വിട പറയുകയാണ് ,ഇന്ന്...
സമയമായി, കടുത്ത ചൂടും , കടുത്ത തണുപ്പും മാത്രം കണ്ട ഈ മരുഭൂമിയില്‍ നിന്നും,
കിളികളും, കടത്തുവള്ളങ്ങളും , തുമ്പിയും , ഓണപ്പാട്ടുകളും ഉള്ള
എന്റെ സ്വന്തം മലയാളനാട്ടിലേക്ക് .
ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഇവിടെ വന്നുപെട്ടു...
ഈ ചുഴലിയിലും , മലരിയിലും പെട്ട് ചുറ്റിക്കറങ്ങി ...
ജീവിച്ചു എന്നു പറയാനാകാത്ത പതിനഞ്ചു മാസം കടന്നു പോയിക്കഴിഞ്ഞു...
ഈ കാലങ്ങളില്‍ എന്റെ മനസ്സിനെ ബാധിച്ച ശൂന്യത എന്നൊന്ന്
ഒഴിഞ്ഞിരിക്കുന്നു ...
ഒരു നറും നിലാവ് അവിടെ വ്യാപിച്ചിരിക്കുന്നു....
എന്റെ യാത്രയില്‍ എന്നെ വീഴാതെ കാത്ത കുറെ പേരുണ്ട് ...
എന്റെ കൂടെ നടന്നവര്‍, എന്റെ കൈകള്‍ക്ക് താങ്ങായിരുന്നവര്‍...
മനസ്സിനു നഷ്ടപ്പെട്ടു എന്നു തോന്നിയ ബലം തിരിച്ചു തന്നവര്‍..
അവരേയും ഞാന്‍ ഇവിടെ വിട്ടുപോകുകയാണ്...
അടുത്ത സത്രത്തില്‍ ഒരു പക്ഷേ , ഒരിലചോറിനു മുമ്പില്‍ നാം കണ്ടുമുട്ടിയേക്കാം...
മറവിയുടെ മാറാല ബാധിച്ചില്ലെങ്കില്‍ , നമുക്കു തമ്മില്‍ കൈമാറാനായി
പുഞ്ചിരിയുടെ കുറച്ചു പൂക്കള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചേക്കാം....
എന്റെ ആകാശയാനം പറക്കുവാന്‍ തയ്യാറായി എന്ന അറിയിപ്പു വന്നുകഴിഞ്ഞു...
എന്റെ സീറ്റ് ബെല്‍റ്റ് ഞാന്‍ മുറുക്കട്ടെ...
ഇനി ഒരു ദീര്‍ഘമായ ഉറക്കത്തിലേക്ക് ,
നാളുകള്‍ക്കു മുമ്പ് ഞാന്‍ ഉപേക്ഷിച്ചു പോയ ആ പച്ചപ്പും , പാല്‍നുരയുന്ന കടല്‍തീരവും ,
കണികണ്ടുണരുന്നതിനുമുമ്പായി ഇത്തിരി ഞാന്‍ തലചായ്ക്കട്ടെ..
Subscribe to:
Post Comments (Atom)
No comments:
Post a Comment