നാട്ടിലെ അന്തരീക്ഷത്തില്‍ ഇഴുകിചേര്‍ന്ന്,പുഴയിലെ നീരൊഴുക്കിനോട് കഥ പറഞ്ഞും,കാറ്റിനോട് കുശലം പറഞ്ഞും വേലിവക്കിലെ പൂത്തചെടിയോട് കിന്നരിച്ചും,ഇളം വെയിലില്‍ സൊറ പറഞ്ഞും,പോക്കുവെയിലിനോട് വിട പറഞ്ഞും,രാത്രിയില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കിയും കഴിയാനാണ് ഓരോരുത്തരും തന്റെ ജീവിതത്തില്‍ കൊതിക്കുന്നത്.
പക്ഷെ വിധി അവനോട് അത്തരം വികാരവിചാരങ്ങളെ മാറ്റിവെച്ചിട്ട് പ്രായോഗിക ജീവിതത്തിന്റെ കറുത്ത മുഖം നോക്കാനായി ആവശ്യപ്പെടുന്നു. ആ ഒരു ക്രൂരമായ ആവശ്യത്തിനുമുമ്പില്‍ ഒരു സാധാരണ മനുഷ്യന്‍ പ്രവാസിയായി പോകുന്നു. ജീവിതത്തിലെ ചില ചെറിയ അല്ലെങ്കില്‍ വലിയ ആവശ്യങ്ങളാണ് ഒരു ശരാശരി പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നത്. ഒരു ചെറിയ വീടു വെയ്ക്കണം സഹോദരിയെ കല്ല്യാണം കഴിച്ചയക്കണം,താഴെയുള്ള അനിയന്‍മാരുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ നല്‍കണം.
നേരത്തേ കൈവന്ന കടത്തില്‍ നിന്നും നില്ക്കുന്ന വീടും പറമ്പും ബാങ്കില്‍ നിന്നും തിരിച്ചെടുക്കണം. പെണ്‍മക്കളുടെ വിവാഹം. എന്നാല്‍ ഒരു പ്രവാസിയെ ജീവിതകാലം പ്രവാസിയായി മാറ്റുന്നത്,അവന്‍ അവിടെ കൈവരുന്നു എന്നു പറയപ്പെടുന്ന സുഖസൌകര്യങ്ങളാണ്. ചില്ലറ പ്രശ്നങ്ങള്‍ തീര്‍ക്കാനായി നാടുവിടുന്ന ഒരുത്തന്‍ വലിയ പ്രശ്നങ്ങളുമായി ഒരു നിലയില്ലാക്കയത്തിലേക്ക് എത്തിപ്പെടുന്നു. അവന്റെ ജീവിതരീതി തന്നെ മാറ്റിമറിക്കപ്പെടുന്നു. നാട്ടിലെ വരുമാനവും,പ്രവാസി വരുമാനവും തമ്മില്‍ ഒരു താരതമ്യം തന്നെ ചെയ്യാന്‍ കഴിയാതെ വരുന്നു. നാട്ടിലേക്ക് തിരിച്ചു വരണം എന്നു കരുതി അറബ് നാട് വിടുന്ന ഓരോ പ്രവാസിയും ലീവിനു ശേഷം ആ മണലാരണ്യത്തിലേക്ക്
തിരിച്ചുപോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. എല്ലാവരുടേയും മറുപടി ഒന്നു തന്നെയായിരിക്കും നാട്ടില്‍ എങ്ങിനെ ജീവിക്കും ?. ജീവിതചെലവുകള്‍ വര്‍ദ്ധിക്കുകയല്ലേ ?,കുട്ടികളെ നല്ല സ്കൂളില്‍ പറഞ്ഞയക്കേണ്ടേ ? നാളേക്ക് എന്തെങ്കിലും കരുതിവെയ്ക്കണ്ടേ ? ഒരൊറ്റ ചോദ്യത്തിനായി ധാരാളം ചോദ്യചിഹ്നങ്ങളടങ്ങുന്ന മറുപടികള്‍. അവന്റെ ജീവിതം മണലാരണ്യത്തിലെ ചൂടിലും,വിഷമങ്ങളിലും മുങ്ങിതാഴുന്നു. അയാള്‍ തന്റെതായ എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ തുടങ്ങുന്നു.
1 comment:
വായിച്ചു പോയ വാക്കുകളില്‍-
ഓരോ നിമിഷവും കടക്കാരനായി.
വരണ്ടുപോയ തൊണ്ടയില്‍ നനവ് പറ്റാതെ
സൂക്ഷിച്ചതോക്കെയും പരിദേവനത്തിന്റെ
നെടുനീളന്‍ പട്ടികയില്‍ അലിഞ്ഞുചേര്‍ന്നു...
നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്ക് വായിച്ചെടുക്കാന്‍
കഴിയാത്ത അക്ഷരങ്ങള്‍ പോലെ
സ്വപ്‌നങ്ങള്‍ കലങ്ങിയിരുന്നു,
ഓര്‍മ്മ പോലെ കുതിര്‍ന്ന
വാക്കുകള്‍ ഉള്ളിലഗ്നിയായി
ഒരു തിരിച്ചു പോക്ക്...
Post a Comment