Thursday, July 5, 2012

സൂര്യകാന്തിപ്പൂക്കൾ സമൂഹത്തോട് പറയുന്നത്.


ചെറുകഥ രണ്ടാം ആവർത്തി വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത് ഇവിടെ കുറിച്ചിടാൻ നിർവാഹമില്ലാതായിരിക്കുന്നു. നിത്യ ജീവിതത്തിൽ ഒരു പാടു ബ്ലോഗ്ഗർമാർ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. നിശബ്ദമായി,പലതിനും നമ്മെ തിരിഞ്ഞു നിന്നു ചിന്തിപ്പിക്കാനായി കഴിയാത്ത ചെറു തരി പോലും ഇല്ലാത്തവ. ഇവിടെ സൂര്യകാന്തി പറഞ്ഞ കഥ, കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ വരും തലമുറക്കുവേണ്ടി എന്തൊക്കെയോ കാത്തുവെക്കുന്നുണ്ട് എന്ന് വേണം കരുതാൻ.

തിരുച്ചിറപ്പള്ളിക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെടുന്ന സുന്ദരിയായ ഒരു പെൺകുട്ടിയോടുള്ള  കൗതുകം എന്നതിലുപരി കഥാകൃത്തിനു മറ്റൊന്നും ഈ പെൺകുട്ടിയോടു തോന്നുന്നില്ലായിരുന്നു അവൾ അവനെ മറ്റൊരു രീതിയിൽ പരിചയപ്പെടുന്നതുവരെ. കാലങ്ങളിതുവരെ വന്ന കഥകളിലും, നോവലുകളിലും സ്ത്രീ ശരീരത്തെ ഉപഭോഗവസ്തു എന്ന രീതിയിൽ പരാമർശിക്കാത്ത യാതൊരു ആൺ കഥാപാത്രവും പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല. അത് കഥാകൃത്ത് നായകനായി വരുന്ന കഥയിലായാലും അല്ലെങ്കിലും.  തന്റെ മനസ്സിനെ ശരിക്കു പഠിക്കാതെ, ഒരു സ്ത്രീയുടെ മനസ്സിനെ ഒരാൾക്ക് മനസ്സിലാക്കാനാവില്ല എന്ന് എ ഫിഫ്ത്ത് പോർഷൻ ഓഫ് ചിക്കൻ സൂപ്പ് ഫോർ ദ സോൾ എന്ന സമാഹാരത്തിൽ മൈക്ക് ഡോബർട്ടിൻ പറഞ്ഞുവെക്കുന്നുണ്ട്. ഇവിടെ പ്രായോഗികമായി വന്നുചേരുകയാണ്, ശരീരത്തിന്റെ സുഖത്തിനു വേണ്ടിയല്ല അവൾ മാംസം വിൽക്കുന്നത് എന്ന തിരിച്ചറിവ് നായകനുണ്ടാവുകയാണ്. ഇത്തരം നായകസങ്കൽപങ്ങളിൽ നിന്നുമാണ് ഈ സമൂഹം പഠിക്കേണ്ടത്.

ആയിരം രൂപക്ക് ഞാൻ പറ്റാവുന്നിടത്തോളം സന്തോഷം നല്കാം എന്ന അവളുടെ വാഗ്ദാനത്തിനു മുമ്പിൽ ഒരു നിമിഷം പതറുന്ന നായകൻ, 750 മതിയോ എന്നു ചോദിക്കുന്നിടത്ത് ശിഥിലമാകേണ്ടതായിരുന്നു ഈ ചെറുകഥ. എന്നാൽ അവിടെ നിന്നും ആധുനിക, ഉത്തരാധുനിക സാഹിത്യത്തിൽ കാണാനാവാത്ത ഒരു പരിചയെടുത്തണിയുകയാണ് നായകൻ. അതുകൊണ്ടാണ്, സഹജീവിയുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന ഇന്നത്തെ സമൂഹത്തിലെ ഒരു ജീവി എന്ന രീതിയിൽ ഈ നായകനെ എനിക്ക് ഇഷ്ടമായിത്തീരുന്നത്. അതേ സമയം അവളുടെ ഇടപാടുകാരൻ ആയി അയാൾ മാറുകയും ചെയ്താൽ കഥാകൃത്ത് ഒരു പക്ഷേ ഉത്തരാധുനികൻ ആയി തീർന്നേനെ, പക്ഷേ വായനക്കാരുടെ മനസ്സിൽ അയാൾക്ക് സ്ഥാനം ഉണ്ടാവില്ലായിരുന്നു. 

നീലിമ എന്ന പെൺകുട്ടിയുടെ കാഴ്ചപാട് സ്വീകരിക്കാൻ എനിക്കു താല്പര്യമില്ല. കാരണം, ചുട്ടുപൊള്ളുന്ന ജീവിതം തന്നെയാണെങ്കിലും പകൽവെളിച്ചത്തിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി എന്നു പറഞ്ഞു ഈ പണിക്കിറങ്ങുന്ന ധാരാളം സ്ത്രീകൾ ഉണ്ട് എന്നതു തന്നെ കാരണം. ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ നളിനി ജമീല ഇതിലും കരളലിയിക്കുന്ന കഥകൾ പറഞ്ഞുവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ കഥയിൽ നായകൻ മാത്രം അവശേഷിക്കുന്നത്.

പിന്നെ ഏതൊരു കഥ പറഞ്ഞാലും, ഇന്നത്തെ സമൂഹത്തിന്റെ ഒരു നേർപാതി അതിൽ ഉൾക്കൊള്ളിക്കാതെ കഥ പൂർണ്ണമാകുകയില്ല. മനപൂർവ്വമല്ലെങ്കിൽ പോലും, ഗിരി എന്ന കഥാപാത്രം ഈ കഥയിൽ അങ്ങിനെ വന്നു കൂടിയിരിക്കുന്നു. ശവം എന്നാണ് ഗിരി, കഥാകൃത്തിൽ നിന്നും മനസ്സിലാക്കിയ അറിവു വെച്ചു അവളെ വിശേഷിപ്പിക്കുന്നത്. ശവം എന്നു വിളിക്കുമ്പോഴും, അവളെ ഒന്നു കണ്ടാൽ കൊള്ളാം എന്നുണ്ട് ഇയാൾക്ക്. ഇതു തന്നെയാണ് ഞാൻ പറഞ്ഞത് സമൂഹത്തിന്റെ നേർക്കാഴ്ച ഇവിടെ പൊട്ടും പൊടിയും പോലെയാണെങ്കിലും വന്നു ചേർന്നു എന്ന്. 

ആയിരം രൂപ അവളുടെ ബാഗിൽ വെച്ചു നടന്നു നീങ്ങുന്ന നായകൻ, അല്ലെങ്കിൽ കഥാകൃത്ത് സമൂഹത്തോട് ഒരു വെല്ലുവിളി ഉയർത്തിയാണ് തിരിഞ്ഞു നടക്കുന്നത്. ഞാൻ എടുത്തണിഞ്ഞ കവചം അണിയാൻ നിങ്ങൾക്കു സാധിക്കുമോ. ഒരു പക്ഷേ ഇല്ലായിരിക്കും, പക്ഷേ സുഹൃത്തേ ! താങ്കൾ പിറകേ വരുന്ന കുറേ ആളുകൾക്കുള്ള വഴികാട്ടിയായി തീർന്നിരിക്കുന്നു. താങ്കളുടെ വഴിയേ നടക്കാനും ആളുകൾ വരും, അതു തന്നെയാണ് ഈ കഥകൊണ്ട് താങ്കൾ സാധിച്ചിരിക്കുന്ന മഹത്തായ കാര്യം.

ആശംസകൾ.

We say that slavery has vanished from European civilization, but this is not true. Slavery still exists, but now it applies only to women and its name is prostitution.
VICTOR HUGO, Les Misérables