Tuesday, April 19, 2011

എൻഡോസൾഫാൻ - നമുക്കിതു വേണ്ട !!!!

എന്താണ് എന്‍ഡോസള്‍ഫാന്‍ ??

വളരെയധികം കീടങ്ങള്‍ക്കും , പുഴുക്കള്‍ക്കുമെതിരേ പ്രയോഗിക്കപ്പെടുന്ന ഒരു മാരകമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. സൈക്ലോഡൈന്‍ സബ്ഗ്രൂപ്പില്‍ പെടുന്ന ക്ലോറിനേറ്റഡ് കീടനാശിനി ആണ് എന്‍ഡോസള്‍ഫാന്‍. തേയില , ഫലവര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍ എന്നിവയില്‍ രോഗാണുക്കള്‍ വരാതിരിക്കാനായി ഇവയില്‍ എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുന്നു. മരം ഉണക്കി സംരക്ഷിക്കുവാനുള്ള ഒരു രാസവസ്തു ആയും

ഇത് ഉപയോഗിക്കുന്നു.

വ്യാവസായിക നാമങ്ങള്‍

1. തിയോഡാന്‍ 2. എന്‍ഡോസൈഡ് 3. ബിയോസിറ്റ് 4. സൈക്ലോഡാന്‍ 5. മാലിക്സ് 6. തിമുല്‍ 7. തിഫോര്‍

ഘടന

രണ്ട് ഐസോമറുകളുടെ ഒരു മിശ്രിതമായാണ് എന്‍ഡോസള്‍ഫാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയെ ആല്‍ഫാ , ബീറ്റ മിശ്രിതങ്ങള്‍ എന്നറിയപ്പെടുന്നു. ഇത് ഒറ്റ ഒരു ഉല്‍പന്നമായി തന്നെ ഉപയോഗിക്കപ്പെടുന്നു. വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് വളരെ അപകടകരമായ ഒരു കീടനാശിനിയാണ്.

ശാസ്ത്രീയ വശം

ശാസ്ത്രീയനാമം - 6,7,8,10,10-ഹെക്സാക്ലോറോ-1,5,51,6,9,9-ഹെക്സാഹൈഡ്രോ-6,9,-മെഥനോ-2,3,4-ബെന്‍സാഡൈഓക്സാതൈപിന്‍ 3-ഓക്സൈഡ്.

തന്‍മാത്രാവാക്യം – C9H6C16O4

ദ്രവണാങ്കം – 181 DC.

തന്‍മാത്രാഭാരം – 422.

ലയത്വം – 0.32 MG/1 FOR ALPHA ISOMER - 0.33 MG FOR BETA ISOMER.

ഇത് ഒരു ഓര്‍ഗാനോ ക്ലോറൈഡ് കീടനാശിനി ആണ്. അല്ലെങ്കില്‍ ആ വിഭാഗത്തില്‍ പെടുന്ന ഒരു കീടനാശിനി ആണ്.

പാരിസ്ഥിതികപ്രശ്നങ്ങള്‍

ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാല്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നിരോധനം

യൂറോപ്പ്യന്‍ യൂണിയന്‍,നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍,പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ 63 ലധികം രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയില്‍ ഇതിന്റെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കന്‍ വിപണിയില്‍ നിന്നും ഈ രാസവസ്തുവിനെ പിന്‍‌വലിക്കുകയും ചെയ്തു. 2009 - ല്‍ ന്യൂസിലന്റും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനില്‍ക്കുന്നു. ഇന്ത്യ , ബ്രസീല്‍, എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്. പരിസ്ഥിതിക്ക് വന്‍ ഭീഷണിയായ എന്‍ഡോസള്‍ഫാന്റെ നിര്‍മ്മാണം നിരോധിക്കുന്നത് സ്റ്റോക്ക്‌ഹോം കണ്‍‌വെന്‍ഷന്റെ പരിഗണനയിലാണ്.

ഉപയോഗം

എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. എന്‍ഡോസള്‍ഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ കമ്പനികളാണ്‌. എക്സല്‍ ക്രോപ് കെയര്‍, എച്ച്.ഐ.എല്‍, കൊറമാണ്ടല്‍ ഫെര്‍ട്ടിലൈസേഴ്സ് എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യ നിര്‍മ്മാതാക്കള്‍. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു റോട്ടര്‍ഡാം,സ്റ്റോക്ഹോം കണ്‍‌വെന്‍ഷനുകളില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം ഉള്‍പ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിര്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും, മനുഷ്യരില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടെത്തുവാനായിട്ടില്ലെന്നതുമാണ് ഈ കീടനാശിനിയെ നിരോധിക്കാത്തതിനു കാരണമായി ഇന്ത്യാ ഗവണ്‍മെന്‍റ് ചൂണ്ടിക്കാട്ടുന്നത്

കേരളത്തില്‍

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍‌പ്പെട്ട ചിലപ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളില്‍ വ്യാപകാമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു വന്നിരുന്നു. 2001 ല്‍ ആ പ്രദേശത്തെ ശിശുക്കളില്‍ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയര്‍ന്നു. ആദ്യഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മര്‍ദ്ദത്തെ തുടന്ന് ഇത് പിന്‍‌വലിക്കുകയുണ്ടായി. ഭോപ്പാല്‍ വാതക ദുരന്തത്തിനു സാമ്യതപുലര്‍ത്തുന്ന ഒന്നായി കേരളത്തിലെ എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു.2006 ല്‍ എന്‍ഡോസള്‍ഫാന്റെു ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് 50,000 രൂപവീതം സര്‍ക്കാര്‍ വിതരണം ചെയ്യുകയുണ്ടായി. എന്‍ഡോസള്‍ഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നല്‍കുന്നതിനും സര്‍ക്കാര്‍ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്‍ഡൊസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് ഉറപ്പു നല്‍കി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുകയുണ്ടായി കാസര്‍കോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവരുടെ സംരക്ഷണം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം 2010 നവംബര്‍ 19 ന് നിരോധിക്കുകയുണ്ടായി . നിരോധനം ലംഘിക്കുന്നതു പരമാവധി ആറുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വിജ്ഞാപനത്തിലുണ്ട്.





പരിഹാരം

എന്‍ഡോസള്‍ഫാന്‍ നിര്‍മാണം , വിതരണം , ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക.

എന്‍ഡോസള്‍ഫാന്‍ നിരോധനവുമായിട്ടുള്ള എല്ലാ മുന്നേറ്റങ്ങളിലും പങ്കാളിയാകുക

എന്‍ഡോസള്‍ഫാന്‍ നമുക്കിതു വേണ്ട.

എന്റെ മക്കളെപോലെ തന്നെ അവരും ചിരിക്കട്ടെ ,

അവരും ഓടിചാടി രസിക്കട്ടെ ,

മനുഷ്യരായി വളരട്ടെ

No comments: