Monday, April 13, 2009

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍ എന്ന തലക്കെട്ട് ഇതിനു ചേരുന്ന ഒന്നല്ല,കാരണം എനിക്കു പ്രിയപ്പെട്ടതായി അനേകം ഗാനങ്ങളുണ്ട്. സംഗീതം ഇഷ്ടപെടുന്ന സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടതായി കുറെ ഗാനങ്ങളുണ്ടായിരിക്കും. എന്നാല്‍ ചില ഗാനങ്ങള്‍,ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍
നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായി തോന്നും. ചിലപ്പോള്‍ അത് നിങ്ങള്‍ വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്ന സുഹൃത്തിനെ കാണുമ്പോള്‍ എവിടെ നിന്നെങ്കിലും ഒഴുകി വരുന്നതാകാം. അല്ലെങ്കില്‍ നിങ്ങളുടെ കാമുകിയോ,ഭാര്യോ അരികിലുള്ളപ്പോള്‍ മ്യൂസിക്ക് സിസ്റ്റത്തില്‍ പാടുന്നതാകാം. ഇനിയതല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആരെങ്കിലും പാടുന്നതാകാം. ശരിക്കും ഇതാണ് കാര്യം,നിങ്ങള്‍ തീരുമാനിക്കു തലക്കെട്ട് ഇതു മതിയോ എന്ന്. ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ... എനിക്കിഷ്ടപ്പെട്ട അനേകം ഗാനങ്ങളുണ്ട് എന്ന് അതില്‍ ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഞാന്‍ കേട്ട,എന്റെ മനസ്സിനെയാകെ ഒരു തൂവല്‍ പോലെ പറത്തിവിട്ട ചില ഗാനങ്ങളുണ്ട്. ആ ഗാനങ്ങളും, അവ ഞാന്‍ കേട്ട സന്ദര്‍ഭങ്ങളും.

ഒന്ന്. ഹരിവരാസനം
സ്ഥലം. ശബരിമല
സമയം ഏകദേശം പതിനൊന്നുമണി രാത്രി
തീയതി. രണ്ടായിരത്തി ഏഴ് ഡിസംബറിലെ ഏതോ ഒരു ദിവസം.

ഹരിവരാസനം കേള്‍ക്കാത്തവരായി ആരു തന്നെ ഉണ്ടായിരിക്കില്ല. കാനനവാസനായ അയ്യപ്പഭഗവാന്റെ പള്ളിയുറക്കത്തിനായി സേവകര്‍ പാടുന്നതാണ് ഹരിവരാസനം. ശബരിമലയില്‍ ഒത്തിരി തവണ പോയിട്ടുണ്ടെങ്കിലും,രാത്രി തങ്ങുന്നത് ആദ്യമായാണ്. അപ്പോഴാണ് ഏകദേശം പതിനൊന്നുമ​ണിയോടെ ദൂരെ നിന്നും ഒരു മന്ത്രോച്ചാരണം പോലെ ഗന്ധര്‍വശബ്ദം ഒഴുകി വരുന്നത്. ഹരിവരാസനം എന്നു തു‌ടങ്ങുന്ന ആ മനോഹരമായ ഉറക്കുപാട്ട്. കലിയുഗവരതനായ അയ്യപ്പന്‍ തന്റെ ഭക്തര്‍ക്ക് ദര്‍ശനം നല്കിയ ശേഷം പള്ളിയുറക്കത്തിനു പോകുന്നു. ആ ഗാനാര്‍ച്ചനയില്‍ പ്രകൃതിയും,സകലചരാചരങ്ങളും ആ ഉറക്കുപാട്ട് മൌനമായി മൂളുന്ന പോലെ എനിക്കു തോന്നി. എന്റെ മനസ്സില്‍ അതിനുമുമ്പൊരിക്കലുമില്ലാത്ത വിധം ഒരു തരം അനുഭൂതി വന്നു നിറയാന്‍ തുടങ്ങി. ഞാന്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. ദൂരെ വിണ്ണില്‍ ചന്ദ്രലേഖ പോലും
ആ പാട്ടിനു ശാന്തമായി കാതോര്‍ക്കുന്ന പോലെ തോന്നി. കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ്. ഇനി ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കുവാനായി പോകുന്നവരോട് ഒരപേക്ഷ ദയവായി രാത്രി ഹരിവരാസനം കൂടി കേട്ട ശേഷം മാത്രമേ മലയിറങ്ങാവു.

രണ്ട്. കണ്ണൈ കലമാനേ (മൂന്നാംപിറൈ എന്ന ചിത്രത്തിലെ ഗാനം)
സ്ഥലം . മൂന്നാറിലെ മാര്‍ത്തോമ്മാ കോട്ടേജ്.
സമയം. പാതിരാത്രിയില്‍ എപ്പഴോ ..
തീയതി. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി ആറ്,ഡിസംബര്‍ മൂന്ന്.

കോളേജില്‍ നിന്നും അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുടെ ഭാഗമായാണ് മൂന്നാറിലെത്തിയത്. മാര്‍ത്തോമ്മാ കോട്ടേജിലാണ് താമസം. നല്ല തണുപ്പ്. നീല നിലാവുള്ള രാത്രി. എല്ലാവരും യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലായി തുടങ്ങി,സമയം പാതിരാത്രി ആയി കാണും. ഉറങ്ങാതെ ആ രാത്രി വെളുപ്പിക്കാനുള്ള മരുന്നുമായി ഞങ്ങള്‍ ചിലര്‍ മാത്രം. തീയും കൂട്ടി,വര്‍ത്തമാനവും പറഞ്ഞിരിക്കുന്നു. ഞങ്ങളിരിക്കുന്നതിന്റെ ഏതാണ്ട് പത്തമ്പതടി അപ്പുറത്തേക്ക് ഒരു താഴ്ചയാണ്,ഒരു താഴ്വര.താഴെ ചെറിയ ചെറിയ കുടിലുകള്‍ മാത്രം. അങ്ങിങ്ങു വെളിച്ചം കാണാം, അവിടെ ഒരു വീടിന്റെ മുറ്റത്ത് ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്,കുട്ടിയെ ഉറക്കാനായിരിക്കണം. അത് ഒരു സ്ത്രീയായിരിക്കണം. മറ്റേതോ ഒരു വീട്ടിലെ റേഡിയോയില്‍ നിന്നോ മറ്റോ കണ്ണൈ കലൈമാനേ എന്ന മനോഹരമായ ഉറക്കുപാട്ട് ഒഴുകി എത്തുന്നു. മൂന്നാംപിറൈ എന്ന ചിത്രത്തില്‍ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ഉറക്കാന്‍ നായകന്‍ പാടുന്ന പാട്ട്. ഞാന്‍ ദൂരേക്ക് നോക്കി,എവിടെയെക്കെയോ വെളിച്ചങ്ങള്‍ യാത്ര നടത്തുന്നു മിന്നല്‍ പിണര്‍ പോലെ.....കാറ്റ് നിശ്ചലമായിരിക്കുന്നു,ആ കുട്ടിയു‌ടെ ഉറക്കത്തെ ശല്ല്യപ്പെടുത്താതിരിക്കുവാന്‍ എന്ന പോലെ. പ്രകൃതിയും ഞാനും മാത്രം ആയിപോയി എന്നൊരു തോന്നല്‍. എന്നില്‍ നിന്നും ഏതോ ഒരുദൃശ്യ തരംഗങ്ങള്‍ പുറത്തേക്ക് പ്രവഹിക്കുന്ന പോലെ ഒരു തോന്നല്‍.

മൂന്ന്.അല്ലയിളം പൂവോ,ഇല്ലിമുളം കാടോ..
സ്ഥലം.ടാജ്മഹാള്‍
സമയം . ഏകദേശം എട്ട് മണി
തീയതി.രണ്ടായിരത്തിഒമ്പത് ഫെബ്രുവരി ഒന്ന്.

ഡെല്‍ഹിയില്‍ എന്റെ സുഹൃത്തും അതിലുപരി എന്റെ അനുജനെപ്പോലെയുമായ നിഷാദിന്റെ കൂടെ യാണ് ഞാന്‍ ടാജ് മഹാള്‍ സന്ദര്‍ശിക്കവാനായി പോയത്. ഒന്നാംതീയതി ഏഴുമണിക്ക് നിസ്സാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന ഒരു ട്രെയിനില്‍ ഞങ്ങള്‍ നേരത്തെ തന്നെ രണ്ട് സീറ്റുകള്‍ റിസര്‍വ്വ് ചെയ്തിരുന്നു. ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഏതാണ്ട് ഉച്ചയോടെ എത്തി,അവിടെ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച്,പ്രണയത്തിന്റെ ആ അനശ്വര പ്രതീകം കാണുവാനായി പോയി. നിങ്ങള്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെങ്കില്‍ ടാജ്മഹാള്‍ വെറും ഒരു മനോഹരമായ സൃഷ്ടി എന്നതിലപ്പുറമൊന്നുമില്ല. ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവനോ...അതോ ഇപ്പോഴും പ്രണയത്തിന്റെ നീല തടാകത്തില്‍ നീന്തി തുടിക്കുന്നവനോ ആണെങ്കില്‍ ഞാന്‍ പറഞ്ഞതിനപ്പുറം ഏന്തെങ്കിലുമൊക്കെ ഉണ്ടാകും. ക്ഷമിക്കുക ഞാന്‍ പ്രേമിച്ചിട്ടില്ല. ഞാനറിയാതെ എന്നെ പ്രണയിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ ഏന്നോട് പൊറുക്കുക. നീല രാവില്‍ ടാജ്കാണണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. വെല്ലപ്പോഴുമല്ലെ ഇവിടെ വരുകയുള്ളു,എന്നുള്ളതുകൊണ്ട നിഷാദും സമ്മതം മൂളി. ഏകേശം ഏട്ടുമണിയോടടുത്ത് കാണും. നീലമഴയില്‍ കുളിച്ചുനില്‍ക്കുകയാണ് ആ വെണ്ണക്കല്‍ ശില്പം. പുറകില്‍ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകേളികള്‍ കണ്ട യമുന , ഇന്നു കൂടുതല്‍ സുന്ദരിയായി ഒഴുകുന്നു. എന്റെ പോര്‍ട്ടബിള്‍ എം.പി.ത്രീ പ്ലെയറില്‍ നിന്നും അല്ലിയിളം പൂവോ ഇല്ലിമുളം കാടോ എന്ന ഗാനം ഒഴുകിവരുന്നു. ഞാന്‍ തോളത്തിട്ട് ഈ പാട്ട് മൂളിയാല്‍ മാത്രമേ എന്റെ മോന്‍ ഉറങ്ങാറുള്ളു. എനിക്ക് വളരെ പ്രിയപ്പെട്ട ഗാനം കൂടിയാണ് ആ സമയത്ത് ഞാന്‍ മോനെ ഓര്‍ത്തുപോയി മൈലുകള്‍ക്കപ്പുറത്ത് അവന്‍ ചിലപ്പോള്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. അത്തരം ഓര്‍മ്മകളും,ടാജിന്റെ അപൂര്‍വ്വസൌന്ദര്യവും കൂടിചേര്‍ന്നപ്പോള്‍ ആ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതായി

ഞാനിതെഴുതുമ്പോള്‍ അവന്‍ ഏതാണ്ട് രണ്ടായിരം മൈലുകള്‍ക്കപ്പുറത്ത് ഉറക്കുപാട്ടുപാടാന്‍ ഞാനില്ലാതെ വാശിപിടിച്ച് അമ്മയോട് തല്ലുപിടിച്ച് ,മാസങ്ങള്‍ക്കുശേഷം കൈനിറയെ കളിപ്പാട്ടവുമായി വിമാനത്തില്‍ വരുന്ന അച്ഛനെയോര്‍ത്ത് വിഷു ആഘോഷങ്ങളും,വിഷുകൈനീട്ടങ്ങളും,വിഷുക്കണിയും എല്ലാം ഓര്‍ത്ത് ഉറക്കം പിടിച്ചിട്ടുണ്ടാകും. അവനെയുറക്കാറുള്ള മറ്റൊരുപാട്ടിന്റെ ചില വരികള്‍ കൂടി ഓര്‍ത്തുകൊണ്ട് അവസാനിപ്പിക്കുന്നു.

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായി ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തു ശാരദനിലാവേ ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ...

No comments: