ്ടിയില്‍ ഏറ്റവും വിലപ്പെട്ടത്. മരുഭൂമിയിലെ മഴ വര്‍ണിക്കുന്നതാണ് ആടുജീവിതത്തിലെ ഏറ്റവും ചൈതന്യമാര്‍ന്ന ഭാഗം. “ഓരോ മഴത്തുള്ളി എന്റെ തലയില്‍ പതിക്കുമ്പോഴും ഓരോ രോമകൂപവും വേദനകൊണ്ടു വിറച്ചെഴുന്നേറ്റു. എന്റെ ദേഹം പൊള്ളുകയും നീറുകയും വിറയ്ക്കുകയും ചെയ്തു. ആദ്യ തുള്ളി വീണതും കഠാരക്കുത്തേറ്റപോലെ പിടഞ്ഞുപോയി”. തുടങ്ങിയ വിവരണങ്ങള്‍ എല്ലാ വാക്കുകള്‍ക്കും മൌനങ്ങള്‍ക്കും അതീതമായ മാനുഷികവികാരം പ്രതിഫലിപ്പിക്കുന്നു. ഇത്രയും പീഡനങ്ങള്‍ ആത്മാവ് ഏറ്റുവാങ്ങുമ്പോഴും ജീവനൊടുക്കണമെന്ന ചിന്ത ഒരിക്കല്‍പ്പോലും അയാളെ തീണ്ടുന്നില്ല. ഓരോ കുത്സിതപ്രവൃത്തിയും ജീവനില്‍ അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്. മൌനത്തെ അതിജീവിക്കാനാണ് അയാള്‍ എകാന്തഭാഷണത്തില്‍ അഭയം കണ്ടെത്തുന്നത്. ഭാഷകള്‍ക്കപ്പുറത്ത് മരുഭൂമിയുടെ ഭാഷ വികസിപ്പിക്കുന്നുമുണ്ട്.
മതിലുകളും തടവറകളും ഒരുതരത്തിലുള്ള സുരക്ഷിതത്വം പ്രദാനംചെയ്യുന്നുവെന്നും അയാള്‍ തിരിച്ചറിയുന്നു. മരുഭൂമിയിലെ മലര്‍ക്കൊത്തുകള്‍പോലെ മനഃസാക്ഷി നഷ്ടപ്പെടാത്ത മനുഷ്യരും നോവലിലുണ്ട്. കുഞ്ഞിക്ക, ഇസ്മായില്‍ ഖാദ്റി തുടങ്ങിയവര്‍. ഇവരാണ് നരകത്തില്‍നിന്നുള്ള അയാളുടെ പലായനം സാധ്യമാക്കുന്നത്. ഒപ്പം രക്ഷപ്പെട്ട ഹക്കീമാവട്ടെ ഉന്മാദം ബാധിച്ച് അനിവാര്യമായ വിധിക്കു കീഴടങ്ങുന്നു. സുനില്‍ എന്ന സുഹൃത്താണ് ബെന്യാമിനോട് നജീബ് എന്ന അത്ഭുതമനുഷ്യനെ കാണാന്‍ പറയുന്നത്; എഴുതാന്‍ നിര്‍ബന്ധിച്ചതും. നന്ദി സുനിലിനോടായിരിക്കണം… അല്ലെങ്കില്‍ അനുഭവങ്ങളുടെ, അനുഭൂതികളുടെ ഈ മരുഭൂമി നമുക്ക് അന്യമാവുമായിരുന്നു.
2 comments:
വായിച്ചിട്ടില്ല ഈ പുസ്തകം. വായിക്കണം.
കഴിഞ്ഞ കുറെ കൊല്ലത്തിനിടയിൽ മലയാളത്തിൽ വന്ന നല്ല നോവലുകളിൽ ഒന്ന് , അല്ല ജീവിതാനുഭവം.
Post a Comment