Saturday, February 9, 2019

തേങ്ങലുകൾക്കു മുകളിൽ നിന്നും


അതിദാരുണമായ ഈ യുദ്ധം ഒരിക്കൽ അവസാനിക്കും. നമ്മളോരോരുത്തരും, ജൂതന്മാർ എന്നല്ലാതെ സാധാരണ മനുഷ്യർ മാത്രമായി അറിയപ്പെടും.     ആൻ ഫ്രാങ്ക്

ഹാംബർഗിൽ നിന്നും മൂൺസ്റ്റർ എന്ന സ്ഥലത്തേക്കുള്ള യാത്രക്കിടയിലൊരിടത്താണു രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായിരുന്ന ബെർഗൻ-ബെൽസൺ കോൺസൻട്രേഷൻ കാംപ്. സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ആൻഡ്രേ ആണു ആ സ്ഥലത്തെക്കുറിച്ചു പറഞ്ഞതു. യാത്രക്കിടയിൽ അതൊഴിവാക്കാനാവില്ലെന്നു അപ്പോ തന്നെ നിശ്ചയിച്ചിരുന്നു. ബെർലിനിൽ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചിരുന്നുവെങ്കിലും, കോൺസൻട്രേഷൻ ക്യാംപ് മെമ്മോറിയൽ ഒന്നും ബെർലിനിൽ ഉണ്ടായിരുന്നില്ല. 
നവംബർ 18 ആം തീയതി ഞായറാഴ്ച ബെർലിൻ സമയം ഒന്നരയോടുകൂടിയാണു ഞങ്ങൾ ബെർഗൻ-ബെൽസൺ കാംപിലെത്തിയത്. അവിടെ ആകെയുള്ളതു അഞ്ചിൽ താഴെ കാറുകളും, ഒരു പട്ടാള വണ്ടിയുമാണ്. 

യുദ്ധതടവുകാരെ താമസിപ്പിക്കുന്നതിനായി നാസി ഭരണകൂടം 1943 ൽ സ്ഥാപിച്ചതാണു, ബെർഗൻ-ബെൽസൺ ക്യാംപ്. വിദേശങ്ങളിൽ യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജർമ്മൻ പട്ടാളക്കാരെ വിട്ടുകിട്ടുന്നതിനുവേണ്ടി ജൂതന്മാരെ കൈമാറ്റം ചെയ്യാനായി തടവിൽ പാർപ്പിച്ചിരുന്ന ഒരു ക്യാംപായിരുന്നു ഇത്. 1941 നും 1945 നും ഇടക്ക് ഏതാണ്ട് 5000 ത്തോളം ആളുകൾ ഇവിടെ കൊല്ലപ്പെട്ടു () . 

ബെർഗൻ ബെൽസൺ ക്യാംപിലെ മരണസംഖ്യ
ഡിസംബർ 1944 മുതൽ ഏപ്രിൽ 15, 1945
ഡിസംബർ 1944കുറഞ്ഞത് 360
ജനുവരി 19451,200 ഓളം
ഫെബ്രുവരി 19456,400 ഓളം
മാർച്ച് 1945കുറഞ്ഞത്18,168
ഏപ്രിൽ 1945ഏതാണ്ട് 10,000
ക്യാംപിന്റെ പ്രധാന വാതിലിലൂടെ അകത്തേക്കു കയറി. വളരെ വിശാലമായ ഒരു സ്ഥലം. വളരെ കുറച്ച് സന്ദർശകൾ മാത്രം. ടാറിട്ട പാതയിലൂടെ നടന്നു തുടങ്ങി.

തണുത്ത കാറ്റ്, കൂട്ടക്കരച്ചിലുകൾ കേൾക്കുന്നുണ്ടോ ? 
മുലപ്പാൽ ചുരത്താൻ കഴിയാത്ത അമ്മമാരുടെ നിസ്സഹായത തേടിവരുന്നുണ്ടോ ? 
അരുമമക്കളുടെ മരണം നേരിട്ടു കണ്ടിട്ടും, ഒന്നിഴഞ്ഞു പോലും അവരുടെ അടുത്തെത്താൻ കഴിയാത്ത അവസ്ഥ, എന്റെ കണ്ണിലൂടെ ഒന്നോടി മറ‍ഞ്ഞു. 

ഓരോയിടത്തും മരണസംഖ്യ എഴുതിവെച്ചിരിക്കുന്നു. വിരലിലെണ്ണാവുന്ന  ശവക്കല്ലറകൾ മാത്രം, അതിനടുത്ത് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.

ഈ ശവക്കല്ലറകൾ ഇവിടെ മരിച്ച മനുഷ്യജീവനുകളുടെ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നില്ല. പിന്നീട് ഓർമ്മിക്കപ്പെടാൻ യോഗമുള്ളവരുടെ പേരുമാത്രമാണ് ഇത്. ഒരു രേഖകളിലും പിന്നീട് ഇടം പിടിക്കാത്ത പതിനായിരക്കണക്കിനാളുകൾ ഇവിടെ അതിക്രൂരമായ പീഢനത്തിനിരയാക്കി ഇവിടെ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.

നടത്തം തുടർന്നു, പെട്ടെന്നാണ് കുറച്ചകലെ, ധാരാളം പൂക്കളും, മറ്റെന്തെക്കെയോ വസ്തുക്കൾ കൊണ്ട് അലങ്കരിച്ച ഒരു ശവക്കല്ലറ ശ്രദ്ധയിൽപെട്ടത്, അവിടം ലക്ഷ്യമാക്കി നടന്നു. 

ലോകമഹായുദ്ധത്തിന്റെ ക്രൂരതകളെ എഴുത്തുകളിലൂടെ പുറം ലോകത്തെ അറിയിച്ച, വെറും പതിനാറു വയസ്സുള്ളപ്പോൾ അന്തരിച്ച ആൻ ഫ്രാങ്കിന്റേയും, സഹോദരി മാർഗോട്ട് ഫ്രാങ്കിന്റേയും കല്ലറ ആയിരുന്നു അത്. അവിടെ മുട്ടുകുത്തി, ഒരു നിമിഷം പ്രാർത്ഥിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പലതവണ വായിച്ചിട്ടുള്ളതാണു. പക്ഷേ വർഷങ്ങൾക്കു മുമ്പു ആ പുസ്തകം വായിക്കുമ്പോഴും, ആൻഫ്രാങ്കിന്റെ ശവക്കല്ലറ എപ്പോഴെങ്കിലും ഞാൻ സന്ദർശിക്കുമെന്നു കരുതിയതേയില്ല. 

1944 ഓഗസ്റ്റ് നാലാം തീയതി ആണു, ആൻ ഫ്രാങ്കിനേയും കുടുംബത്തേയും നാസി  പട്ടാളം അറസ്റ്റു ചെയ്യുന്നത്. 1944 സെപ്തംബർ മൂന്നാം തീയതി ആൻ ഫ്രാങ്കിനേയും കുടുംബത്തേയും ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാംപിലേക്കു മാറ്റി. ഒക്ടോബർ 28 ആം തീയതി, എണ്ണായിരത്തോളും വരുന്ന സ്ത്രീകളെ ബെർഗൻ ബെൽസൺ ക്യാംപിലേക്കു മാറ്റി. ഇതിൽ ആൻ ഫ്രാങ്കും സഹോദരി മാർഗോട്ടും ഉണ്ടായിരുന്നു.  അവരുടെ അമ്മ എഡിത്ത് ഫ്രാങ്ക്, ഓഷ്വിറ്റ്സിൽ ഉപേക്ഷിക്കപ്പെട്ടു, അവർ പിന്നീട് പട്ടിണി മൂലം മരണമടഞ്ഞു. കടുത്ത ദുരിതങ്ങളാണവരെ ബെർഗൻ ബെൽസൺ ക്യാംപിൽ കാത്തിരുന്നത്. 1945 ന്റെ തുടക്കത്തിൽ ക്യാംപി. ടൈഫോയിഡ് പടർന്നു പിടിച്ചു. പതിനേഴായിരത്തോളം ആളുകൾ അവിടെ മരണമടഞ്ഞു. 

ഈ സഹോദരികൾ ക്യാംപിൽ വച്ചു വേർപെട്ടു പോയിരുന്നു. കടുത്ത പട്ടിണിയും അസുഖവും മൂലം ഇരുവർക്കും അതികകാലം ജീവിക്കാൻ കഴിഞ്ഞില്ല. ഏറെ വൈകാതെ ഇരുവരും മരണമടഞ്ഞു. ഇവർ മരിച്ച കൃത്യമായ തീയതികൾ ആർക്കുമറിയില്ല. എന്നിരിക്കിലും,  1945 ഏപ്രിൽ പതിനഞ്ചിനു, ബ്രിട്ടീഷ് സേന ക്യാംപ് മോചിപ്പിക്കുന്നതിനു ഏറെ അടുത്താരുന്നിരിക്കണം ഇരുവരും മരിച്ചത് എന്നു കരുതപ്പെടുന്നു. 

പിതാവ് ഓട്ടോഫ്രാങ്ക് ഓഷ്വിറ്റ്സ് ക്യാംപിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടു, ഭാര്യയുടെ മരണം അയാൾ അറിഞ്ഞുവെങ്കിലും, തന്റെ മക്കൾ ജീവനോടെ ഉണ്ടായിരിക്കുമെന്നു വിശ്വസിച്ചിരുന്നു. പക്ഷേ അവരെ കണ്ടെത്താൻ ഓട്ടോ ഫ്രാങ്കിനായില്ല. 

ക്യാംപിൽ മരണമടഞ്ഞവരെ കുഴിച്ചുമൂടുന്നു. ബെർഗൻ ബെൽസൺ മ്യൂസിയത്തിൽ നിന്നുമുള്ള ചിത്രം.

പ്രതീക്ഷിച്ചതിലും ഏറെ നേരം ക്യാപിൽ ചിലവഴിക്കേണ്ടി വന്നു. തിരികെയുള്ള യാത്രയിൽ മനസ്സു മുഴുവനും, മൂന്നാംലോകമഹായുദ്ധത്തിൽ നടന്ന വംശഹത്യയെക്കുറിച്ചാരുന്നു ചിന്തകൾ. 

നമ്മളെന്തറിഞ്ഞു.  ഒറ്റ രാത്രിയിൽ വേർപിരിക്കപ്പെട്ട കടുംബാംഗങ്ങൾ,
പിന്നീടവരൊക്കെ എവിടെയന്നറിയാതെ ദുരിതം നിറഞ്ഞ രാത്രികൾ,
ഗസ്റ്റപ്പോയുടെ വരവിനായി ചെവിയോർത്തു ഉറങ്ങാതെ, ശൗചാലയത്തിൽ പോലും തള്ളി നീക്കിയ രാത്രികൾ,
നമ്മൾ ഉറങ്ങിയപ്പോഴും, ലോകത്തിന്റെ മറ്റൊരു കോണിൽ ഉറങ്ങാൻ കഴിയാത്തവരുണ്ടായിരുന്നു.