Monday, April 6, 2009

എന്റെ ഗ്രാമം - എന്തിഷ്ടമാണെനിക്കെന്നോ ?

ആലുവക്കും പറവൂരിനും ഇടയിലുള്ള സ്ഥിതി ചെയ്യുന്ന നീറിക്കോട് എന്ന ഗ്രാമം. എന്റെ ഗ്രാമം,എനിക്കേറെ പ്രിയപ്പെട്ട എന്റെ നാട്. അതെല്ലാവര്‍ക്കും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ മറ്റാരേക്കാളും എനിക്ക് എന്റെ നാട് പ്രിയപ്പെട്ടതാണ്. തട്ടാംപടി എന്ന സ്റ്റോപ്പില്‍ ബസ്സിറങ്ങി തെക്കു വശത്തുള്ള ചെറിയ ഇടവഴിയിലൂടെ നടന്നു തുടങ്ങിയാല്‍,പിന്നങ്ങോട്ട് കണ്‍കുളിര്‍ക്കുന്ന കാഴ്ചകളും മനസ്സു നിറയെ സന്തോഷവും ആണ് എനിക്ക്. ഞാന്‍ എത്ര ദൂരയാത്ര കഴിഞ്ഞാണ് വരുന്നതെങ്കിലും എന്റെ യാത്രാക്ഷീണമെല്ലാം ദൂരെ പോകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്.
കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരം. ആരോ ഉണക്കാനിട്ട പച്ചപുതപ്പുപോലെ ,വെയിലില്‍ തിളങ്ങുന്നു. ഇനിയങ്ങോട്ട് ഏകദേശം അരകിലോമീറ്ററോളം ഈ പാടം തന്നെയാണ്. പാടത്തിനരികിലുള്ള ഓല മേഞ്ഞ ചില പുരകളുംഒന്നിടവിട്ട് പുതിയ രീതിയിലുള്ള,നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ക്കപുരകളും കാണാം. നെല്‍ക്കതിരിനിടയില്‍ ചില വെണ്‍ കൊറ്റികള്‍,അവയെ ഓടിച്ചു കളയാനെത്തുന്ന ചില കുട്ടികളും,കല്ലെറിഞ്ഞ പിടിക്കാന്‍ ശ്രമിക്കുന്ന ചില വിരുതന്‍മാരും. ഇവരെയെല്ലാം പറ്റിച്ച് വീണ്ടും കതിരു കൊത്താനിരിക്കുന്ന കൊക്കുകളും. ഈ കാഴ്ചയില്‍ നിന്നും കണ്ണെടുക്കാന്‍ എനിക്കു കഴിയാറില്ല. ആരോ വരച്ച ഒരൊന്നാന്തരം ലാന്‍ഡ്സ്കേപ് പിക്ചര്‍ പോലെയാണ് ഈ കാഴ്ച. ഈ പാടത്തിനൊരരുകിലൂടെയായി മറ്റൊരു പഞ്ചായത്ത് റോഡ് കൂടെ കടന്നു പോകുന്നുണ്ട്. പാടത്തിനരുകായി ഒരതിര്‍ത്തിപോലെ സഞ്ചരിച്ചശേഷം,ഒന്നു വളഞ്ഞുചുറ്റി ഒരു ഭീമന്‍ ഉരഗത്തെപ്പോലെ ആ റോഡ് പോകുന്നു. കുറച്ചു ദൂരം കഴിഞ്ഞാല്‍ ആ വഴി കണ്ണില്‍ നിന്നും മറയുന്നു. ഇപ്പോള്‍ നമ്മുടെ ഇടതുവശത്തായി പാടശേഖരം അവസാനിക്കുന്നു.

കുറെ ദൂരം കൂടി കഴിഞ്ഞാല്‍ ആരും മോഹിക്കുന്ന താന്തോണി പുഴ നമുക്കു കൂട്ടായി എത്തുന്നു. എന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നീറിക്കോട്,കരുമാല്ലുര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ഈ പുഴയെ കുറുകെ കടക്കുവാനായി ഉണ്ടായിരുന്നത് ഒരു മരപ്പാലമായിരുന്നു ഞാന്‍ എപ്പോഴും ഭയാശങ്കകളോടെയാണ് ആ പാലം കടന്നുകൊണ്ടിരുന്നത്. വെറുതെ പേടിക്കാനായി മാത്രം ഒരു പേടി. പുഴയോട് സല്ലപിച്ച ഇത്തിരി നേരം നടന്നുകഴിഞ്ഞാല്‍ എത്തിച്ചേരുന്നത് കൈപ്പെട്ടി ഭഗവതി ക്ഷേത്രം മുറ്റത്തേക്കാണ്. പുഴ,അമ്പലം,പാടങ്ങള്‍ .... നിങ്ങള്‍ എങ്ങിനെ പ്രണയിക്കാതിരിക്കും. വായിച്ച പുസ്തകങ്ങളിലും,കണ്ട സിനിമകളിലും പ്രേമം ആരംഭിക്കുന്നതു തന്നെ ഇത്തരം രംഗങ്ങളില്‍ നിന്നാണല്ലോ. എന്റെ ഗ്രാമം എന്ന മനോഹരമായ സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച് ഈ സുന്ദരമായ ഭൂമിയില്‍ വെച്ചാണ്. കൈപ്പെട്ടി ക്ഷേത്ര പരിസരത്തു നിന്നും വീണ്ടും നമ്മള്‍ നേരത്തെ കൈവിട്ടുപോയ പച്ചപ്പ് നമ്മളെ തേടിയെത്തുന്നു. ക്ഷേത്രപരിസരത്തിനും ശാന്തിയും ഒരു സമാധാന അന്തരീക്ഷവും നല്കാനായി ആ നെല്‍ക്കതിരുകള്‍ അനങ്ങാതെ നിന്നു,അമ്പലത്തില്‍ നിന്നും ഒഴുകി വരുന്ന അഗ്രേപശ്യാമി കേട്ടു നില്‍ക്കുന്നു. വൈകീട്ടുള്ള ദീപാരാധനക്ക് ഒരു പുഷ്പാഞ്ജലി നേരുകയാണോ എന്നു തോന്നു നെല്‍ക്കതിരുകളുടെ ആ നില്‍പു കണ്ടാന്‍. സത്യന്‍ അന്തിക്കാടിന്റെയോ,പത്മരാജന്റെയോ സിനിമകളിലെ പതിവായി കാമുകനെ കാണാന്‍ അമ്പലം ചുറ്റുന്ന സെറ്റുടുത്ത സുന്ദരിയെപോലെ. ഇവിടെ എവിടെയോ എന്റെ യൌവനത്തില്‍ ഞാന്‍ പ്രണയിക്കണം എന്നു തീരുമാനിച്ചുറച്ച ഒരു സുന്ദരി ഉണ്ടായിരുന്നിരിക്കണം. അവള്‍ ഒരു മനോഹരമായ ഞാന്‍ കാണാത്ത ഒരു ചിത്രം പോലെയോ.... ഞാന്‍ കേള്‍ക്കാത്ത ഒരു ഗാനം പോലെയോ.... ഒരു സുന്ദരിയായിരുന്നു. എന്റെ സ്വപ്നങ്ങളില്‍ അവള്‍ ഒരു സുന്ദരിയായിരുന്നു. പക്ഷെ എന്റെ ജീവിതത്തിലെവിടെയും വെച്ച് ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. പറഞ്ഞു വന്ന വിഷയത്തില്‍ നിന്നു കുറച്ചു വ്യതിചലിച്ചുപോയി,പക്ഷെ സന്ദര്‍ഭം പറഞ്ഞപ്പോള്‍ പറഞ്ഞുവെന്നേയുള്ളു.

4 comments:

മഴക്കിളി said...

ഒരു മഴയുടെ സുഖം സമ്മാനിച്ച വായന....
സ്നേഹത്തോടെ...

Thaikaden said...

Nannaayirikkunnu.

നിരക്ഷരൻ said...

ഞാനൊരു വൈപ്പിന്‍ കരക്കാരനാണ് മാഷേ ?
:) നമ്മള്‍ അയല്‍‌വാസികളായിട്ട് വരും.

സമാധാനം said...

കൊള്ളാമല്ലോ. വൈപ്പിനിലെവിടെ. മുനമ്പം,ചെറായി,കുഴുപ്പിള്ളി,ഏടവനക്കാട്,നായരമ്പലം,
ഞാറക്കല് ഇത്രയും സ്ഥലങ്ങളിലെനിക്ക് പരിചയമുണ്ട്.